ആലങ്ങാട് ∙ തുല്യശക്തികളായ എൽഡിഎഫും യുഡിഎഫും മാറി മറിഞ്ഞു ഭരണം പിടിക്കുന്ന പഞ്ചായത്താണ് കരുമാലൂർ. കഴിഞ്ഞതവണ സ്വതന്ത്രന്റെ പിൻബലത്തിലാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.
20 വാർഡുകളിൽ 9 വാർഡു വീതം കഴിഞ്ഞതവണ എൽഡിഎഫും യുഡിഎഫും നേടി. ഒരോ വാർഡിൽ സ്വതന്ത്രനും ബിജെപിയും ജയം നേടി.
തുടർന്നു സ്വതന്ത്രന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇടയ്ക്ക് സ്വതന്ത്രൻ യുഡിഎഫിന് ഒപ്പം നിന്നെങ്കിലും കോൺഗ്രസിലെ ഒരംഗം കൂറുമാറി എൽഡിഎഫിനെ ഭരണം നഷ്ടപ്പെടാതെ രക്ഷിച്ച ചരിത്രവും കരുമാലൂരിന് സ്വന്തം.
എൽഡിഎഫ് ഭരണത്തുടർച്ച ലക്ഷ്യമിടുമ്പോൾ, കൈവിട്ടുപോയ ഭരണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണു യുഡിഎഫ്. ജയസാധ്യത നിർണയിക്കാനുള്ള ശക്തിയായി ബിജെപിയും രംഗത്തുണ്ട്.
സബിത നാസർ
(പ്രസിഡന്റ്, കരുമാലൂർ പഞ്ചായത്ത് )
5 വർഷത്തിനിടെ മികവുറ്റ പ്രവർത്തനങ്ങളാണു നടത്തിയത്.
ലൈഫ് ഭവന പദ്ധതി പ്രകാരം 213 കുടുംബങ്ങൾക്കാണു വീടു ലഭിച്ചത്. 25 പേർക്കു സ്ഥലം വാങ്ങാൻ 2 ലക്ഷം വീതം നൽകിയിട്ടുണ്ട്.
മാലിന്യം ശേഖരിക്കാൻ 50 എംസിഎഫ് യൂണിറ്റുകൾ തയാറാക്കിയിട്ടുണ്ട്. ഹരിത കർമസേനയുടെ പ്രവർത്തനവും കാർഷിക പ്രവർത്തനവും മികവുറ്റ രീതിയിലാക്കി.
പശ്ചാത്തല വികസനം, മൃഗസംരക്ഷണം, സേവന മേഖല തുടങ്ങിയ മേഖലകളിലും പഞ്ചായത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തി.
എ.എം.അലി
(പ്രതിപക്ഷ നേതാവ്, കരുമാലൂർ പഞ്ചായത്ത്)
ജനങ്ങളെ ദ്രോഹിക്കാനും പാർട്ടി ഫണ്ട് പിരിക്കാനുമാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം ഉപയോഗപ്പെടുത്തിയത്. ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിനു കൊട്ടിയാഘോഷിച്ചു തറക്കല്ലിട്ടെങ്കിലും ഇതുവരെ പദ്ധതി നടന്നില്ല.
കാരുചിറയിലുള്ള പഞ്ചായത്ത് ഭൂമിയിൽ അശാസ്ത്രീയമായാണ് ഇക്കോഷോപ്പും കാർഷിക വിപണനകേന്ദ്രവും നിർമിച്ചത്. സ്വന്തമായി സ്ഥലമുണ്ടായിട്ടും പൊതുജനങ്ങൾക്കു ഉപകാരപ്പെടുന്ന പൊതു ഹാൾ, വ്യാപാര സമുച്ചയം എന്ന പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല.
വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകളിൽ പലതും ഇപ്പോഴും തകർന്നു കിടക്കുകയാണ്. പഞ്ചായത്തിന്റെ തനതു ഫണ്ട് വകമാറ്റി ചെലവഴിച്ചു.
വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ചാക്കിൽ കെട്ടി റോഡിൽ നിറഞ്ഞു കിടക്കുന്നു. എൽഡിഎഫിലെ പടലപ്പിണക്കങ്ങൾ കാരണം പഞ്ചായത്തിൽ ഭരണസ്തംഭനമാണ് ഉണ്ടായത്.
എം.വി.ഷാജി
(കർഷകൻ, മനയ്ക്കപ്പടി)
നേട്ടം : തോടുകൾ പലയിടത്തും ആഴം കൂട്ടി വൃത്തിയാക്കിയതു കൊണ്ടു നീരൊഴുക്കു സുഗമമായിട്ടുണ്ട്.
