
കോതമംഗലം∙ ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം പുതിയറോഡ് കാഞ്ഞിരപ്പറമ്പ് തോപ്പിൽപറമ്പിൽ റമീസിനെ (24) കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റമീസിന്റെ കുടുംബാംഗങ്ങളെ ഇതുവരെ അന്വേഷണ സംഘത്തിനു ചോദ്യംചെയ്യാൻ കഴിഞ്ഞിട്ടില്ല. റമീസ് പിടിയിലായതിനു പിന്നാലെ വീടുപൂട്ടി ഇവർ ഒളിവിൽ പോയതായാണു വിവരം. ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും കണ്ടെത്തിയിട്ടില്ല.കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർക്കും.
നിർബന്ധിത മതപരിവർത്തനത്തിനു കേസെടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണു പൊലീസ് നിലപാട്.
മതം മാറ്റിയ ശേഷം ചൂഷണം ചെയ്യാനോ തീവ്രവാദ പ്രവർത്തനങ്ങൾക്കോ മറ്റോ ഉപയോഗിക്കുകയുമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നു കണ്ടെത്തിയാലേ ഇക്കാര്യത്തിൽ കേസെടുക്കാൻ കഴിയൂ. തീവ്രവാദ സംഘടനകളുമായോ മതപരിവർത്തനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘങ്ങളുമായോ റമീസിനു ബന്ധമുണ്ടെന്നു വ്യക്തമാകുകയും അതിന് ആവശ്യമായ തെളിവുകളും വേണം.
അന്വേഷണം പുരോഗമിക്കുമ്പോൾ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്താനാണു തീരുമാനം.
ജോർജ് കുര്യനും സുരേഷ് ഗോപിയും വീട് സന്ദർശിച്ചു
കോതമംഗലം∙ കറുകടത്ത് ജീവനൊടുക്കിയ വിദ്യാർഥിനിയുടെ വീട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും സന്ദർശിച്ചു. എൻഐഎ അന്വേഷണ ആവശ്യം കുടുംബാംഗങ്ങൾ കേന്ദ്രമന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി.
കേസിന്റെ എഫ്ഐആർ അനുസരിച്ചാണ് എൻഐഎ ഇടപെടുന്നതെന്നു മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. റ മീസിനെതിരെ നിർബന്ധിത മതപരിവർത്തനം എന്ന വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാലേ എൻഐഎ ഇടപെടൽ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, എൻഐഎ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി യുവതിയുടെ സഹോദരൻ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]