കൂത്താട്ടുകുളം∙ ശാപമോക്ഷമില്ലാതെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കിഴകൊമ്പ് വളപ്പിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ് കെട്ടിടം.
പണി പൂർത്തിയാകാത്ത കെട്ടിടം 2 പതിറ്റാണ്ടോളമായി ജീർണാവസ്ഥയിലാണ്. 2004ൽ ബ്ലോക്ക് പഞ്ചായത്ത് വഴി കേന്ദ്ര സർക്കാരിന്റെ എസ്ജിഎസ്വൈ പദ്ധതി പ്രകാരം അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട
നിർമാണം ആരംഭിച്ചത്. വനിതാ സംഘങ്ങൾക്കായി സ്വയം തൊഴിൽ, ചെറുകിട വ്യവസായം എന്നിവ തുടങ്ങുകയായിരുന്നു ലക്ഷ്യം. 4 മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ്, പില്ലർ, ഭിത്തിയുടെ പകുതിഭാഗം എന്നിവയാണ് പൂർത്തിയാക്കിയത്.
കരാറിലെ തുക കുറവെന്ന കാരണം ചൂണ്ടിക്കാട്ടി നല്ലൊരു ശതമാനം തുക കൈപ്പറ്റി കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി.
ഈ കെട്ടിടത്തിന്റെ മുടങ്ങിയ പണി പൂർത്തിയാക്കാതെ 2005ൽ ഇതിനു സമീപം മറ്റൊരു കെട്ടിടം പണിതു. കിഴകൊമ്പിലെ അങ്കണവാടി ഇവിടേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കൊച്ചു കുട്ടികൾക്കു ഇവിടെ സൗകര്യപ്രദമല്ലെന്ന കണ്ടെത്തലിനെ തുടർന്ന് നീക്കം ഉപേക്ഷിച്ചു.
പണി പൂർത്തീകരിക്കാത്ത ഈ കെട്ടിടവും ജീർണാവസ്ഥയിലാണ്.
വർഷങ്ങൾക്കു മുൻപ് വളപ്പ് റസിഡന്റ്സ് അസോസിയേഷൻ മുൻകൈ എടുത്ത് സ്ഥലത്തിന് ചുറ്റുമതിൽ നിർമിച്ചത് മാത്രമാണ് ഇവിടെ പൂർത്തീകരിച്ച നിർമാണം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് 1 ലക്ഷം രൂപ നൽകി.
ഗ്രാമസേവക് ഓഫിസ് നിർമാണത്തിന് 1958ൽ വേതാനിയിൽ പീലിപ്പോസ് ബ്ലോക്ക് പഞ്ചായത്തിന് സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലമാണിത്. 5 വർഷത്തോളം ഈ ഓഫിസ് പ്രവർത്തിച്ചതൊഴികെ മറ്റൊന്നിനും ഈ സ്ഥലം ഉപകാരപ്പെടുത്താൻ ബ്ലോക്ക് പഞ്ചായത്തിനായില്ല.
ഓഡിറ്റോറിയം എന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ ബ്ലോക്ക് പഞ്ചായത്ത്, മന്ത്രിമാർ തുടങ്ങിയവർക്ക് പല തവണ നിവേദനം നൽകിയിട്ടും നടപടി ഉണ്ടായില്ല.
നഗരസഭയുടെ അഞ്ചോളം ഡിവിഷനുകളുടെ സംഗമ സ്ഥലം കൂടിയാണിത്. കാടുമൂടി കിടക്കുന്ന ഇവിടം ഇപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. കോംപൗണ്ടിലെ കൂറ്റൻ മരം ചരിഞ്ഞ് നിൽക്കുന്നത് സമീപത്തെ വീടിന് ഭീഷണിയാണെന്നും പരാതിയുണ്ട്.
റോഡരികിലെ ജീർണിച്ച് ബലക്ഷയം സംഭവിച്ച കെട്ടിടം പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിൽ നിർമിച്ചിരിക്കുന്ന പൊതുകിണറും നാശത്തിന്റെ വക്കിലാണ്. ജലക്ഷാമം കൂടുതലുള്ള മേഖലയാണിത്.
വറ്റാത്ത വെള്ളമുള്ള ഈ കിണർ ജനങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

