കളമശേരി ∙ സ്വന്തമായി ഭൂമിയില്ലാത്തവർക്കു വീടു നിർമിച്ചു നൽകുന്നതിനു നഗരസഭ നീക്കിവച്ച സ്ഥലം തരംമാറ്റി നൽകുന്നതിനു റവന്യു വകുപ്പ് കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ചു നഗരസഭാധ്യക്ഷ സീമ കണ്ണൻ, ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് കൗൺസിലർമാർ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചു. ഡേറ്റബാങ്കിൽ ഉൾപ്പെട്ട 76.5ആർ ഭൂമി ലൈഫ് ഭവനപദ്ധതിക്കായി തരം മാറ്റി നൽകണമെന്നു കാണിച്ച് നഗരസഭ റവന്യു മന്ത്രിക്ക് 2023 ആദ്യപാദത്തിൽ അപേക്ഷ നൽകിയിരുന്നു.
മാസങ്ങൾക്കു ശേഷം ആർഡിഒക്ക് അപേക്ഷ നൽകാൻ റവന്യു വകുപ്പ് നിർദേശം നൽകി. തീരുമാനം നീണ്ടപ്പോൾ യുഡിഎഫ് കൗൺസിലർമാർ ആർഡിഒ ഓഫിസിലെത്തി പ്രതിഷേധിച്ചു. 2023 ഡിസംബറിൽ നവകേരള സദസ്സിലും നഗരസഭ അപേക്ഷ നൽകി.
തീരുമാനം നീണ്ടുപോയി.
ഈ വർഷം മേയ് 30ന് ഭൂമി ഡേറ്റാബാങ്കിൽ നിന്നു നീക്കം ചെയ്തുവെന്നും ഫോം –7ൽ അപേക്ഷ സമർപ്പിക്കണമെന്നും നിർദേശം നൽകി. രേഖകളെല്ലാം തയാറാക്കി ജൂലൈ 20ന് നഗരസഭ ഫോം–7 വില്ലേജ് ഓഫിസിൽ സമർപ്പിച്ചു. 23ദിവസം കഴിഞ്ഞിട്ടും ഫയലിൽ തീരുമാനമെടുത്തില്ല.
ഇന്നലെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി എത്തുന്നതറിഞ്ഞു രാവിലെ തന്നെ ഫയലിൽ തീരുമാനമെടുത്തു. ഭൂമിയുടെ ന്യായവില തീർപ്പാക്കിയതിലും ന്യൂനതകളുണ്ട്.
സ്വകാര്യവഴി സമീപത്തുണ്ടെന്നു കാട്ടിയാണ് വഴിയില്ലാത്ത ഭൂമിയുടെ ന്യായവില കണക്കാക്കിയത്. ഇതനുസരിച്ച് ഒരു ആറിന് 1.98 ലക്ഷം രൂപയാണ് ന്യായവില നിശ്ചയിട്ടുള്ളത്.
ഈ ഭൂമി തരം മാറ്റിക്കിട്ടുന്നതിനു നഗരസഭ 30 ലക്ഷം രൂപയോളം ഫീസ് നൽകണം.
ഈ ഫീസ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പദ്ധതി ഇനിയും മാസങ്ങളോളം നീളുമെന്നതിനാൽ ഈ പണം അടയ്ക്കാൻ നഗരസഭ തയാറാണെന്നും പണം പദ്ധതിവിഹിതത്തിൽ നീക്കിവച്ചിട്ടുണ്ടെന്നും ജമാൽ മണക്കാടൻ പറഞ്ഞു. വില്ലേജ് ഓഫിസർ അവധിയിലായിരുന്നതിനാൽ ഉന്നതോദ്യോഗസ്ഥർ എത്താതെ പിരിഞ്ഞുപോകില്ലെന്നു കൗൺസിലർമാർ അറിയിച്ചു.
ഉച്ചയോടെ തഹസിൽദാർ ഡി.വിനോദ് എത്തി ചർച്ച നടത്തുകയും ലൈഫ് പദ്ധതി നടപ്പാക്കുന്നതിനുള്ള ഭൂമി കരഭൂമിയായി പ്രഖ്യാപിച്ചുകൊണ്ടു തിങ്കളാഴ്ച ഉത്തരവിറക്കുമെന്ന് അറിയിച്ചതോടെയാണ് കൗൺസിലർമാർ സമരം അവസാനിപ്പിച്ചത്.റവന്യുവകുപ്പിന്റെ വീഴ്ച മറച്ചുപിടിച്ച്, കുറ്റം നഗരസഭയുടെ മേൽ പഴിചാരി എൽഡിഎഫ് നഗരസഭാ ഓഫിസിനു മുന്നിൽ 2 വട്ടമായി സമരം നടത്തിയതിൽ പ്രകോപിതരായാണു യുഡിഎഫ് കൗൺസിലർമാർ വില്ലേജ് ഓഫിസ് സ്തംഭിപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]