
ഏലൂർ ∙ എത്രയെത്ര സമരങ്ങൾ, എത്രയോ കേസുകൾ, എത്രയോ പഠനങ്ങൾ, എത്രയോ കണ്ടെത്തലുകൾ. ഇവയൊന്നും ഏലൂർ– എടയാർ വ്യവസായ മേഖലയിലെ മലിനീകരണത്തിനു പരിഹാരം കണ്ടില്ല.
വായു മലിനീകരണവും ദുർഗന്ധവും പൂർണമായും ഒഴിവാക്കാൻ വ്യവസായശാലകൾ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണമെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഈയിടെ രൂപീകരിച്ച കമ്മിറ്റിയുടെ വാരാന്ത്യ അവലോകനത്തിന്റെ ആദ്യയോഗത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു.
യോഗങ്ങൾ മുടക്കം കൂടാതെ ചേരുന്നുണ്ടെങ്കിലും വായുമലിനീകരണം ദിനംപ്രതി വർധിക്കുയാണ്. ഏലൂർ–എടയാർ മേഖലയിൽ വായുമലിനീകരണത്തിനു കാരണമാകുന്ന 20 കമ്പനികളിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻഐഐഎസ്ടി) പഠനം നടത്തിയിരുന്നു. സെപ്റ്റംബറിൽ സമർപ്പിച്ച പഠനറിപ്പോർട്ടിൽ കമ്പനികളിലെ മാലിന്യ സംസ്കരണ സംവിധാനത്തിലെ പോരായ്മകൾ അക്കമിട്ടു നിരത്തിയിരുന്നു.
എല്ല്, തുകൽ, കോഴിമാലിന്യ സംസ്കരണ യൂണിറ്റുകളാണ് വായുമലിനീകരണത്തിന്റ പ്രധാന ഉറവിടം.
പല സ്ഥാപനങ്ങളും ബയോ ഫിൽറ്ററുകൾ പ്രവർത്തിപ്പിക്കുന്നില്ല. അസംസ്കൃത വസ്തുക്കൾ ഉൽപാദന ശേഷിക്ക് ആനുപാതികമായി മാത്രം സംഭരിക്കുക, മഴക്കാലത്തു ഉൽപാദനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, രാത്രിയിൽ ഉൽപാദനം നടത്താതിരിക്കുക തുടങ്ങിയവയൊന്നും പാലിക്കപ്പെടുന്നില്ല. തങ്ങൾ അനുഭവിക്കുന്ന ദുരിതം എത്രമാത്രം വലുതാണെന്നു മനസ്സിലാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നതോദ്യോഗസ്ഥർ ഒരു മാസമെങ്കിലും ഏലൂരിൽ താമസിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
വ്യവസായങ്ങൾ നിലനിൽക്കണമെങ്കിൽ മലിനീകരണം നിർത്തണമെന്ന് പിസിബി ചെയർപഴ്സൻ വ്യവസായികളെ അറിയിച്ചതായി പറയുന്നുണ്ടെങ്കിലും ദിനംപ്രതി മലിനീകരണത്തിന്റെ കാഠിന്യം വർധിക്കുകയാണ്.
ബോർഡിന്റെ പരിശോധനയിൽ കുറെയധികം ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യവസായത്തിനും മഴവെള്ളം ഒഴുകിപ്പോകാൻ പ്രത്യേകം ഡ്രെയിനേജ് സംവിധാനം വേണമെന്ന് വ്യവസായ കേന്ദ്രം ജനറൽ മാനേജരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ഡിലേ പോണ്ടും നിർമിക്കണം.
ഓൺലൈൻ മോണിറ്ററിങ് സംവിധാനവും സ്ഥാപിക്കണം.സർവലൻസ് സെന്ററിന്റെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുമെന്നും പറഞ്ഞിരുന്നു. പുതിയ ഓഫിസ് പെരിയാറിന്റെ തീരത്തു വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
കേന്ദ്ര ലാബിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്നും അവർ പറഞ്ഞു. വേസ്റ്റ് റെൻഡറിങ് പ്ലാന്റുകൾ കൂടുതലായി സ്ഥാപിക്കുന്നതു മൂലം മാലിന്യപ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്നും സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് അതാതു മേഖലകളിൽ തന്നെ അറവുമാലിന്യം സംസ്കരിക്കുന്നതിനാവശ്യമായ റെൻഡറിങ് പ്ലാന്റുകൾ സ്ഥാപിക്കണമെന്നു വ്യവസായികളും നിർദേശിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]