മൂവാറ്റുപുഴ∙ ടാറിങ് പൂർത്തിയാക്കിയ റോഡിന്റെ ഉദ്ഘാടനം എംഎൽഎയുടെ നിർദേശ പ്രകാരം നിർവഹിച്ച എസ്ഐക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി.
സിദ്ദിഖിനെ ആണു ഡിഐജി എസ്. സതീശ് ബിനോ സസ്പെൻഡ് ചെയ്തത്. ലോ ആൻഡ് ഓർഡർ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക് സ്പെഷൽ റിപ്പോർട്ട്, റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം ഏരിയ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു.
പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച് ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവും വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി.
നഗര വികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന നഗരത്തിലെ എംസി റോഡ് ടാറിങ് പൂർത്തിയാക്കിയ ശേഷം 12ന് വാഹനങ്ങൾക്കായി തുറന്നു നൽകിയിരുന്നു.മാത്യു കുഴൽനാടൻ എംഎൽഎ, നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവരുടെ സാന്നിധ്യത്തിൽ ട്രാഫിക് എസ്ഐ ആയ കെ.പി.
സിദ്ദിഖ് ആണ് നാട മുറിച്ച് റോഡ് ഗതാഗതത്തിനായി തുറന്നു നൽകിയത്. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന കെ.പി.
സിദ്ദിഖിനെ മാത്യു കുഴൽനാടൻ എംഎൽഎ നാട മുറിച്ച് ഉദ്ഘാടനം ചെയ്യാൻ വിളിക്കുകയായിരുന്നു.
ആദ്യം വൈമുഖ്യം പ്രകടിപ്പിച്ച എസ്ഐ ഒടുവിൽ എംഎൽഎയുടെ നിർദേശ പ്രകാരമാണ് ഉദ്ഘാടനം നിർവഹിച്ചത്.
സർക്കാരിന്റെ അനുമതിയില്ലാതെയും, പണി പൂർത്തീകരിക്കാതെയും റോഡ് തുറന്നു കൊടുത്തത് വലിയ ചട്ട ലംഘനമായി ആക്ഷേപം ഉയരുകയും ട്രാഫിക് എസ്ഐ മേലധികാരികളുടെ അനുമതി ഇല്ലാതെ ചട്ടവിരുദ്ധമായി ഉദ്ഘാടനം നിർവഹിച്ചത് വലിയ ആക്ഷേപങ്ങൾക്കും പ്രതിഷേധത്തിനും കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് സസ്പെൻഷൻ എന്നാണ് ഡിഐജിയുടെ ഉത്തവ്.
ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധമാണ് സസ്പെൻഡ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]