
ഒടുവിൽ ആ നിയമക്കുരുക്കുകൾ അഴിഞ്ഞു. പല ജീവിതങ്ങൾക്കും വഴികാട്ടിയും കൈത്താങ്ങുമായി നിന്ന എറണാകുളം അബലാശരണം സ്കൂളിന്റെ എട്ടു സെന്റ് സ്ഥലത്തിനു പട്ടയമായി.
നന്മയുടെയും സാമൂഹിക സേവനത്തിന്റെയും വഴിയിൽ മാർഗദീപമായി നിന്നതിന്റെ അംഗീകാരം കൂടിയായി അബലാശരണം സ്കൂളിന് ഇത്. കാനൻ ഷെഡ് റോഡിനു സമീപത്തെ അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂളിന്റെ ഭൂമിക്കായി 15 വർഷം നീണ്ട
പോരാട്ടമാണു നടത്തിപ്പുകാരായ എസ്എൻവി സദനം ട്രസ്റ്റ് നടത്തിയത്. സംരക്ഷിക്കാൻ ആരുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങാകുക എന്ന ലക്ഷ്യത്തോടെ 1921ൽ തപസ്വിനി അമ്മ തുടങ്ങിയതാണ് അബലാശരണം.
നാലു മുറികളുള്ള കെട്ടിടത്തിൽ നിന്നു പ്രസ്ഥാനം എസ്എൻവി സദനമായി വളർന്നെങ്കിലും അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂൾ ഇപ്പോഴും ഈ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്.
ബ്രിട്ടിഷുകാരുടെ കാലത്തു വലിയ തോക്കുകൾ സൂക്ഷിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. തപസ്വിനി അമ്മയ്ക്കു കൊച്ചി മഹാരാജാവാണു കെട്ടിടം കൈമാറിയത്.
കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച കുട്ടികളെയും ആരുമില്ലാത്തവരെയും തപസ്വിനി അമ്മ ഇവിടെ കൊണ്ടുവന്നു വളർത്തി.
സ്ത്രീകൾക്കു വരുമാന മാർഗം ഉണ്ടാക്കികൊടുക്കുക എന്ന ലക്ഷ്യത്തിൽ ആദ്യകാലത്തു തയ്യൽ ക്ലാസുകൾക്കായി ആരംഭിച്ചതാണ് അബലാശരണം സ്കൂൾ. 1968 മുതൽ എസ്എൻ സദനം ട്രസ്റ്റിനു കീഴിലായി പ്രവർത്തനം.
സൗജന്യ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനത്തിനു പട്ടയം അനുവദിച്ചു കിട്ടാൻ എസ്എൻവി സദനം ട്രസ്റ്റ് മുട്ടാത്ത വാതിലുകളില്ല.
അവസാനം കുടിശിക ഉൾപ്പെടെ 2.22 കോടി രൂപ അടയ്ക്കേണ്ട അവസ്ഥ.
നിർധനർക്കു കൈത്താങ്ങായ അബലാശരണത്തിനു വേണ്ടി ആ തുക സർക്കാർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഭൂമി പോക്കുവരവു നടത്താൻ അടയ്ക്കേണ്ടി വന്ന 280 രൂപ മാത്രമാണു ട്രസ്റ്റിനു ചെലവഴിക്കേണ്ടി വന്നത്.
ട്രസ്റ്റ് പ്രസിഡന്റ് പ്രഫ എം.കെ. സാനുവിന്റെ ഇടപെടലും സർക്കാർ നടപടികൾ വേഗത്തിലാക്കി.
2010 ഡിസംബറിലാണു പട്ടയത്തിനായി ആദ്യ അപേക്ഷ നൽകുന്നത്.
കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്ന കാലത്തു ഭൂമി 100 രൂപ പാട്ടത്തിനു നൽകാമെന്നു തീരുമാനിച്ചെങ്കിലും ഉത്തരവൊന്നും ഇറങ്ങിയില്ല.
അടുത്ത മന്ത്രിസഭയുടെ കാലത്തു വർഷത്തിൽ 3,87,000 രൂപ പാട്ടമായി നൽകണമെന്ന് ഉത്തരവിറങ്ങി. ഇതു നൽകാൻ ട്രസ്റ്റിനു പ്രാപ്തിയില്ലായിരുന്നു.
2017ൽ ജപ്തി നോട്ടിസ് വന്നു. ഇതിനെതിരെ ട്രസ്റ്റ് കോടതിയിൽ നിന്നു സ്റ്റേ വാങ്ങി.
ഭൂമി പതിച്ചു നൽകണമെന്ന ആവശ്യവുമായി നിരന്തരം സർക്കാർ ഓഫിസുകൾ കയറിയിറങ്ങി.
അടൂർ പ്രകാശ് റവന്യൂമന്ത്രി ആയിരുന്ന കാലത്തു പട്ടയത്തുക നീക്കിത്തരാം എന്നു പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർ നടപടി ഉണ്ടായില്ല. തുടർന്ന് ഇ.
ചന്ദ്രശേഖരൻ മന്ത്രിയായപ്പോൾ ഭൂനിയമ ഭേദഗതി ബിൽ പാസായാൽ മാറ്റിത്തരാം എന്ന ഉറപ്പു നൽകി. 2018ൽ നിയമം പാസാക്കിയെങ്കിലും പലവിധ മാനദണ്ഡങ്ങൾ വന്നതോടെ സർക്കാരിനെ സമീപിച്ചു.
ഇതിനിടയ്ക്ക് ഒരു വില്ലേജ് ഓഫിസർ സ്കൂൾ പ്രവർത്തിക്കുന്നില്ലെന്നും കുട്ടികൾ ഇല്ലെന്നും റിപ്പോർട്ട് ചെയ്തു. ഒടുവിൽ മന്ത്രി കെ.
രാജൻ ഇടപെട്ടാണ് ഇപ്പോൾ കുടിശിക ഒഴിവാക്കി സൗജന്യമായി പട്ടയം അനുവദിച്ചത്.
സർക്കാർ അംഗീകൃത, രണ്ടു വർഷ ഫാഷൻ ഡിസൈനിങ്, ഗാർമെന്റ് ടെക്നോളജി കോഴ്സുകളാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. രണ്ടു കോഴ്സുകളിലുമായി 48 സീറ്റുണ്ട്.
പത്താംക്ലാസ് ആണ് യോഗ്യത. പഠിക്കുന്നവരിൽ കൂടുതലും 16–25 വയസ്സിനിടയിൽ ഉള്ളവരാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു നൂലും തുണികളും മറ്റു സാധനങ്ങളും നൽകി ട്രസ്റ്റ് സഹായിക്കുന്നുണ്ട്.
ഇവിടത്തെ രണ്ട് അധ്യാപകർക്കു ശമ്പളം നൽകുന്നതും ട്രസ്റ്റ് ഫണ്ടിൽ നിന്നാണ്. കെട്ടിടം എപ്പോൾ വേണമെങ്കിലും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
ചരിത്രം പേറുന്ന കെട്ടിടം പുതുക്കി പണിയാനുള്ള ആലോചനയുണ്ടെന്നു ട്രസ്റ്റ് സെക്രട്ടറി എം.ആർ. ഗീത പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]