
അതിഥി തൊഴിലാളികളുടെ പണവും ഫോണുകളും കവർന്നു: 2 എക്സൈസുകാർ അറസ്റ്റിൽ
കിഴക്കമ്പലം ∙ പരിശോധനയ്ക്ക് എന്ന വ്യാജേന വാഴക്കുളം പോസ്റ്റ് ഓഫിസ് ജംക്ഷനിലെ അതിഥി തൊഴിലാളി ക്യാംപിലെത്തി 56,000 രൂപയും 4 മൊബൈൽ ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം 4 പേർ അറസ്റ്റിൽ. കുന്നത്തുനാട് എക്സൈസ് പ്രിവന്റീവ് ഓഫിസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), ആലുവ സർക്കിൾ ഓഫിസിൽ നിന്നു കമ്മിഷണർ സ്ക്വാഡിലേക്കു സ്ഥലം മാറിയ തായിക്കാട്ടുകര മേക്കിലക്കാട്ടിൽ സിദ്ദാർത്ഥ് (35), ചൂണ്ടി തെങ്ങളാംകുഴി മണികണ്ഠൻ ബിലാൽ (30), ജിബിൻ (32) എന്നിവരെയാണു തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു കസ്റ്റഡിയിലെടുത്ത എക്സൈസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തിയതു രാത്രി വൈകിയാണ്.
ഡ്യൂട്ടി സമയത്തെ പ്രവൃത്തിയുടെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്ത അപൂർവം സംഭവങ്ങളിലൊന്നാണ് ഇത്.കഴിഞ്ഞ ഞായർ രാത്രിയാണ് അതിഥി തൊഴിലാളി ക്യാംപിൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയതും പണവും ഫോണുകളും കവർന്നതും. അസം സ്വദേശിയായ ജോഹിറുലിന്റെ പരാതിയിലാണ് അറസ്റ്റ്.
ഉദ്യോഗസ്ഥർ തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. അറസ്റ്റിലായ മണികണ്ഠൻ ബിലാൽ എടത്തല പൊലീസ് റജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ്.
ഇയാൾ തങ്ങൾക്കു രഹസ്യ വിവരങ്ങൾ നൽകുന്ന ഇൻഫോർമർ ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴി. സംഭവത്തിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]