മൂവാറ്റുപുഴ ∙ പാചകവാതക സിലിണ്ടർ ക്ഷാമം നേരിടുന്ന അടുക്കളയിൽ ഇനി ‘റോക്കറ്റും ബുള്ളറ്റും’ തീ പാറിക്കും. പേര് കേട്ടു പേടിക്കേണ്ടതില്ല.
സംഗതി വിറക് അടുപ്പാണ്. പക്ഷേ പെർഫോമൻസ് ‘വേറെ ലെവൽ’.
വാണിജ്യ സിലിണ്ടറുകൾ കിട്ടാക്കനിയായതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഈ പ്രതിസന്ധിയെ കാറ്റിൽ പറത്തിയാണ് റോക്കറ്റ് അടുപ്പുകളുടെ വരവ്.
സാധാരണ വിറക് അടുപ്പിനേക്കാൾ 40% മുതൽ 60% വരെ വിറക് ലാഭിക്കാം. ചിരട്ടയോ ഉണങ്ങിയ ഇലകളോ ഉണ്ടെങ്കിൽ പോലും സംഗതി ഉഷാർ.
‘L’ ആകൃതിയിലുള്ള രൂപകൽപന ആയതിനാൽ തീ ജ്വാലകൾ നേരെ പാത്രത്തിന്റെ അടിയിലേക്ക് കുതിക്കും. പേര് പോലെ തന്നെ പാചകം റോക്കറ്റ് വേഗത്തിൽ നടക്കും.
ഇന്ധനം പൂർണമായി കത്തുന്നതിനാൽ അടുക്കളയിൽ പുകയുടെ ശല്യമില്ല.
റോക്കറ്റിന്റെ അൽപം കൂടി പരിഷ്കരിച്ച രൂപമാണ് ബുള്ളറ്റ് അടുപ്പുകൾ. കണ്ടാൽ ചെറിയ സിലിണ്ടർ പോലിരിക്കും.
ഇതിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഇലക്ട്രിക് ബ്ലോവർ വായുവിനെ ആഞ്ഞു തള്ളുന്നതോടെ തീയുടെ കടുപ്പം കൂടും. വെറും ഒരു കിലോഗ്രാം വിറകോ ചിരട്ടയോ ഉണ്ടെങ്കിൽ ഒന്നൊന്നര മണിക്കൂർ വരെ പാചകം തുടരാം.
ഗ്യാസ് അടുപ്പിനെക്കാൾ വേഗത്തിൽ വെള്ളം തിളപ്പിക്കാം എന്നതാണ് ഇതിന്റെ ഹൈലൈറ്റ്.
പോക്കറ്റ് കാലിയാകില്ല
എറണാകുളം, തൃശൂർ ജില്ലകളിലെ നിർമാണ യൂണിറ്റുകളിൽ ഇപ്പോൾ റോക്കറ്റ്, ബുള്ളറ്റ് അടുപ്പിനായി വലിയ തിരക്കാണ്. ഈ അടുപ്പുകളുടെ ചെറിയ പോർട്ടബിൾ മോഡലുകൾക്ക് 1,000 മുതൽ 2,500 രൂപ വരെയാണ് വില.
അൽപം കൂടി വലിയ മോഡലുകൾക്ക് 2,500 – 5,500 രൂപ. ബ്ലോവർ ഘടിപ്പിച്ചവയ്ക്ക് 4,000 – 8,000 രൂപ വില വരും.
ഹോട്ടലുകൾക്കും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള അടുപ്പുകൾക്ക് 12,000 രൂപ മുതൽ 60,000 രൂപ വരെ വിലയുണ്ട്.
ഹോസ്റ്റലുകളിൽ വിശപ്പിന്റെ വിളി
വാണിജ്യ സിലിണ്ടർ കിട്ടാതായതോടെ താമസക്കാർക്ക് ഭക്ഷണം നൽകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് നഗരത്തിലെ ഭൂരിഭാഗം ഹോസ്റ്റലുകളും. ഏകദേശം ആയിരത്തിലധികം സ്വകാര്യ ഹോസ്റ്റലുകൾ ഉണ്ട് കൊച്ചി നഗരത്തിൽ.
