കൊച്ചി∙ ദർബാർ ഹാൾ കലാകേന്ദ്രത്തിനു പുറത്ത് അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു പഴയ ബസുണ്ട്. ദർബാർ ഹാളും ആർട് ഗാലറിയിലെ പ്രദർശനങ്ങളും കാണാൻ ഇവിടെയെത്തുന്നവെരെല്ലാം ഇതെന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും.
‘ചലിക്കുന്ന ഗാലറി’ എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കു മുൻപ് തുടങ്ങി വച്ച ഉദ്യമത്തിന്റെ ബാക്കിപത്രമാണ് ഈ വാഹനം. ബസിനെ ചലിപ്പിക്കാനുള്ള കേരള ലളിതകലാ അക്കാദമിയുടെ എല്ലാ ശ്രമങ്ങളും പാളിയ മട്ടാണ്.
വിവിധയിടങ്ങളിൽ സഞ്ചരിച്ച് ചിത്രപ്രദർശനങ്ങൾ നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ വാഹനം ലളിതകലാ അക്കാദമിക്കു മുന്നിൽ എത്തിയത്.
എന്നാൽ പല കാരണങ്ങളാൽ ‘മൂവിങ്’ ആർട് ഗാലറി കിതച്ചു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ വാഹനം ആർട് ഗാലറിക്കു മുന്നിൽ പുരാവസ്തുവായി അവശേഷിച്ചു.
10 വർഷത്തിലധികമായി ഇൻഷുറൻസ് അടച്ചിട്ടില്ലെന്നതാണ് വാഹനം ചലിപ്പിക്കാനുള്ള പ്രധാന വെല്ലുവിളി.
സ്പെഷൽ കാറ്റഗറി പെർമിറ്റോടെയാണ് ആദ്യം വാഹനം ഇറക്കിയത്. എന്നാൽ ഇറക്കി 2 വർഷം കഴിഞ്ഞപ്പോൾ ടൂറിസ്റ്റ് ബസ് പെർമിറ്റാക്കി മാറ്റി.
ഇതോടെ അടയ്ക്കേണ്ട നികുതി വർധിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ബസ് വീണ്ടും ഗാലറിയാക്കാൻ അക്കാദമി പദ്ധതിയിട്ടിരുന്നു. പ്രദർശനത്തിനായി കുട്ടികളിൽ നിന്ന് രചനകൾ സ്വീകരിച്ചു.
ഒട്ടേറെ വിദ്യാർഥികൾ രചനകൾ അയയ്ക്കുകയും തിരഞ്ഞെടുക്കപ്പെട്ട രചനകൾക്ക് പുരസ്കാരം നൽകുകയും ചെയ്തിരുന്നു.
എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വാഹനത്തിൽ ഇവ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ല.
വാഹനം പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമത്തിലാണ് കേരള ലളിതകലാ അക്കാദമിയെന്ന് ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. ഉടൻ അറ്റകുറ്റപ്പണികൾ നടത്തി അടുത്ത എക്സിബിഷനായി ബസ് ഒരുക്കാൻ ശ്രമിക്കുകയാണ്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള മഹാത്മാ ഗാന്ധിയുടെ 169 ദിവസങ്ങൾ എന്ന തീമിൽ സ്കൂളുകൾ തോറും പോകുന്ന ഒരു ചിത്രപ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. വാഹനം ഇപ്പോഴും ഓടിക്കാൻ കഴിയുന്ന സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]