കൊച്ചി ∙ വിദേശയാത്രകൾക്ക് പോകുന്നവർക്ക് ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് (FTI-TTP) അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ 3 ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്.
നിലവിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യം.
ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും ‘ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ’ (OCI) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. ഈ സംവിധാനം രാജ്യാന്തര വിമാനത്താവളങ്ങളായ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ മറ്റു എയർപോർട്ടുകളിലും ഈ സൗകര്യം ഉടൻ നിലവിൽ വരും. കുടുംബമൊത്തുള്ള വിദേശയാത്രകളിൽ പ്രവാസികൾക്ക് ഏറെ സഹായകരമാകുന്നതാണ് ഈ പദ്ധതി.
ഈ സൗകര്യം ഉപയോഗിക്കാനായി യാത്രക്കാർക്ക് മൂന്ന് എളുപ്പവഴികളാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യത്തേത്, ഓൺലൈനായി അപേക്ഷിക്കാം എന്നതാണ്. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏത് വിദേശയാത്രക്കാരനും ഇതിൽ അംഗമാകാനാകും.
ആപ്ലിക്കേഷൻ ഫോർമിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ കൈവശമുള്ള ഏതൊരാൾക്കും ഇത് സാധ്യമാണ്.
എയർപോർട്ടിലെത്തിയ ശേഷം അപേക്ഷിക്കാനാകുന്നതാണ് രണ്ടാമത്തെ മാർഗം. കൊച്ചി ഉൾപ്പെടെ ഇന്ത്യയിലെ 8 രാജ്യാന്തര വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി നേരിട്ട് അപേക്ഷിക്കാനാകും.
തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷൻ ഓഫീസ് (FRRO) ഓഫീസുകൾ വഴിയും അപേക്ഷ നൽകാനാകും.
അപേക്ഷ നൽകി കഴിഞ്ഞാൽ, നിങ്ങളുടെ വിരലടയാളവും മുഖം സ്കാൻ ചെയ്യുന്നതുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടിവരും. തുടർന്ന് നൽകിയ വിവരങ്ങൾ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയിൽ അംഗത്വം നൽകുക.
അപേക്ഷകരുടെ തിരിച്ചറിയൽ മൊബൈൽ OTP ആയും ഇമെയിൽ പരിശോധനയും വഴി സ്ഥിരീകരിക്കുന്നതോടെ പ്രോഗ്രാമിലേക്കുള്ള റജിസ്ട്രേഷൻ പൂർത്തിയാകും.
‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]