ചെന്നൈ ∙ ദീപാവലി സമയത്തെ വിമാനനിരക്കിലും വൻ വർധന. ഇതോടെ അവധിക്ക് നാട്ടിൽ പോകാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ട
അവസ്ഥയിലാണ് ചെന്നൈ മലയാളികൾ. ദീപാവലി തിങ്കളാഴ്ച ആയതും ദീപാവലിപ്പിറ്റേന്ന് അവധി ലഭിക്കാൻ സാധ്യതയുള്ളതും കണക്കിലെടുത്താൽ 4 ദിവസം തുടർച്ചയായി അവധി കിട്ടുമെന്ന് കണക്കുകൂട്ടലിലാണു മിക്കവരും യാത്രയ്ക്ക് പദ്ധതിയിട്ടത്.
എന്നാൽ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ട്രെയിൻ ടിക്കറ്റ് ഇതിനകം ലഭിച്ചിട്ടുള്ള ഭാഗ്യശാലികൾക്കുമൊഴികെ മറ്റാർക്കും കീശ കാലിയാകാതെ നാട്ടിലെത്താൻ സാധിക്കില്ല.
പിടിവിട്ട് വിമാന നിരക്ക്
സാധാരണ 3500 രൂപ ടിക്കറ്റ് ചാർജുള്ള ചെന്നൈ – കൊച്ചി റൂട്ടിൽ 17ന് വൈകിട്ടത്തെ നിരക്ക് 12,000 രൂപയ്ക്കു മുകളിലെത്തി. തിരുവനന്തപുരത്തേക്ക് 11,000 രൂപയും കോഴിക്കോടിന് 11,500 രൂപയുമാണ് ടിക്കറ്റ് ചാർജ്.
ഇതോടനുബന്ധിച്ച ദിവസങ്ങളിലും ഇരട്ടിയിലേറെ തുക കൊടുത്താൽ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂ എന്ന അവസ്ഥയാണ്.
കെഎസ്ആർടിസി ടിക്കറ്റും തീർന്നു
കെഎസ്ആർടിസിയുടെ എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ ബസിൽ 17, 18 തീയതികളിൽ ടിക്കറ്റുകൾ മുഴുവൻ തീർന്നു. രാത്രി 8.30ന് കോയമ്പേട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് കാലത്ത് 8.30ന് എറണാകുളത്തെത്തുന്ന ബസിൽ 19നു മാത്രമാണ് ഏതാനും ടിക്കറ്റ് അവശേഷിക്കുന്നത്.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും വിറ്റു തീർന്നതായാണ് കെഎസ്ആർടിസിയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരം. 20, 21 തീയതികളിൽ സ്ലീപ്പർ ബസിൽ ടിക്കറ്റുകൾ ലഭ്യമല്ല.
സ്വകാര്യ ബസുകളെ ആശ്രയിച്ചാൽ കീശ കീറും
ഉത്സവ ദിനങ്ങളിൽ നിരക്കു കൂട്ടുകയെന്ന സ്വകാര്യ ബസുകളുടെ സ്ഥിരം നയം ഇത്തവണയും തെറ്റിയില്ല.
ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് 17ന് വെള്ളിയാഴ്ചത്തെ എസി സ്ലീപ്പർ ടിക്കറ്റുകൾക്ക് 5000 രൂപ വരെ ഈടാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. അമിത ചാർജ് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് യാത്രക്കാരെ കൊള്ളയടിക്കൽ.
അത്യാവശ്യ ഘട്ടങ്ങളിൽ ബസിൽ കോയമ്പത്തൂർ പോലുള്ള അതിർത്തി നഗരങ്ങളിൽ എത്തിയ ശേഷം നാട്ടിലേക്ക് ബസുകളിലും ട്രെയിനിലും യാത്ര തുടരാൻ ശ്രമിക്കുന്ന മലയാളികളെ കാത്തിരിക്കുന്നതും അമിത ചാർജ്.
നടപടി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്
ദീപാവലിത്തിരക്ക് കണക്കിലെടുത്ത്, യാത്രകൾ സുഗമമാക്കാനുള്ള നടപടികളുമായി ഗതാഗത വകുപ്പ് രംഗത്തെത്തി. ഗവ.
ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് സുഗമ യാത്ര ഉറപ്പാക്കാനും അമിത നിരക്ക് ഈടാക്കുന്നതിൽ നിന്ന് സ്വകാര്യ ബസുകളെ തടയാനും നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. 14 മുതൽ 21 വരെയുള്ള തീയതികളിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്താൻ മോട്ടർ വാഹന ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കും. നിരക്കു പരിശോധനകൾക്കു പുറമേ നികുതി അടച്ചതിന്റെയും പെർമിറ്റുകളുടെയും രേഖ പരിശോധനകളും ഉണ്ടാകും.
വീഴ്ചകൾ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ ടോൾ ബൂത്തുകളിൽ സർക്കാർ ബസുകൾക്കു പ്രത്യേക പാത ഒഴിച്ചിടാൻ നിർദേശം നൽകി.
ടോളുകളിലെ കുരുക്കിൽപ്പെടാതെ സർക്കാർ ബസുകൾ വേഗം കടന്നുപോകുന്നെന്ന് ഉറപ്പുവരുത്താനാണിത്. എല്ലാ ടോൾ ബൂത്തുകളിലും മോട്ടർ വാഹന ഇൻസ്പെക്ടർമാരുടെ സേവനം ഉറപ്പുവരുത്തും.
സർക്കാർ ബസുകൾ എളുപ്പത്തിൽ കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം ഇവർക്കായിരിക്കും. ഇതിനു പുറമേ സ്വകാര്യ വാഹനങ്ങളിലെ അമിത നിരക്ക് സംബന്ധിച്ച പരിശോധനകളും നടത്താനാണ് നിർദേശം.
പരാതികൾ അറിയിക്കാൻ
∙ ട്രാൻസ്പോർട്ട് ആൻഡ് റോഡ് സേഫ്റ്റി കമ്മിഷണർ, ചെന്നൈ – 18004255161 (ടോൾ ഫ്രീ)
∙ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, ചെന്നൈ നോർത്ത് – 9789369634.
∙ ഇന്റർസിറ്റി ട്രാൻസ്പോർട്ട് കമ്മിഷണർ, ചെന്നൈ സൗത്ത് – 9361341926. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]