
ഓട്ടോറിക്ഷകൾക്ക് പുതിയ പെർമിറ്റില്ല, ബസ് സ്റ്റോപ്പുകളിൽ മാറ്റം; അങ്കമാലിയിലെ ‘കുരുക്ക്’ അഴിക്കാൻ നടപടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙അങ്കമാലിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നടപടി. ടി .ബി ജംക്ഷൻ, ക്യാംപ് ഷെഡ് റോഡുകളിൽ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കും. മഞ്ഞപ്ര ഭാഗത്തേക്കു പോകുന്ന ബസുകൾ ടിബിയുടെ മുൻവശത്തുള്ള ബസ് ഷെൽറ്ററിലും മഞ്ഞപ്ര, പെരുമ്പാവൂർ ഭാഗത്തു നിന്ന് അങ്കമാലിയിലേക്കു വരുന്ന വാഹനങ്ങൾ താലൂക്ക് ആശുപത്രിയുടെ മുൻഭാഗത്തും മാത്രമേ നിർത്തുകയുള്ളൂ.പെരുമ്പാവൂർ ഭാഗത്ത് നിന്നു ടി.ബി റോഡിലേക്കു തിരിയുന്ന ബസുകൾ പ്രസിഡന്റ് ഹോട്ടലിന്റെ മുന്നിൽ നിർത്തും. ബസ് സ്റ്റോപ്പുകളിൽ ബോർഡ് സ്ഥാപിക്കും.
പൊതുമരാമത്ത് വകുപ്പ്, ദേശീയപാതകളിൽ വീതിയേറിയ ഭാഗത്ത് പാർക്കിങ് മാർക്ക് ചെയ്ത് വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും. പാർക്കിങ്ങിന് ഫീസ് ഈടാക്കും. എല്ലാ ബസുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കയറണം പുതുതായി ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. ഗതാഗത പരിഷ്കാരം നടപ്പാക്കുന്നതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയാണ് അന്തിമ നിർദേശങ്ങൾ തീരുമാനിക്കുക. ഗതാഗത പ്രശ്നങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങളും പരിഹാര നിർദേശങ്ങളും സ്വരൂപിക്കുന്നതിനായി നഗരസഭാ പ്രദേശത്തെ വിവിധ വ്യാപാര സംഘടനകൾ, മോട്ടർ വാഹന തൊഴിലാളി സംഘടനകൾ, ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗതാഗതവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ഷിയോ പോൾ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരസമിതി അധ്യക്ഷരായ പോൾ ജോവർ, ലക്സി ജോയി, നഗരസഭ മുൻ അധ്യക്ഷൻ മാത്യു തോമസ്, കൗൺസിലർമാരായ .റീത്ത പോൾ, സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, എ.വി.രഘു, മനു നാരായണൻ എന്നിവർ പ്രസംഗിച്ചു. അങ്കമാലി ടൗണിനെ കൂടാതെ ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ചാലക്കുടി മുതൽ അങ്കമാലി വരെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ വലയുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മുരിങ്ങൂരിൽ ഇടതു വശത്തേക്കു തിരിച്ചുവിടും. ഈ വാഹനങ്ങൾ 5 കിലോമീറ്റർ അധികം ചുറ്റി മേലൂർ, നടത്തുരുത്ത്, കോനൂർ, തിരുമുടിക്കുന്ന് വഴി കറുകുറ്റിയിൽ എത്തിയാണ് എറണാകുളം ഭാഗത്തേക്കു പോകുന്നത്. വൻ സമയനഷ്ടമാണ് യാത്രക്കാർക്കുള്ളത്.