
വാടകയ്ക്ക് എടുത്ത വീട്ടിൽ നായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ച സംഭവം: അനിശ്ചിതത്വം തുടരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കുന്നത്തുനാട് പഞ്ചായത്തിലെ കിഴക്കമ്പലം വെമ്പിള്ളിയിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ കൂട്ടത്തോടെ നായ്ക്കളെ താമസിപ്പിച്ചിരിക്കുന്ന സംഭവത്തിൽ അനിശ്ചിതത്വം തുടരുന്നു. 30 ദിവസത്തിനകം നായ്ക്കളെ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റണമെന്ന് ഏപ്രിൽ 3ന് ആർഡിഒ ഉത്തരവിട്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. നായ്ക്കളുടെ കുരയും ദുർഗന്ധവും സഹിക്കാനാവാതെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
അതേസമയം, പഞ്ചായത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ഇതുവരെ ചെയ്ത കാര്യങ്ങളിൽ റിപ്പോര്‍ട്ടുകൾ സമർപ്പിച്ചുവെന്നും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ഡേവിസ് വ്യക്തമാക്കി. എന്നാൽ നാട്ടുകാർ കൂട്ടത്തോടെ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് കമ്മിറ്റിയിൽ മുൻഗണനാക്രമത്തിൽ ഇക്കാര്യം കൊണ്ടുവന്നില്ലെന്ന് വെമ്പിള്ളി വാർഡ് അംഗം എൻ.ഒ.ബാബു കുറ്റപ്പെടുത്തി.
വാടകക്കാരെ ഒഴിവാക്കി വീട്ടുടമ വീടും പരിസരവും ഏറ്റെടുത്ത് വൃത്തിയായി സൂക്ഷിക്കണമെന്നായിരുന്നു ആർഡിഒയുടെ ഉത്തരവ്. 30 ദിവസത്തിനകം നായ്ക്കളെ മാറ്റാത്ത പക്ഷം കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റുകയോ സ്ഥലം കിട്ടിയില്ലെങ്കിൽ മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് ക്യാംപ് നടത്തി ആവശ്യക്കാർക്ക് നൽകണമെന്നും ആർഡിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മൃഗസംരക്ഷണ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. സ്ഥലം സന്ദർശിച്ച് ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. നേരത്തെ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ് എന്നിവരിൽ നിന്നു ആർഡിഒ റിപ്പോർട്ട് തേടിയിരുന്നു. ആർഡിഒ നേരിട്ട് സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
45ഓളം നായ്ക്കളെയാണ് വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ ദുർഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായതായി നാട്ടുകാർ നിരന്തരം പരാതി ഉന്നയിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സ്ഥലം എംഎല്‍എ വി.പി.ശ്രീനിജിനും നാട്ടുകാർക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ലെന്നും കോടതിയെ സമീപിക്കുന്ന കാര്യമടക്കം എംഎൽഎയുടെ നേതൃത്വത്തിൽ ആലോചിക്കുന്നുവെന്നും വാർഡ് അംഗം എൻ.ഒ.ബാബു പറഞ്ഞു. നാട്ടുകാർ കൂട്ടപ്പരാതി നല്‍കിയിട്ടും ഇക്കാര്യം മുൻഗണനാക്രമത്തിൽ ഉൾപ്പെടുത്തി പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട ഉത്തരവാദിത്തം പ്രസിഡന്റിനും സെക്രട്ടറിക്കും ഉണ്ടായിട്ടും കമ്മിറ്റിയുടെ അജണ്ടയിൽ പോലും ഉള്‍പ്പെടുത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കുന്നത്തുനാട്ടിൽ കുറെക്കാലമായി പഞ്ചായത്ത് സെക്രട്ടറി ഇല്ല എന്ന് പ്രസിഡന്റ് ജാൻസി ഡേവിഡ് ചൂണ്ടിക്കാട്ടി. ഐക്കരനാട് പഞ്ചായത്ത് സെക്രട്ടറിക്കായിരുന്നു മുന്‍പ് ചുമതല. അന്ന് വീട് ഒഴിയാൻ സ്റ്റോപ് മെമോ കൊടുത്തിരുന്നു. എന്നാൽ അവർ വീട് ഒഴിയാൻ തയാറായിട്ടില്ല. അനുയോജ്യമായ സ്ഥലം തേടിക്കൊണ്ടിരിക്കുകയാണെന്നും ലഭിക്കുന്ന മുറയ്ക്ക് മാറാമെന്നുമാണ് വാടകക്കാർ പറയുന്നത്. പല സ്ഥലങ്ങളിൽ നിന്നായി എത്തിച്ചിട്ടുള്ള നായ്ക്കളാണ് ഇവിടെയുള്ളത്. അവയെ ഏറ്റെടുക്കാൻ പഞ്ചായത്തിന് സാധിക്കില്ല. വീട്ടുകാരെ അവിടെ നിന്നു മാറ്റുന്നതിൽ വീട്ടുടമയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അതിനുള്ള നിയമനടപടികൾ സ്വീകരിക്കുന്നു എന്നാണ് മനസിലാക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.