
കൊച്ചി ∙ പുല്ലുവെട്ടും കിളയ്ക്കലും കപ്പ പറിക്കലും ഒരേ ഉപകരണത്തെക്കൊണ്ടു നടത്താമെന്നു തെളിയിച്ചതാണ് ജോസഫ് പീച്ചനാട്ടിന് സംസ്ഥാന കൃഷി വകുപ്പിന്റെ നൂതനാശയങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം നേടിക്കൊടുത്തത്. ഉപകരണത്തിന്റെ പേര് വിവിധോദ്ദേശ്യ ചക്രവണ്ടി.ഇൗ വണ്ടിയിൽ ബ്രഷ് കട്ടർ ഘടിപ്പിച്ചാൽ കാടുവെട്ടാം.
അത്യാവശ്യം പറമ്പു കിളയ്ക്കാം. വെട്ടിയെടുക്കുന്ന പുല്ലും കാടും കാർഷികോൽപന്നങ്ങളും കൃഷിയിടത്തിലേക്കും തിരിച്ചും ചുമക്കേണ്ട.
അതിനു ചക്രവണ്ടി ഉപകരിക്കും.
വണ്ടിയിൽ ചെറിയ ഉപകരണം ഘടിപ്പിച്ചാൽ കപ്പ ചുവടോടെ പൊക്കിയെടുക്കാം. കൂർക്ക, ഇഞ്ചി, തുടങ്ങിയ വിളകൾ പറിച്ചെടുത്ത് മണ്ണ് മാറ്റി ട്രോളിയിൽ കൊണ്ടുപോകാം.
കീടനാശിനി പോലുള്ളവ കൈകൊണ്ട് അടിക്കുമ്പോൾ രണ്ടര അടിവരെ അകലേക്കേ അടിക്കാനാവൂ. എന്നാൽ ഇൗ യന്ത്രത്തിൽ ഘടിപ്പിച്ച് മരുന്നടിച്ചാൽ 7 അടിവരെ അകലേക്കു മരുന്നു തളിക്കാം.
ആർക്കും അനായാസം ഉപയോഗിക്കാമെന്നതാണു വിവിധോദ്ദേശ്യ ചക്രവണ്ടിയുടെ മേൻമ. യന്ത്രത്തിനു ജോസഫിനു പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
വിപണിയിൽ ലഭിക്കുന്ന ബ്രഷ് കട്ടർ ഉപയോഗിക്കുമ്പോൾ കല്ല് തെറിച്ചു കൊണ്ട് കാൽ മുറിയാറുണ്ട്.
തോളിൽ തൂക്കിയിടുന്നതുമൂലം പലർക്കും തോൾ വേദനയും ഉണ്ടാവും. ഇൗ യന്ത്രത്തിന് ഇൗ രണ്ടു കുഴപ്പവും ഇല്ലെന്നതും പ്രത്യേകതയാണ്.
ഏതു കമ്പനിയുടെ ഏതുതരം മെഷീനും ഇതിൽ ഫിറ്റ് ചെയ്യാമെന്നും ജോസഫ് പറയുന്നു.മുൻപു കേന്ദ്ര ഗ്രാമീണ വികസന വികസന വകുപ്പിന്റെ ഒരു ലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും ജോസഫ് പീച്ചനാട്ടിനു ലഭിച്ചിട്ടുണ്ട്. ചെടികൾ ബഡ്ഡ് ചെയ്യാനുള്ള ലളിതമായ യന്ത്രത്തിനായിരുന്നു അവാർഡ്.
വിവിധ സർവകലാശാലകൾ, ഇന്നവേഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത് എന്നിവയുടേതുൾപ്പെടെ പന്ത്രണ്ടോളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]