
അറബിക്കടലിന്റെ റാണിക്കെന്താ ഭംഗി… റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലാത്ത എത്രയധികം കാഴ്ചകൾ. നഗരത്തിന്റെ തിരക്കിൽ നിന്ന് ഒന്നു കണ്ണുവെട്ടിക്കുമ്പോൾ ചുവപ്പു കുപ്പായം ഇട്ടു സൂര്യൻ കായലിലേക്കിറങ്ങുന്നു.
മറൈൻ ഡ്രൈവിൽ സൂര്യാസ്തമയം കാണാനെത്തിയവരുടെയെല്ലാം തലയ്ക്കു മുകളിലൂടെ മനോഹരമായ ചക്രവാളം കാണാം. നഗരത്തിലെ തിരക്കിന് അത്രയേറെ സൗന്ദര്യമുണ്ടെന്നു തോന്നുന്ന യാത്ര.
കെഎസ്ആർടിസി ബജറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ ആരംഭിക്കുന്ന ഓപ്പൺ ഡബിൾ ഡെക്കർ ബസിന്റെ ആദ്യ യാത്രയാണു കൊച്ചിയുടെ വിരിമാറിലൂടെ കടന്നുപോയത്.
ആവേശം ആവോളം
ആവേശകരമായ വരവേൽപ്പായിരുന്നു ആദ്യ യാത്രയ്ക്കു ലഭിച്ചത്. മുന്നോട്ടു നീങ്ങുന്ന വഴികളിലുടനീളം ഫോട്ടോയും വിഡിയോയും എടുക്കാൻ ആളുകൾ തടിച്ചുകൂടി.
മുകളിലെ ഡെക്കിൽ നിന്നു കൈവീശിക്കാണിക്കാൻ യാത്രക്കാർക്കും ഉത്സാഹം. ഏതൊരു ഉല്ലാസ യാത്രയിലും കിട്ടാത്ത യാത്രാനുഭവം തന്നെയാണു ‘നഗരക്കാഴ്ചകൾ’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ സർവീസ്.
ബസിന്റെ ഉത്തരത്തിൽ ഉത്തര
സ്കൂളുകളുടെയും കോളജുകളുടെയും മുന്നിലൂടെ പോകുമ്പോൾ കുട്ടികൾക്ക് ആവേശം.
വണ്ടിയിലും ഉണ്ടായിരുന്നു സ്കൂൾ യൂണിഫോമിൽ ഒരു കൊച്ചു മിടുക്കി. എറണാകുളം ഗവ.
ഗേൾസ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഉത്തര എസ്.നമ്പ്യാർ. അമ്മ സംഗീതയ്ക്കൊപ്പമാണ് ഉത്തര എത്തിയത്.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ വിവിധ യാത്രാ പാക്കേജുകളിൽ യാത്ര ചെയ്തിട്ടുണ്ട് രണ്ടു പേരും. കാന്തല്ലൂർ യാത്രയും, മൂന്നാർ യാത്രയുമൊക്കെ ഒരിക്കലും മനസ്സിൽ നിന്നു മായില്ല.
സ്വന്തം നാട്ടിൽ ഇത്തരം ഒരു യാത്രാനുഭവം ലഭിക്കുമ്പോൾ ആദ്യ യാത്രയിൽ തന്നെ സ്ഥാനം പിടിക്കാനുള്ള ആവേശമാണ് ഇരുവരെയും വണ്ടിയിൽ എത്തിച്ചത്. ഉത്തരയും ഫുൾ ഫോമിലായിരുന്നു.
നഗരത്തിന്റെ ഇതുവരെ കാണാത്ത കാഴ്ചകൾ ആസ്വദിച്ച് അവൾ നിറഞ്ഞു ചിരിച്ചു.
ഓർമ പുതുക്കാൻ ജയ
പതിറ്റാണ്ടുകൾക്കു മുൻപു തിരുവനന്തപുരത്തെ ഡബിൾ ഡെക്കറിൽ കയറി യാത്ര ചെയ്ത ചെറുപ്പകാലത്തിന്റെ ഓർമകൾ പുതുക്കാൻ എത്തിയതാണ് എഴുപത്തിരണ്ടുകാരി ജയ ബി.കമ്മത്ത്. ഒറ്റയ്ക്കാണു വന്നത്.
ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കാണു യാത്രകൾ. രണ്ടാമത്തെ ഡെക്കിന്റെ മുകളിൽ കയറി യാത്ര ചെയ്യണമെന്നായിരുന്നു ആശ.
തിരക്കു മൂലം സാധിച്ചില്ല. മുകളിലെ ഡെക്കിൽ സീറ്റ് ബുക്ക് ചെയ്ത് അടുത്ത ദിവസം വീണ്ടും വരാനാണു ജയയുടെ പ്ലാൻ.
പ്രായം കൂടുന്തോറും ഓർമകൾക്കു ഭംഗി കൂടുമെന്നാണു ജയ പറയുന്നത്. ആടാനും പാടാനും പാട്ടുകളിട്ടു വൻ ‘വൈബിൽ’ തന്നെയാണു വണ്ടി നീങ്ങുന്നത്.
ആദ്യ യാത്ര നഗരത്തിലൂടെയുള്ള ചെറിയൊരു വലംവയ്പ് ആയിരുന്നെങ്കിൽ അടുത്ത യാത്ര മുതൽ അങ്ങനെയല്ല. ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു തോപ്പുംപടി കോപ്റ്റ് അവന്യു വോക് വേ, ഗോശ്രീ പാലം എന്നിവിടങ്ങളിൽ നിന്നു പ്രകൃതിഭംഗിയും കൊച്ചി നഗരത്തിന്റെ രാത്രിക്കാഴ്ചകളും ആസ്വദിക്കാം.
മുകളിലെ ഡെക്കിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തല മാത്രം ഒന്നു ശ്രദ്ധിച്ചാൽ മതി..!
ബുക്കിങ്ങിന്
ഡബിൾ ഡെക്കർ യാത്ര onlineksrtcswift.com എന്ന സൈറ്റ് വഴിയോ നേരിട്ടു സ്റ്റാൻഡിലെത്തിയോ ബുക്ക് ചെയ്യാം. സൈറ്റിൽ സ്റ്റാർട്ടിങ് ഫ്രം ‘കൊച്ചി സിറ്റി റൈഡ്’ ഗോയിങ് ടു ‘കൊച്ചി’ എന്ന് എന്റർ ചെയ്താണു സീറ്റുകൾ ബുക്ക് ചെയ്യേണ്ടത്.
9961042804, 9447223212 എന്ന നമ്പറുകൾ വഴി ഫോണിലൂടെയും സീറ്റുകൾ ഉറപ്പിക്കാം. മുകളിലെ സീറ്റിനു 300 രൂപയും താഴെയുള്ള സീറ്റിനു 150 രൂപയുമാണു നിരക്ക്.
വൈകിട്ട് 5നാണു ട്രിപ്പ് തുടങ്ങുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]