കൊച്ചി ∙ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ഇനിയും വെള്ളത്തിൽ കിടക്കാം! സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിൽ നവീകരിക്കുമെന്ന പ്രഖ്യാപനം ‘വെള്ളത്തിൽ വരച്ച വര’യായി.
പദ്ധതിക്കു വേണ്ടി 12 കോടി രൂപ കൊച്ചിൻ സ്മാർട് മിഷൻ (സിഎസ്എംഎൽ) ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നാണു പറഞ്ഞിരുന്നത്. പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാമെന്ന മുൻ നിലപാടിൽ നിന്ന് സിഎസ്എംഎൽ പിന്നാക്കം പോയി.
സിഎസ്എംഎല്ലിന്റെ കാലാവധി കഴിഞ്ഞതോടെ ഇനി സ്മാർട് സിറ്റി ഫണ്ട് പദ്ധതിക്കു ലഭിക്കില്ല.
ഗതാഗത വകുപ്പും തദ്ദേശ വകുപ്പും തമ്മിലുണ്ടായ തർക്കമാണു പദ്ധതി നടക്കാത്തതിനു കാരണമായതെന്നാണു സൂചന. കാരിക്കാമുറിയിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് കൈമാറാനും അവിടെ പുതിയ സ്റ്റാൻഡ് നിർമിക്കാനുമായിരുന്നു പദ്ധതി.
കാരിക്കാമുറിയിലെ സ്ഥലത്തു കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ ബസുകൾക്കും വന്നു പോകാൻ, മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി.
ബസ് ഷെൽറ്റർ, കാത്തിരിപ്പു കേന്ദ്രം, ശുചിമുറികൾ എന്നിവയുൾപ്പെടുന്ന പദ്ധതിയുടെ നിർമാണ ചുമതല സംസ്ഥാന കൺസ്ട്രക്ഷൻ കോർപറേഷനു കൈമാറുമെന്നും കഴിഞ്ഞ വർഷം ജനുവരിയിൽ പ്രഖ്യാപിച്ചു.
പക്ഷേ, ഒന്നും നടന്നില്ല. പദ്ധതിക്കു പണം നൽകാമെന്ന് മുൻപു പറഞ്ഞ സിഎസ്എംഎൽ പിന്നീട് നിലപാട് മാറ്റി.
കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ മാത്രം പണം നൽകാമെന്ന നിലപാടാണു സ്മാർട് സിറ്റി ബോർഡ് സ്വീകരിച്ചത്. ഇതിനിടയിൽ ഈ ജൂണിൽ സിഎസ്എംഎല്ലിന്റെ കാലാവധിയും കഴിഞ്ഞു.
2022 മുതൽ പലപ്പോഴായി ചർച്ചയിൽ വന്ന പദ്ധതിയാണു കാരിക്കാമുറിയിലെ ബസ് സ്റ്റാൻഡ് നിർമാണം.
2023 ഏപ്രിലിൽ സ്മാർട് സിറ്റി ബോർഡ് യോഗം പദ്ധതിക്ക് 12 കോടി രൂപ അനുവദിക്കാമെന്നു തീരുമാനിച്ചതാണ്. പക്ഷേ, കെഎസ്ആർടിസിയും വൈറ്റില മൊബിലിറ്റി ഹബ്ബും തമ്മിൽ സ്ഥലം വച്ചു മാറുന്നതു സംബന്ധിച്ചുണ്ടായ തർക്കം തുടക്കം മുതൽ പദ്ധതിക്കു തടസ്സമായി.
കഴിഞ്ഞ വർഷം ജനുവരിയിൽ മന്ത്രി പി.
രാജീവിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും ഉടൻ ബസ് സ്റ്റാൻഡ് നിർമാണം ആരംഭിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല. പദ്ധതി മുടങ്ങിയതു സംബന്ധിച്ച വിവരങ്ങളറിയാനായി സിഎസ്എംഎൽ സിഇഒ ഷാജി വി.
നായരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]