പറവൂർ ∙ പരാതികളുയർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും പറവൂർ – ഇടപ്പള്ളി റൂട്ടിലെ ഫെയർസ്റ്റേജ് അപാകതയ്ക്കു പരിഹാരമില്ല. പറവൂരിൽ നിന്ന് ഇടപ്പള്ളി വഴി കലൂർ, വൈറ്റില ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്നു സ്വകാര്യ ബസുകൾ (ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്) അമിത നിരക്ക് ഈടാക്കുന്നതു തുടരുന്നു.
അനീതി തടയാതെ മൗനം പാലിക്കുന്ന മോട്ടർ വാഹന വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ഇടപ്പള്ളി റെയിൽവേ മേൽപാലം വന്നശേഷം ഈ റൂട്ടിൽ 10 വർഷം മുൻപ് ഒഴിവാക്കിയ മഞ്ഞുമ്മൽ കവല ഫെയർസ്റ്റേജ് പോയിന്റ് ഉൾപ്പെടുത്തിയാണ് ഇപ്പോഴും യാത്രക്കാരിൽ നിന്നു തുക ഈടാക്കുന്നത്.
യഥാർഥ നിരക്ക് 30 രൂപയാണെന്നിരിക്കെ പറവൂരിൽ നിന്നു കലൂരിലേക്ക് 33 രൂപ വാങ്ങുന്നു.
വൈറ്റില ഹബ്ബിലേക്കുള്ള യഥാർഥ നിരക്ക് 33 രൂപയാണ്. എന്നാൽ, ആ റൂട്ടിൽ 35 രൂപയാണ് വാങ്ങുന്നത്.
ലിമിറ്റഡ് സ്റ്റോപ് ബസുകൾ 38 രൂപ വരെ വാങ്ങുന്നുണ്ട്.2015ൽ മഞ്ഞുമ്മൽ കവല ഫെയർ സ്റ്റേജ് ഒഴിവാക്കിയ ആർടിഎയുടെ ഉത്തരവിനെതിരെ ബസ് ഉടമകളുടെ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും അനുകൂല വിധിയുണ്ടായില്ല. പിന്നീട് നൽകിയ അപ്പീലും തള്ളിപ്പോയി. എന്നിട്ടും അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ബസിലെ സ്ഥിരം യാത്രക്കാരും പൊതുപ്രവർത്തകരും അനേകം പരാതികൾ നൽകിയിട്ടും അധികൃതർ അനങ്ങുന്നില്ല. ചില ബസുകളിൽ ഫെയർസ്റ്റേജ് എഴുതിവച്ചിട്ടും അധിക നിരക്കാണ് വാങ്ങുന്നത്.
മറ്റുചില ബസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതു തന്നെ തെറ്റാണ്.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നതെന്ന ആക്ഷേപമുണ്ട്. നിയമലംഘനം തടയാൻ എല്ലാ ബസുകളിലും യഥാർഥ ഫെയർസ്റ്റേജ് നിരക്ക് പ്രദർശിപ്പിക്കണമെന്നും എല്ലാ ബസുകളുടെയും ടിക്കറ്റിൽ ബസ് നമ്പർ, തീയതി, യാത്രാ സ്ഥലം, നിരക്ക് എന്നിവ രേഖപ്പെടുത്തണമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി നിയമലംഘകർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഈ വിഷയത്തിൽ ഇടപെടുന്ന വിവരാവകാശ പ്രവർത്തകൻ നിഷാദ് ശോഭനൻ ആവശ്യപ്പെട്ടു.
യഥാർഥ ഫെയർസ്റ്റേജ് നിരക്ക്
പറവൂർ – കലൂർ
പെരുവാരം 10
ചെറിയപ്പിള്ളി 13
കൊച്ചാൽ 15
തിരുമുപ്പം 18
വരാപ്പുഴ എസ്എൻഡിപി 20
തൈക്കാവ് 23
ഇടപ്പള്ളി ഗേറ്റ് 25
ഇടപ്പള്ളി ഹൈസ്കൂൾ 28
കലൂർ 30
പറവൂർ – വൈറ്റില ഹബ്
പെരുവാരം 10
ചെറിയപ്പിള്ളി 13
കൊച്ചാൽ 15
തിരുമുപ്പം 18
വരാപ്പുഴ എസ്എൻഡിപി 20
തൈക്കാവ് 23
ഇടപ്പള്ളി ഗേറ്റ് 25
പൈപ്പ് ലൈൻ 28
ചക്കരപറമ്പ് 30
വൈറ്റില ഹബ് 33
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