ഇത് കർഷകർക്കും കൃഷിക്കും ഗുണം ചെയ്യും. കോട്ടം : മാഞ്ഞാലി കള്ളിക്കുളി ഭാഗത്തെ ഓരുവെള്ള ഭീഷണിക്കു ശാശ്വത പരിഹാരം കാണാൻ പഞ്ചായത്തിന് കഴിഞ്ഞില്ല.
ഇതോടെ പലപ്പോഴും കൃഷിനാശം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഉപ്പുവെള്ളം കയറി പൊക്കാളി കൃഷി ഉൾപ്പെടെ നശിച്ചിരുന്നു.
അപേക്ഷ നൽകിയിട്ടും നഷ്ടപരിഹാരം പോലും ലഭിച്ചിരുന്നില്ല.
സിജിൽ സി.മത്തായി
(ഹരിതനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, യുസി കോളജ്)
നേട്ടം : പെരിയാർവാലി കനാൽ വൃത്തിയാക്കി, ചതുപ്പായി കിടന്ന പലഭാഗത്തും കോൺക്രീറ്റ് നടത്തി. ഈ ഭാഗത്തെ പാഴ്മരങ്ങളും വെട്ടിമാറ്റി.
തകരാറിലായ വഴിവിളക്കുകൾ എല്ലായിടത്തും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കോട്ടം : 2 വർഷമായി സെറ്റിൽമെന്റ് മുതൽ ചാമപ്പറമ്പ് വരെയുള്ള പെരിയാർവാലി കനാൽ റോഡ് ശോചനീയാവസ്ഥയിലാണ്. പലയിടത്തും റോഡരിക് കാടുകയറി കിടക്കുന്നു.
ഇതുമൂലം വഴിയാത്രക്കാർ ബുദ്ധിമുട്ടിലാണ്. പലതവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് പരിഹാരം കണ്ടിട്ടില്ല.
വഴിവിളക്കുകളുടെ പരിപാലനം കൃത്യമായി നടക്കുന്നില്ല.
ബി.ജയകുമാർ
(ജില്ലാ പ്രസിഡന്റ്, കിസാൻ സർവീസ് സൊസൈറ്റി)
നേട്ടം : പലയിടത്തും തരിശുഭൂമികൾ ഏറ്റെടുത്തു കൃഷി ചെയ്തു വരുന്നുണ്ട്. കർഷകർക്കാവശ്യമായ സഹായങ്ങൾ പഞ്ചായത്തും കൃഷിഭവനും പാടശേഖരസമിതിയും ചേർന്നു ചെയ്തു വരുന്നുണ്ട്.
കോട്ടം : പഞ്ചായത്തിൽ വ്യാപകമായി തണ്ണീർത്തടം നിയമം ലംഘിച്ചുള്ള നികത്തൽ നടന്നു വരുന്നുണ്ട്.
ഇതുമൂലം കൃഷിയിടങ്ങൾ ഇല്ലാതാകുന്നുണ്ട്. നിയമ ലംഘനങ്ങളും കയ്യേറ്റങ്ങളും ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അധികാരികൾ കയ്യും കെട്ടി നോക്കി നിൽക്കുന്നു.
വർക്കിച്ചൻ പി.മേനാച്ചേരി
(കരുമാലൂർ പ്രത്യാശ കൗൺസലിങ് സെന്റർ, കൺസൽറ്റന്റ് കൗൺസിലർ)
നേട്ടം : ആരോഗ്യ രംഗത്തുള്ള പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. കർഷകരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
തകർന്ന പല ഇടറോഡുകളും ടൈൽ വിരിച്ചിട്ടുണ്ട്. കോട്ടം : മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ പഞ്ചായത്ത് തികഞ്ഞ പരാജയമാണ്. വയോജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല.
ഒട്ടേറെ പേരെ തെരുവുനായ്ക്കൾ ആക്രമിച്ചിട്ടും തെരുവുനായ പ്രശ്നത്തിനു പരിഹാരം കാണാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല.
പി.ഡി.രമേഷ് കുമാർ
(അസി.സെക്രട്ടറി, കരുമാലൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ)
നേട്ടം : തട്ടാംപടി– അങ്ങാടിക്കടവ് റോഡിന് ശാപമോക്ഷമായി. പഞ്ചായത്തിലെ അങ്കണവാടികൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.
കോട്ടം : മേച്ചേരിക്കടവ് പാലം നാളിതുവരെ ഉപയോഗപ്രദമായിട്ടില്ല.
കരുമാലൂർ കുടുംബാരോഗ്യത്തിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. പഞ്ചായത്തിലെ പലയിടത്തും കുടിവെള്ളം ക്ഷാമം രൂക്ഷമായിട്ടും പകരം സംവിധാനം ഒരുക്കാൻ പഞ്ചായത്തിനു സാധിച്ചിട്ടില്ല.
ഇപ്പോഴും ഇഷ്ടികക്കളങ്ങൾ തരിശുനിലമായി കിടക്കുകയാണ്. ഇവിടെ കൃഷിയിറക്കാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

