കോതാട് ∙ കടമക്കുടിയിൽ സമഗ്ര ടൂറിസം വികസനം സാധ്യമാക്കുന്ന പദ്ധതി രൂപരേഖ പരിശോധിച്ചു ഇൗ മാസത്തിൽ തന്നെ ഭരണാനുമതി നൽകാനാണു ലക്ഷ്യമിടുന്നതെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക ജന വിഭാഗങ്ങളുടെയും യോജിപ്പോടെ കടമക്കുടി ഡിസൈൻഡ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്.കടമക്കുടി ദ്വീപ് സമൂഹത്തിന്റെ ടൂറിസം വികസന സാധ്യത തിരിച്ചറിയാനും നടപ്പിലാക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച കടമക്കുടി വാലി ഓഫ് ഹെവൻ ടൂറിസം സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സുസ്ഥിരവും സുരക്ഷിതവുമായ ടൂറിസം പദ്ധതികളാണു നടപ്പിലാക്കേണ്ടത്. ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കണം.
ചെറിയ കടകൾ മുതൽ എല്ലാ വികസനവും കൃത്യമായി ഡിസൈൻഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സബ് കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യാതിഥിയായി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, ജിഡ സെക്രട്ടറി രഘുരാമൻ എന്നിവർ പ്രസംഗിച്ചു.
യോഗം 25 ന്
കടമക്കുടി വാലി ഓഫ് ഹെവൻ ടൂറിസം സെമിനാറിൽ ഉയർന്നു വന്ന നിർദേശങ്ങളും സാധ്യതകളും പരിശോധിക്കാൻ 25ന് കടമക്കുടിയിൽ യോഗം ചേരുമെന്നു കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ.
റവന്യു വകുപ്പാണു യോഗം നടത്തുന്നത്. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.
ഭൂവുടമകൾ, ഹോംസ്റ്റേ, റിസോർട്ട് ഉടമകൾ, ടൂറിസം മേഖലയുമായി ചേർന്നു പ്രവർത്തിക്കുന്നവർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ, കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ.ഗിരിജ, ഡിസൈൻ ഹബ് പ്രസിഡന്റ് കീർത്തി തിലകൻ, അഡ്വഞ്ചർ ടൂറിസം ഓൺ വാട്ടർ സ്പോർട്സ് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, ശ്രീജിത്ത്, മനോജ് പടമാടൻ എന്നിവർ പ്രസംഗിച്ചു.
ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ
∙ സുരക്ഷിത ടൂറിസം നടപ്പിലാക്കാൻ കടമക്കുടിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടൂറിസ്റ്റ് പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കൽ.
∙ടൂറിസ്റ്റുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കൽ. ∙പ്രദേശവാസികൾക്കു വരുമാനം ലഭിക്കുന്ന തരത്തിൽ പദ്ധതികൾ വിഭാവനം ചെയ്യൽ.
∙ എക്കൽ നിറഞ്ഞ പുഴയിലെ മണ്ണെടുത്ത് ആഴം വർധിപ്പിച്ചു കൂടുതൽ വലിയ ബോട്ടുകൾക്കു കടന്നു പോകാൻ സൗകര്യം ഒരുക്കൽ. ∙ ബോട്ടുകൾ അടുപ്പിച്ചു യാത്രക്കാരെ ഇറക്കാൻ കഴിയുന്ന തരത്തിൽ ബെർത്തുകൾ നിർമിക്കൽ.
∙തനതായ പ്രകൃതി സൗന്ദര്യവും ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രങ്ങളും നിലനിർത്തണം. കണ്ടൽക്കാട് സംരക്ഷണം.
∙ ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ, സാഹസിക ടൂറിസം പദ്ധതികൾ, കയാക്കിങ്, സൈക്ലിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം. ∙ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ.
∙ കടമക്കുടി ടൂറിസം പദ്ധതിക്കു പ്രത്യേക ലോഗോ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]