കൊച്ചി ∙ വ്യക്തമായ ആധിപത്യവുമായി കൊച്ചി കോർപറേഷൻ ഭരണം തിരികെപ്പിടിച്ച് യുഡിഎഫ്. ആകെയുള്ള 76 സീറ്റിൽ 47 എണ്ണം വിജയിച്ചാണു യുഡിഎഫിന്റെ ഗംഭീര തിരിച്ചു വരവ്.
കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിന് 39 സീറ്റു മതി. എൽഡിഎഫ് 22 സീറ്റിൽ ഒതുങ്ങി.
ബിജെപി നില മെച്ചപ്പെടുത്തി വിജയം 6 സീറ്റുകളിലേക്ക് ഉയർത്തി. ഒരു സ്വതന്ത്രനും വിജയിച്ചു.
എൽഡിഎഫിനെതിരെ ജനവികാരം ആഞ്ഞടിച്ചപ്പോൾ ശക്തി കേന്ദ്രങ്ങളിൽ പോലും സിപിഎം തകർന്നു. പതിവായി ജയിച്ചിരുന്ന പല സീറ്റുകളും കോൺഗ്രസ് പിടിച്ചെടുത്തതു സിപിഎമ്മിനു കനത്ത ആഘാതമായി.
പള്ളുരുത്തി മേഖലയിൽ മാത്രമാണ് എൽഡിഎഫിനു പിടിച്ചു നിൽക്കാനായത്.
നഗര മേഖലകളിലും കോർപറേഷനിലെ കിഴക്കൻ മേഖലകളിലും യുഡിഎഫിന്റെ സമ്പൂർണ ആധിപത്യമായിരുന്നു. നിലവിലുള്ള പ്രതിപക്ഷ കക്ഷി നേതാവ് ആന്റണി കുരീത്തറ ഒഴികെ യുഡിഎഫിന്റെ പ്രമുഖ സ്ഥാനാർഥികളെല്ലാം ജയിച്ചു കയറിയപ്പോൾ എൽഡിഎഫിന്റെ നേതാക്കൾ പലരും പരാജയപ്പെട്ടു.
ജയിക്കുകയാണെങ്കിൽ മേയറാകാൻ എൽഡിഎഫ് പരിഗണിച്ചിരുന്ന ദീപ വർമ (ഇടപ്പള്ളി), അജി ഫ്രാൻസിസ് (കാരണക്കോടം) എന്നിവർ പരാജയപ്പെട്ടു.
അതേസമയം, മേയർ സ്ഥാനത്തേക്കു യുഡിഎഫ് പരിഗണിക്കുന്ന ദീപ്തി മേരി വർഗീസ് (സ്റ്റേഡിയം), വി.കെ. മിനിമോൾ (പാലാരിവട്ടം), ഷൈനി മാത്യു (ഫോർട്ട് കൊച്ചി) തുടങ്ങിയവരെല്ലാം ജയിച്ചു.
പാലാരിവട്ടം ഉൾപ്പെടെയുള്ള ചില ഡിവിഷനുകളിൽ വിമത സ്ഥാനാർഥികൾ ഉയർത്തിയ വെല്ലുവിളി കൂടി മറികടന്നാണു യുഡിഎഫ് തകർപ്പൻ ജയം നേടിയത്. നിലവിലുള്ള ഭരണ സമിതി നടപ്പാക്കിയ വികസന പദ്ധതികളിലൂന്നിയായിരുന്നു എൽഡിഎഫിന്റെ പ്രചാരണം.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരം ആളിക്കത്തിയപ്പോൾ അതെല്ലാം ജനം തള്ളിക്കളഞ്ഞു.
ഗാന്ധി നഗർ ഡിവിഷൻ പോലെ ജയിക്കുമെന്നു ഉറപ്പിച്ചിരുന്ന ഡിവിഷനുകളിൽ പോലും എൽഡിഎഫ് തോറ്റു. കഴിഞ്ഞ തവണ അഞ്ചിടത്തു വിജയിച്ച ബിജെപി ഇത്തവണ സീറ്റെണ്ണം ഒന്നു കൂട്ടി.
സിറ്റിങ് സീറ്റായ എറണാകുളം സൗത്ത് നഷ്ടപ്പെട്ടപ്പോൾ തൃക്കണാർവട്ടം, പനയപ്പിള്ളി എന്നീ ഡിവിഷനുകൾ പിടിച്ചെടുത്താണു ബിജെപി കരുത്തുകാട്ടിയത്. ബിജെപിയുടെ കൗൺസിലർമാരെല്ലാം വനിതകളാണെന്നതാണു പ്രത്യേകത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

