വരാപ്പുഴ ∙ പുത്തൻപള്ളി സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഓഫിസ് റൂം കുത്തി തുറന്നു ഇരുപതിനായിരം രൂപ കവർന്നു. അലമാരയിലെ ഫയലുകളും കംപ്യൂട്ടറുകളും നിലത്തിട്ടു നശിപ്പിച്ച നിലയിലാണ്.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണു സെന്റ് ജോർജ് സ്കൂൾ പ്ലസ് ടു കെട്ടിടത്തിന്റെ ഷട്ടർ ഗ്രില്ലിന്റെ താഴ് അടിച്ചു തകർത്ത ശേഷം മോഷ്ടാവ് അകത്തു കയറിയത്. സ്റ്റാഫ് റൂം, ഓഫിസ് റൂം, പ്രിൻസിപ്പൽ ഓഫിസ് കുത്തി തുറന്നാണു മോഷണം നടത്തിയത്.
മൂർച്ചയേറിയ വസ്തു കൊണ്ടു വാതിൽ കുത്തി തുറന്ന നിലയിലാണ്.
ഓഫിസ് റൂമിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടമായത്. മറ്റു മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ഫയലുകളും മറ്റും വാരി വലിച്ചു നിലത്തിട്ടിട്ടുണ്ട്.
നിരീക്ഷണ ക്യാമറകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഇന്നലെ രാവിലെ സ്കൂൾ അധികൃതർ സ്ഥലത്തെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.
തുടർന്നു വരാപ്പുഴ പൊലീസിനെ വിവരം അറിയിച്ചു.
സ്കൂളിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അന്വേഷണം. സ്കൂൾ കെട്ടിടത്തിന്റെ മതിൽ ചാടിക്കടന്നാണു മോഷ്ടാവ് അകത്തു കടന്നതെന്നാണു സംശയിക്കുന്നത്.
ഈ ഭാഗത്തു സംശയാസ്പദമായി ബൈക്ക് പാർക്ക് ചെയ്തിരിക്കുന്നതിന്റെയും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൂനമ്മാവിലെ മറ്റൊരു സ്കൂളിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ മോഷണ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. ഇരു സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
ആലങ്ങാട്, കരുമാലൂർ മേഖലകളിലും വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി മോഷണ ശ്രമം നടന്നിരുന്നു. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

