
ജിയോ ബാഗ് ഭിത്തിയും തകരുന്നു; ആശങ്കയേറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ കടൽ ഭിത്തി നിർമാണത്തിന്റെ കാര്യത്തിൽ അവഗണന നേരിട്ടുവെന്ന പരാതിക്കിടെ നായരമ്പലം പഞ്ചായത്തിലെ തീരമേഖലയിൽ കടലാക്രമണ പ്രതിരോധത്തിനായി നേരത്തെ ഒരുക്കിയ ജിയോ ബാഗ് ഭിത്തിയും തകർന്നു തുടങ്ങി. ഇതോടെ അടുത്ത കാലവർഷ വേളയിലും ഭീതിയോടെ കഴിയേണ്ട അവസ്ഥയിലാണ് തീരദേശ നിവാസികൾ. എടവനക്കാട് പഞ്ചായത്തിൽ ഭിത്തി നിർമാണത്തിനായി അടുത്തിടെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന നായരമ്പലം പഞ്ചായത്തിനെ കുറിച്ച് പരാമർശം പോലും ഉണ്ടായിരുന്നില്ല.
ഇക്കാര്യത്തിൽ നേരത്തെ അധികൃതർ നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെട്ടില്ലെന്ന് പൊതുപ്രവർത്തന കൂട്ടായ്മയായ നായരമ്പലം സെന്റ് ജോർജ് കാത്തലിക് ഫ്രണ്ട്സിന്റെ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 2023ലുണ്ടായ കടലാക്രമണത്തിനു ശേഷം നായരമ്പലം തീരം സന്ദർശിച്ച ജില്ലാ ഭരണകൂട പ്രതിനിധികൾ ഭിത്തി നിർമാണത്തിന് അടിയന്തര നടപടിയുണ്ടാകുമെന്നാണ് പറഞ്ഞതെങ്കിലും മണൽച്ചാക്കുകൾ നിരത്തി താൽക്കാലിക ഭിത്തി ഒരുക്കുന്നതിൽ ജോലികൾ ഒതുങ്ങി. പിന്നീട് മുതിർന്ന ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത യോഗത്തിനു ശേഷം നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. ഇതിനിടെ വെളിയത്താംപറമ്പ് തീരത്തും മറ്റും ഒരുക്കിയ ജിയോബാഗ് ഭിത്തികൾ ബലക്ഷയത്തിലായതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.