
പെരുമ്പാവൂർ ∙ ഡ്രൈവിങ് ടെസ്റ്റിനു ഗ്രൗണ്ട് വാടകയെന്ന പേരിൽ ഡ്രൈവിങ് സ്കൂളുകൾ കൊള്ള നടത്തുന്നുവെന്നു പരാതി. സർക്കാർ ഉടമസ്ഥതയിൽ പെരുമ്പാവൂരിൽ ഗ്രൗണ്ട് ഇല്ലാത്ത അവസ്ഥ മുതലെടുത്താണു സ്കൂളുകൾ തോന്നിയ പോലെ പഠിതാക്കളിൽ നിന്നു ഫീസ് ഈടാക്കുന്നത്.
ഡ്രൈവിങ് സ്കൂളുകളുടെ സംഘടന പട്ടാലിൽ ജോയിന്റ് ആർടി ഓഫിസിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം വാടകയ്ക്ക് എടുത്ത് ട്രാക്ക് നിർമിച്ചാണു ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റ് ദിവസം 250 മുതൽ 500 രൂപ വരെയാണ് ഓരോ പഠിതാവിൽ നിന്നും സ്കൂളുകൾ ഗ്രൗണ്ട് വാടകയെന്ന പേരിൽ ഈടാക്കുന്നത്.
ഓരോ സ്കൂളും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. പഠിപ്പിക്കുന്നതിനും ആർടി ഓഫിസിൽ അടയ്ക്കേണ്ട
ഫീസിനും പുറമെയാണിത്.
സ്ഥല വാടക മാസം 25000 രൂപയാണ്. ആഴ്ചയിൽ 5 ദിവസമാണ് ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ്.
ഒരു ബാച്ചിൽ 40 പേർ. ചില ദിവസം 2 ബാച്ചുകൾ അനുവദിക്കും.കൂടാതെ പ്രത്യേക അനുമതിയോടെ ടെസ്റ്റിനെത്തുന്നവരും ഉണ്ട്.
ദിവസവും ഗ്രൗണ്ട് വാടകയിനത്തിൽ ചുരുങ്ങിയത് 15000–20000 രൂപ ലഭിക്കും. ടെസ്റ്റിനെത്തുവർക്കു ശുചിമുറി സൗകര്യമോ ശുദ്ധജലമോ ലഭ്യമല്ല.
പരിസരത്തും ശുചിത്വമില്ലെന്നും പരാതിയുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന രീതിയിൽ തുക ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ ഉടമകളോടു വിശദീകരണം തേടിയെന്ന് ജോയിന്റ് ആർടിഒ എസ്. പ്രദീപ് പറഞ്ഞു.
ആശാൻ ഫീസ് ( ഇൻസ്ട്രക്ടർക്കുള്ള ദക്ഷിണ) എന്ന നിലയിലാണ് തുക വാങ്ങുന്നതെന്നാണ് സ്കൂളുകളുടെ വിശദീകരണം. 150 രൂപയാണ് ഗ്രൗണ്ട് വാടകയായി വാങ്ങുന്നതെന്നും സ്കൂൾ ഉടമകൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അനാവശ്യ പണപ്പിരിവ് അനുവദിക്കില്ലെന്നും പഠിതാക്കളോടും കൂടെ വരുന്നവരോടും മാന്യമായി പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എങ്ങുമെത്താതെ സർക്കാർ ഗ്രൗണ്ട്
മലമുറിയിൽ ആർടി ഓഫിസും ടെസ്റ്റ് ഗ്രൗണ്ടും നിർമിക്കാൻ 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമായിട്ടില്ല. വാടക കെട്ടിടത്തിലാണ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്.
നഗരസഭാ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം മോശം അവസ്ഥയിലാണ്. സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് മാറി മാറി വരുന്ന ജോയിന്റ് ആർടിഒമാർ സർക്കാരിൽ പദ്ധതി സമർപ്പിക്കുന്നുണ്ടെങ്കിലും നടപടിയില്ല.
ഇതിനൊരു പരിഹാരമായാണു മലമുറിയിൽ ടെസ്റ്റിങ് ഗ്രൗണ്ടും ആർടി ഓഫിസും എന്ന പദ്ധതി സമർപ്പിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]