മലയാള സിനിമയിൽ ആദ്യം പാട്ടെഴുതിയത് ആരാണ്–വയലാറോ ഒഎൻവിയോ ? ഒരു ചെറിയ സംശയം തോന്നാം. എങ്കിലും ഉത്തരം ഒഎൻവി കുറുപ്പ് എന്നാണ്.
ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിലെ ‘കട്ടിയാവും’ ‘എട്ടങ്ങാടി’യുമൊക്കെ എന്താണ് ? മലയാള ചലച്ചിത്രഗാനശാഖ ഇന്നു കാണുന്ന രീതിയിലെത്തിയത് ഏതൊക്കെ വഴിത്തിരിവുകളിലൂടെയാണ് ? ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടിയും പാടിയും പറഞ്ഞും സംഗീതത്തിന്റെ ഓരം പറ്റി മലയാള ചലച്ചിത്രഗാനങ്ങളുടെ ആത്മാവു തൊട്ടറിഞ്ഞൊരു യാത്ര. ആ യാത്രയിൽ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി എത്തിയതു ഗാനഗവേഷകനും ആലപ്പുഴ എസ്ഡി കോളജിലെ മലയാളം അധ്യാപകനുമായ ഡോ. സജിത് ഏവൂരേത്ത്.
സംഗീതത്തിനൊപ്പം വരികളുടെ സാഹിത്യഭംഗി കൂടി നുകരാൻ പ്രേരിപ്പിക്കുന്ന വാക്കുകളുടെ ഇന്ദ്രജാലത്തിൽ അലിഞ്ഞു കാണികൾ.
മലയാള മനോരമ ഹോർത്തുസ് കലാ–സാഹിത്യ–സാംസ്കാരികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ ‘പാട്ടുവഴിയോരം’ പരിപാടിയിൽ പിറന്നതു മലയാള ചലച്ചിത്രഗാന ചരിത്രവും ‘വർത്തമാനവും’ ഒരുമിച്ച അപൂർവനിമിഷങ്ങൾ. തങ്ങളുടെ ഇഷ്ടഗാനങ്ങളുടെ വരികളെ സജിത്തിന്റെ വാക്കുകൾ ചെന്നു തൊട്ടപ്പോഴെല്ലാം സദസ്സും ആവേശത്തോടെ ഒപ്പം പാടി.
സജിത്തിന്റെ സുഹൃത്തും ഗായകനുമായ സജീവ് മേനോൻ പാടാനെത്തി.
എവറസ്റ്റും ഹിമാലയവും പിന്നെ തമ്പിസാറും
‘‘ചലച്ചിത്ര ഗാനങ്ങളെ അറിഞ്ഞും പറഞ്ഞുമുള്ള എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായതു ഒരു കണ്ടുമുട്ടലാണ്. അതിനു വേദിയായതാകട്ടെ മലയാള മനോരമയും.
ശ്രീകുമാരൻ തമ്പിയുടെ പാട്ടെഴുത്തിന്റെ 50 വർഷങ്ങൾ മലയാള മനോരമ ആഘോഷിച്ചത് ആലപ്പുഴ യൂണിറ്റിൽ ‘ശ്രീരാഗം’ എന്ന ആദരവും സംഗീത സംഗമവുമൊരുക്കിയാണ്. തമ്പിസാറിനെ കണ്ടപ്പോൾ അദ്ദേഹത്തോടു ഗാനങ്ങളിലെ അപൂർവ വാക്കുകളെപ്പറ്റി ചോദിച്ചു.
താൻ മനഃപൂർവമാണ് അത്തരം വാക്കുകൾ എഴുതിച്ചേർത്തതെന്നായിരുന്നു മറുപടി.
കാരണം വിശദീകരിച്ചത് ഇങ്ങനെയാണ്, ‘ഒരു ഹിമാലയവും എവറസ്റ്റും മലയാള ചലച്ചിത്രഗാന മേഖലയിൽ തല ഉയർത്തി നിൽക്കുന്ന കാലത്താണു ഞാൻ വരുന്നത്. വേറിട്ടു നിൽക്കുന്ന ഗാനങ്ങൾ ഒരുക്കാൻ എനിക്കു വ്യത്യസ്തമായ പദാവലി വേണ്ടിയിരുന്നു.
അങ്ങനെയാണു എന്റെ നാട്ടിൽ പ്രചുരപ്രചാരമുള്ള വാക്കുകൾ ഗാനങ്ങളിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു’. വയലാറിനെയും പി.ഭാസ്കരനെയുമായിരുന്നു അദ്ദേഹം ഹിമാലയമെന്നും എവറസ്റ്റെന്നും വിശേഷിപ്പിച്ചത്.
തമ്പി സാറുമൊത്തുള്ള സൗഹൃദനിമിഷങ്ങളിലൂടെ അന്നു ലഭിച്ച ഊർജമാണു പാട്ടുവഴിയോരം ചേർന്നുള്ള ഈ യാത്രയ്ക്കു തുടക്കമിട്ടത്.’’