പഠനത്തിനും ജോലിക്കുമായി ഹോസ്റ്റലുകളിൽ കഴിയുന്നത് ഒരു ലക്ഷത്തിലധികം പേരാണ്. മൂന്നു നേരത്തെ ഭക്ഷണം ഉൾപ്പെടെയാണ് ഹോസ്റ്റലുകൾ വാടക ഈടാക്കുന്നത്.
ഭക്ഷണ നിരക്കായി വാങ്ങിയ തുക താമസക്കാർക്കു ചില ഉടമകൾ തിരിച്ചു നൽകുന്നുണ്ട്. 5000 രൂപ മാസവാടക ഈടാക്കുന്ന ഹോസ്റ്റലിൽ ചിലയിടത്ത് 1500 രൂപയാണ് മൂന്നു നേരത്തെ ഭക്ഷണത്തിനായി ഈടാക്കുന്നത്.
ഒരു ദിവസം 60 രൂപ കണക്കാക്കിയാൽ പുറത്തു നിന്ന് ഒരു നേരത്തെ ഭക്ഷണത്തിനേ തികയൂ.
ഹോസ്റ്റലുകളെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ഹോസ്റ്റൽ ഓണേഴ്സ് സംയുക്ത സമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീം ഹംസ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി നവാസ് വയൽക്കര തുടങ്ങിയവർ പറഞ്ഞു.
ആയുർവേദ ആശുപത്രികളിലും പ്രതിസന്ധി
ഇന്ധനക്ഷാമം ആയുർവേദ ചികിത്സ മേഖലയെയും പ്രതിസന്ധിയിലാക്കിയേക്കുമെന്ന് ആശങ്ക.
ധാര, പിഴിച്ചിൽ തുടങ്ങിയ പഞ്ചകർമ ചികിത്സകൾക്കും ഔഷധ എണ്ണകൾ തയാറാക്കുന്നതിനും മണിക്കൂറുകളോളം ഗ്യാസ് ഉപയോഗിക്കേണ്ടി വരുന്നുണ്ട്. സർക്കാർ മെഡിക്കൽ കോളജുകളിൽ നിലവിൽ തടസ്സങ്ങളില്ലെങ്കിലും സ്വകാര്യ ആയുർവേദ ആശുപത്രികളിലെ ചികിത്സ ക്രമങ്ങളെ ഇന്ധന ലഭ്യതക്കുറവ് ബാധിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്.
കാലിയാകുന്നു ചില്ലലമാരകൾ
സാധാരണക്കാരന്റെ സായാഹ്നരുചികളായ ചെറുകടികളും മധുരപലഹാരങ്ങളുമെല്ലാം ബേക്കറികളിൽ നിന്ന് അപ്രത്യക്ഷമാകുകയാണ്.
ബ്രഡ്, കേക്ക്, ബൺ, വറവു സാധനങ്ങൾ, ലഡു, ജിലേബി തുടങ്ങിയ ബേക്കറി പലഹാര ഉൽപാദനം നിലവിൽ ഗ്യാസിനെ ആശ്രയിച്ചാണ്. ഡീസൽ ഉപയോഗിക്കുന്നവരുണ്ടെങ്കിലും കുറവാണ്.
ബേക്കറികളുടെ ബോർമകളും വറവു പലഹാരങ്ങളുടെ ഉൽപാദന കേന്ദ്രങ്ങളുമെല്ലാം വാണിജ്യ സിലിണ്ടറുകൾ ഉപയോഗിച്ചാണു പ്രവർത്തനം. പ്രതിദിനം 19 കിലോഗ്രാമിന്റെ 2 മുതൽ 4 വരെ സിലിണ്ടറുകൾ ഉപയോഗിക്കുന്നവരാണ് കൂടുതലും.
49 കിലോഗ്രാമിന്റെ 11–12 സിലിണ്ടറുകൾ വരെ ഉപയോഗിക്കുന്ന വൻകിട ഉൽപാദകരുമുണ്ട്.
ബ്രഡ്, ബൺ എന്നിവ മാത്രം ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്നവരാണ് കൂടുതൽ പ്രതിസന്ധിയിലാകുക. ഇവ കിട്ടാനേ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നു മേഖലയിലുള്ളവർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

