
പനങ്ങാട് ∙ എടിഎം യന്ത്രം തകർത്തു പണം അപഹരിക്കാൻ കണ്ടെയ്നർ ലോറിയിലെത്തിയ മൂന്നംഗ ഉത്തരേന്ത്യൻ കവർച്ചസംഘം കൊച്ചിയിൽ അറസ്റ്റിലായി. ഹരിയാന മേവത് സ്വദേശി നാസിർ അഹമ്മദ് ആമിൻ(32), ഹരിയാന നുഹു സ്വദേശി സുധം ഇയാസ്(35), രാജസ്ഥാൻ കമൻ ഭരത്പുർ സ്വദേശി സൈകുൾ ഹനീഫ്(32) എന്നിവരാണ് പിടിയിലായത്.
കണ്ടെയ്നറിൽ നിന്ന് ഗ്യാസ് കട്ടർ ഉൾപ്പെടെ കണ്ടെടുത്തു.
പൊലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽപാളി ഇളക്കി ചാടിപ്പോയ സൈകുളിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കുഫോസ് ക്യാംപസിനു സമീപത്തെ കെട്ടിടത്തിനു മുകളിൽ ഒളിച്ച പ്രതി പൊലീസിനെ കണ്ട് തോട്ടിലേക്ക് ചാടിയെങ്കിലും സാഹസികമായി പിടികൂടി വീണ്ടും സ്റ്റേഷനിലെത്തിച്ചു.
പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ തമിഴ്നാട് പൊലീസിനു കൈമാറും.
വിവരം ലഭിച്ചത് തമിഴ്നാട്ടിൽ നിന്ന്
തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്ന് കാർ മോഷ്ടിച്ച സംഘം കണ്ടെയ്നറുമായി കൊച്ചിയിലേക്കു കടന്നിട്ടുണ്ടെന്നു തമിഴ്നാട് പൊലീസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ദിവസം നെട്ടൂർ ഷൺമുഖപുരം ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടും പ്രദേശത്ത് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്കു മാറ്റി. ഇതിനിടെയായിരുന്നു സൈകുൾ ചാടിപ്പോയതും പിന്നീട് പിടികൂടിയതും.
ഇതോടെ പൊലീസ് കൂടുതൽ ജാഗ്രതയിലായി. കണ്ടെയ്നർ ലോറി പരിശോധിച്ചു. എസിയും അനുബന്ധ സാധനങ്ങളുമാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്.
ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോഴാണ് ഗ്യാസ് കട്ടർ ഉൾപ്പെടെ കണ്ടെത്തിയത്.
കവർച്ചയ്ക്ക് എത്തിയത് മോഷ്ടിച്ച ലോറിയിൽ
കർണാടകയിൽ നിന്നു മോഷ്ടിച്ച കണ്ടെയ്നർ ലോറിയുമായാണ് മോഷ്ടാക്കൾ എത്തിയത്. സൗകര്യപ്രദമായ എടിഎം യന്ത്രം തകർത്ത് പണവുമായി കടക്കുക എന്നതായിരുന്നു ലക്ഷ്യം.
കൃഷ്ണഗിരിയിൽ പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് കാർ കാവേരിപട്ടണത്ത് സേലം– ബെംഗളൂരു ദേശീയ പാതയിൽ ഉപേക്ഷിച്ചു. ടോൾ പ്ലാസകൾ വഴി നടത്തിയ അന്വേഷണത്തിലാണ് ലോറി കേരളത്തിലേക്കു കടന്ന വിവരം അറിയുന്നതും കേരള പൊലീസിനു വിവരം നൽകുന്നതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]