ചലച്ചിത്രഗാന ചരിത്രം: 1938 മുതൽ
1938ൽ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലനിലൂടെയാണു മലയാള ചലച്ചിത്രഗാന സംഗീത ചരിത്രത്തിനു തുടക്കമായത്. 23 പാട്ടുകളായിരുന്നു ചിത്രത്തിൽ.
തിരക്കഥാകൃത്തായ മുതുകുളം രാഘവൻ പിള്ളയായിരുന്നു ആദ്യ ഗാനരചയിതാവും. ‘ഭാരതമാം പൊൻവിളക്കാം കേരളം ചാരുതര ഗുണാരാമം’ എന്നു മുതുകുളം എഴുതുമ്പോൾ കേരള സംസ്ഥാനം യാഥാർഥ്യമായിട്ടു പോലുമില്ലെന്നോർക്കണം.
അർത്ഥമറിയാതെ പറന്ന വനവലാകകൾ
അർഥമറിഞ്ഞും ഉൾക്കൊണ്ടും ചലച്ചിത്രഗാനങ്ങൾ കേൾക്കുമ്പോൾ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്കു സംഗീതം നമ്മെ നയിക്കുമെന്നു സജിത് പറഞ്ഞു.
പലരും ഗാനങ്ങളുടെ സംഗീത ഭംഗി മാത്രമാണ് ആസ്വദിക്കുക. ആയിരം വട്ടം കേട്ട
പാട്ടിലെ വാക്കുകളുടെ അർഥം പോലും ആർക്കുമറിയില്ല. രാവണപ്രഭുവിലെ അറിയാതെ അറിയാതെ എന്ന ഗാനത്തിൽ ‘വനവലാക’ എന്നൊരു വാക്കുണ്ട്.
നായികയെ വർണിക്കുന്ന ആ വാക്കിന്റെ അർഥമെന്താണ്? ചോദ്യത്തിനു മുന്നിൽ സദസ്സു മൗനം.
കാടിന്റെ നിറമെന്താണെന്ന് അടുത്ത ചോദ്യം? പച്ചയെന്നു കാണികളുടെ മറുപടി. അപ്പോൾ വയലാർ ‘കാട് കറുത്ത കാട്’ എന്നെഴുതിയതോ? സദസ്സിൽ നിന്നുയർന്ന ചിരികൾക്കിടയിൽ ഉൾക്കാട്ടിലേക്കു കടക്കുന്തോറും ഇരുണ്ടിരുണ്ടു വരുന്നതാണു കവി ഉദ്ദേശിച്ചതെന്നു വിശദീകരണം.
വലാക എന്നാൽ നീണ്ട വാലുള്ള വെളുത്ത നിറമുള്ള കുരുവി ഇനത്തിലെ പക്ഷിയാണെന്നും വനത്തിന്റെ ഇരുട്ടിൽ ഇതു പറന്നു നീങ്ങുമ്പോഴുള്ള അഭൗമ സൗന്ദര്യമാണു ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി വർണിച്ചതെന്നും വിശദീകരിച്ചതോടെ കയ്യടി.
വലയെറിഞ്ഞത് നീലക്കുയിൽ
1954ൽ നീലക്കുയിലാണ് ചലച്ചിത്രഗാന പാതയിൽ പുതിയ ചരിത്രമെഴുതിയത്.
നീലക്കുയിലിനു മുൻപും ശേഷവും എന്നതാണു പാട്ടിന്റെ ചരിത്രം. നാടൻ വാക്കുകളുടെ ഭംഗിയുള്ള വരികളുമായി പി.
ഭാസ്കരനും മലയാളിത്തമുള്ള സംഗീതവുമായി കെ. രാഘവനും ഒരുമിച്ചു. ഒഎൻവിയും വയലാറും ദേവരാജനും ശ്രീകുമാരൻ തമ്പിയും എം.കെ.
അർജുനനും യേശുദാസും ജയചന്ദ്രനും തുടങ്ങി മലയാള ചലച്ചിത്ര സംഗീത മേഖലയിലെ പ്രതിഭപ്പെയ്ത്തിനാണു പിന്നീടുള്ള അഞ്ചു പതിറ്റാണ്ടുകൾ സാക്ഷ്യം വഹിച്ചത്.
പുതുതലമുറ ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, ഗായകർ എന്നിവരിലേക്കും സരസമായി നീണ്ട സംഭാഷണം സമാപിച്ചതും പാട്ടിന്റെ കൂട്ടു പിടിച്ചാണ്. മലയാള ചലച്ചിത്രഗാന ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ നീലക്കുയിൽ എന്ന ചിത്രത്തിലെ ‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്’ എന്ന ഗാനം സദസ്സും പ്രഭാഷകനും ഒരുമിച്ചു പാടി സാർഥകമായ സംഗീതസന്ധ്യയ്ക്കു തിരശീല വീണു.
മലയാള മനോരമ ബിസിനസ് എഡിറ്റർ എൻ.ജയചന്ദ്രൻ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]