
മൂവാറ്റുപുഴ∙ നഗരത്തെ സ്തംഭിപ്പിച്ച എംസി റോഡിലെ പാതാളക്കുഴി, മൂടാൻ ശ്രമിക്കുന്തോറും കൂടുതൽ വലുതാകുന്നു. കുഴി മൂടുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പവും വർധിച്ചു. ഭൂമിക്കടിയിലൂടെ കടന്നു പോകുന്ന ഓട
തകർന്നതാണ് മണ്ണൊലിച്ചു പോയി കുഴി ഉണ്ടാകാനുള്ള കാരണമെന്നായിരുന്നു ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കുഴിയുടെ അടിയിൽ കോൺക്രീറ്റ് ഓട
കണ്ടെത്തി ഇതു ശക്തിപ്പെടുത്തി സ്ലാബ് സ്ഥാപിച്ച ശേഷം ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് കുഴി മൂടാനായിരുന്നു തീരുമാനം.എന്നാൽ ഇന്നലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിൽ നിന്നു കൂടുതൽ മണ്ണു മാറ്റിയുള്ള പരിശോധനയിൽ ബിഎസ്എൻഎൽ കേബിളുകൾ കടത്തിവിട്ടിരുന്ന കോൺക്രീറ്റ് ചേംബർ ആണ് കണ്ടെത്തിയത്. കാന കണ്ടെത്താൻ കഴിഞ്ഞില്ല.
കാന മറ്റൊരു ഭാഗത്താണെന്നു മനസ്സിലാക്കി കൂടുതൽ മണ്ണു മാറ്റി പരിശോധന നടത്താനുള്ള ശ്രമത്തിനിടയിൽ റോഡിന്റെ ഭാഗത്തു നിന്നു മണ്ണിടിഞ്ഞു വീണു.
ഇത് റോഡിനും പാലത്തിനും ഭീഷണിയായതോടെ മണ്ണെടുത്ത് കുഴി വിപുലമാക്കിയുള്ള പരിശോധനയും കുഴി മൂടുന്നതിനുമുള്ള പ്രവർത്തനങ്ങളും സ്തംഭിച്ചു.നഗര റോഡ് വികസന പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ ജീവനക്കാരും എൻജിനീയർമാരും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കെആർഎഫ്ബി ഉദ്യോഗസ്ഥരും ഇവിടേക്ക് തിരിഞ്ഞു നോക്കിയതേയില്ല.
കുഴി മൂടുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും ആശയക്കുഴപ്പവും കരാർ കമ്പനി എൻജിനീയർമാർ പൊതുമരാമത്ത്, കെആർഎഫ്ബി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ഇവർക്കു ലഭിച്ചതുമില്ല.
പിന്നീട് റോഡിന്റെ അടിയിൽ നിന്ന് മണ്ണിടിച്ചിൽ തടയാൻ മെറ്റൽ ഷീറ്റ് പൈലിങ് ആരംഭിക്കാൻ തീരുമാനമായി. മണ്ണ് ഇടിയുന്ന റോഡിന്റെ ഭാഗത്ത് മെറ്റൽ ഷീറ്റ് താഴ്ത്തി മണ്ണിടിച്ചിൽ ഒഴിവാക്കി കുഴിയിൽ കോൺക്രീറ്റ് കാന കണ്ടെത്താനാണ് ശ്രമം.
ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റോഡിനു കുറുകെ ഭൂമിക്കടിയിലൂടെ കാനകൾ പാലത്തിനു സമീപം സംഗമിക്കുകയും ഇവിടെ നിന്ന് പുഴയിലേക്ക് ഒഴുകുകയും ചെയ്തിരുന്നു എന്ന് മുൻപ് മൂവാറ്റുപുഴയിൽ ഉണ്ടായിരുന്ന എൻജിനീയർമാർ വ്യക്തമാക്കി. ഇതോടെ ആശയക്കുഴപ്പം വർധിച്ചു. കുഴി ഉണ്ടാകാനുള്ള കാരണം സംബന്ധിച്ചും ആശങ്കകൾ ഉയർന്നിരിക്കുകയാണ്.
മൂന്നാം ദിവസവും നഗരം കുരുങ്ങി
പാലത്തിനു സമീപം രൂപപ്പെട്ട
കുഴി മൂലം മൂന്നാം ദിവസവും നഗരം കുരുങ്ങി. കച്ചേരിത്താഴം പാലം പൂർണമായും അടച്ചില്ലെങ്കിലും പാലത്തിലേക്ക് എത്തുന്ന റോഡിന്റെ ഒരു ഭാഗത്തു കൂടിയുള്ള ഗതാഗതം പൂർണമായി നിയന്ത്രിച്ചതോടെയാണു ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇത് നഗരത്തിൽ എത്തിയവരെ എല്ലാം വലച്ചു. ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്താതെ വന്നതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ റോഡിലേക്ക് ഇറങ്ങി നിൽക്കേണ്ടി വന്നു.
വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. കച്ചേരിത്താഴം പാലത്തിന്റെ പകുതി ഭാഗം അടച്ച് ഒരു വശത്തേക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചത്.
ഇതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്.
എൽദോ ഏബ്രഹാം കത്ത് നൽകി
എംസി റോഡിൽ വീണ്ടും വൻ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കേരള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ഡിസൈൻ വിങ്ങും ചേർന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ എൽദോ ഏബ്രഹാം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകി. വൻദുരന്തത്തിനു കാത്തു നിൽക്കാതെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം മാത്രമേ കുഴി നികത്താൻ ശ്രമിക്കാൻ പാടുള്ളൂ എന്നും എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]