പറവൂർ ∙ വ്യാപാര സ്ഥാപനങ്ങളിലെത്തി സാധനങ്ങൾ വാങ്ങി പണം കൊടുക്കാതെ മുങ്ങുന്ന സംഘം നഗരത്തിൽ വിലസുന്നതായി പരാതി. ഏതാനും യുവാക്കളുടെ സംഘമാണ്.
ഒക്ടോബറിൽ തെക്കേനാലുവഴിലെ ടൂവീലർ സ്പെയർ പാർട്സ് കടയിൽ എത്തിയ ഇവർ 1,680 രൂപ വിലയുള്ള സാധനങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയിരുന്നു. ഈ കട
സ്ഥിതി ചെയ്യുന്ന ബിൽഡിങ്ങിൽ തന്നെയുള്ള വാഹനങ്ങളുടെ ബാറ്ററികൾ വിൽക്കുന്ന മറ്റൊരു കടയിൽ കഴിഞ്ഞ വെള്ളിയാഴ്ചയും സമാന രീതിയിൽ തട്ടിപ്പു നടന്നു. 2 കടകളിലെയും സിസിടിവി ദൃശ്യങ്ങൾ തമ്മിൽ ഒത്തുനോക്കിയപ്പോഴാണ് രണ്ടിടത്തും തട്ടിപ്പു നടത്തിയത് ഒരേ സംഘമാണെന്ന സൂചന ലഭിച്ചത്.
ഒക്ടോബറിൽ നടന്ന തട്ടിപ്പിൽ സാധനങ്ങൾ വാങ്ങിയ ശേഷം ഇവർ ഗൂഗിൾ പേ ചെയ്യാമെന്നു പറഞ്ഞു ക്യുആർ കോഡ് സ്കാൻ ചെയ്തെങ്കിലും പണമയയ്ക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞു. കടയുടമ തന്റെ നമ്പർ പറഞ്ഞുകൊടുത്തു.
തുടർന്ന് അതിലേക്ക് പണമയച്ചിട്ടുണ്ടെന്ന് പറഞ്ഞ ഇവർ സാധനങ്ങളെടുത്തു പോകാനൊരുങ്ങി. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആകാത്തതിനാൽ കടയുടമ പിന്നാലെ ചെന്നു പണം വന്നിട്ടില്ലെന്നു പറഞ്ഞു.
അവർ പണം അയച്ച നമ്പർ എന്നു പറഞ്ഞ് ഒരു ഫോൺ നമ്പർ നൽകി. പണം അക്കൗണ്ടിൽ വന്നില്ലെങ്കിൽ വിളിച്ചാൽ അയച്ചുതരാമെന്ന ഉറപ്പും നൽകി.
എന്നാൽ, പണം കിട്ടാതായതോടെ അന്നു രാത്രി ഈ നമ്പറിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല.
പകരം പേയ്മെന്റ് അയച്ചിട്ടുണ്ടെന്നു പറഞ്ഞു മറ്റൊരു നമ്പറിൽ നിന്നു മെസേജ് വന്നു. വീണ്ടും പണം ക്രെഡിറ്റ് ആകാത്തതിനാൽ മെസേജ് വന്ന നമ്പറിലേക്കു കടയുടമ വിളിച്ചെങ്കിലും ഫോൺ എടുത്തയാൾ ഭീഷണിപ്പെടുത്തുകയാണു ചെയ്തത്.
തുടർന്നു 2 നമ്പറുകളും സിസിടിവി ദൃശ്യവും സഹിതം കടയുടമ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിനു കഴിഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബാറ്ററി വിൽപന നടത്തുന്ന കടയിൽ നിന്ന് 1,900 രൂപ വിലയുള്ള ബാറ്ററി വാങ്ങി ഇതേ രീതിയിൽ കടന്നുകളഞ്ഞത്. ഈ കടയുടമയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നഗരത്തിലെ മറ്റു കടകളിൽ ഇത്തരം തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കേസിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

