മൂവാറ്റുപുഴ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നിരീക്ഷണത്തിനായി സ്ഥാപിച്ച എഐ ക്യാമറകൾ അപ്രത്യക്ഷമായി. കോലഞ്ചേരി മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗത്ത് വാളകത്തും കടാതിയിലുമുള്ള ക്യാമറകൾ ആണ് കാണാതായത്.
രണ്ടിടങ്ങളിലും ക്യാമറകൾ ഇല്ലാത്തത് മൂലം പാതയിൽ ഗതാഗത നിയമ ലംഘനങ്ങൾ വർധിച്ചിരിക്കുകയാണ്. കടാതിയിൽ സ്ഥാപിച്ചിരുന്ന ക്യാമറയാണ് ആദ്യം കാണാതായത്.
റോഡ് വീതി കൂട്ടുന്ന ജോലികൾക്കിടെ ക്യാമറ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂൺ മറിഞ്ഞുവീണതിനു പിന്നാലെ ക്യാമറയും അപ്രത്യക്ഷമായി.
ആഴ്ചകൾക്ക് മുൻപ് വാളകം കരട്ടെ ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്യാമറയും കാണാതായി. നിയന്ത്രണം വിട്ട
കാറിടിച്ച് ക്യാമറ പോസ്റ്റ് ചരിഞ്ഞതിനു പിന്നാലെയാണ് ഇവിടെ നിന്നു ക്യാമറ കാണാതായത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നയാൾ നടപടി ഭയന്ന് ക്യാമറ ഊരിയെടുത്തു കടന്നതാണെന്നു നാട്ടുകാരിൽ ചിലർ പറയുന്നുണ്ടെങ്കിലും, അതല്ല മറ്റാരോ ബോധപൂർവം എടുത്തുകൊണ്ടു പോയതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
എൻഎച്ച്എഐ അധികൃതർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പെരുവംമൂഴി മുതൽ കടാതി വരെ അപകടങ്ങൾ പതിവാണെങ്കിലും നിലവിൽ റോഡ് സുരക്ഷാ സംവിധാനങ്ങളോ നിരീക്ഷണ സംവിധാനങ്ങളോ ഇവിടെ പ്രവർത്തിക്കുന്നില്ല. പൊലീസിന്റെയോ മോട്ടർ വാഹന വകുപ്പിന്റെയോ പരിശോധനകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണു പായുന്നത്.
മാത്രമല്ല, റോഡ് നവീകരണത്തിന്റെ ഭാഗമായി പലയിടത്തും എടുത്തിട്ടുള്ള കുഴികൾ കൃത്യമായി മൂടാതെ കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നുണ്ട്.
യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി റോഡ് സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ ക്യാമറകളും പുനഃസ്ഥാപിക്കണമെന്ന് വാളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിൽ ആവശ്യപ്പെട്ടു. വാഹന പരിശോധന കർശനമാക്കണമെന്നും റോഡിലെ അപകടക്കെണികൾ അടിയന്തരമായി ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

