കൊച്ചി∙ കൊതുക്, തെരുവുനായ ശല്യം നിയന്ത്രിക്കാൻ 50 ദിവസ പരിപാടിയുമായി കൊച്ചി കോർപറേഷൻ.കൊതുകു നിയന്ത്രണത്തിനാണ് നഗരസഭ പ്രഥമ പരിഗണന നൽകുന്നതെന്നു തീരുമാനങ്ങൾ പ്രഖ്യാപിച്ച് മേയർ വി. കെ.
മിനിമോൾ പറഞ്ഞു. നഗരത്തിലെ കൊതുകു പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി ഫോഗിങ് നടത്തും.
ഇതിനായി കൂടുതൽ ഫോഗിങ് മെഷീനുകൾ വാങ്ങും. ജീവനക്കാരെ നിയമിക്കും.
രണ്ടാഴ്ച കൂടുമ്പോൾ ഡ്രൈ ഡേ ആചരിക്കും. കൊതുകു നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിങ് യൂണിറ്റ് ആരംഭിക്കും.
ചെറു കാനകൾ കോരുന്നതിനു ഓരോ ഡിവിഷനിലേക്കും 5 ലക്ഷം രൂപ വീതം നൽകുമെന്നു മേയർ പറഞ്ഞു.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കും
തെരുവു നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി കാര്യക്ഷമമാക്കും. ഇതിനു 2 ഡോഗ് സ്ക്വാഡ് വണ്ടികൾ വാങ്ങും.
15 കെന്നലുകൾ സ്ഥാപിക്കും. ബ്രഹ്മപുരത്തെ എബിസി കേന്ദ്രം വിപുലപ്പെടുത്തും.
അവിടെ ആവശ്യമായ ഉപകരണങ്ങളും വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ഏർപ്പെടുത്തും.
ഇന്ദിരാ കന്റീൻ
നോർത്തിലെയും ഫോർട്ട് കൊച്ചിയിലെയും സമൃദ്ധി കന്റീനിനോട് ചേർന്നു രാവിലെയും വൈകിട്ടും 10 രൂപയ്ക്കു ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീൻ തുടങ്ങും. നഗരത്തിലെ എല്ലാ കേന്ദ്രങ്ങളിലും അടുത്ത ഘട്ടത്തിൽ ഇന്ദിരാ കന്റീൻ തുടങ്ങും.
പൊതുസേവന കേന്ദ്രം
നഗരസഭയുടെ പുതിയ ഓഫിസിൽ ഫ്രണ്ട് ഓഫിസ്, ഹെൽപ് ഡെസ്ക് അടക്കം പൊതു സേവന കേന്ദ്രം ആരംഭിക്കും.
നഗരസഭയിലെയും യുപിഎഡി ഓഫിസിലെയും മുഴുവൻ വകുപ്പുകളും സേവനങ്ങളും പുതിയ ഓഫിസിലേക്കു മാറ്റും. ഇവിടെ കന്റീൻ, ബയോ മെട്രിക് പഞ്ചിങ്, ക്യാമറ, മീഡിയ സെന്റർ എന്നിവ ഒരുക്കും.
ഹൈക്കോടതി ജംക്ഷനിൽ നിന്നു പുതിയ ഓഫിസിലേക്കു ഇലക്ട്രിക് വാഹനം ഓടിക്കും. ആളുകൾക്ക് മിതമായ നിരക്കിൽ ഇതിൽ യാത്ര ചെയ്യാം. നഗരസഭയിൽ നിന്നു ജനങ്ങൾക്കു ലഭിക്കേണ്ട
വിവിധ സർട്ടിഫിക്കറ്റുകൾ ലൈസൻസുകൾ, അനുമതികൾ എന്നിവ സമയബന്ധിതമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഏകജാലക സംവിധാനം ഒരുക്കും.
ഫിസിയോ തെറപ്പി സെന്റർ
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഫിസിയോ തെറപ്പി സേവനങ്ങൾ ലഭിക്കാൻ എല്ലാ കേന്ദ്രങ്ങളിലും സെന്ററുകൾ തുടങ്ങും. പ്രധാനപ്പെട്ട
പ്രൈമറി ഹെൽത്ത് സെന്ററുകൾ വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം തുടങ്ങും. ഇവിടങ്ങളിൽ ഫിസിയോ തെറപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. ഫോർട്ട്കൊച്ചി ഹോസ്പിറ്റൽ, ഇടപ്പള്ളി തുടങ്ങി പ്രധാനപ്പെട്ട
സ്ഥലങ്ങളിൽ ഫിസിയോ തെറപ്പി സെന്ററുകൾ ആരംഭിക്കും.
മോഡൽ റോഡ്
ഗോശ്രീ ജംക്ഷൻ മുതൽ ബിടിഎച്ച് വരെയുള്ള റോഡ് മോഡൽ റോഡായി നവീകരിക്കും. ഇരുവശങ്ങളിലും ടാക്ടൈൽ പേവിങ് ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമായ ആധുനിക സൗകര്യങ്ങളോടു കൂടിയ നടപ്പാതകൾ, സ്ട്രീറ്റ് ലൈറ്റ്, മീഡിയനിൽ ചെടികൾ, ഫീഡിങ് പോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ള ആധുനികമായ ബസ് ഷെൽറ്റർ എന്നിവ ഉൾപ്പെടുത്തിയുള്ള മോഡൽ റോഡായിരിക്കും ഇത്.
ക്ലീൻ കൊച്ചി
നഗരത്തിലെ പൊതു സ്ഥലങ്ങളിൽ നിന്നു എല്ലാത്തരം മാലിന്യവും നീക്കി നഗരം ശുചിയാക്കും.
നഗരത്തിലെ അനധികൃത പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ, എന്നിവ നീക്കും. നഗരസഭയുടെ എല്ലാ മേഖലകളിലും പൊതു സേവനങ്ങൾക്ക് അദാലത്ത് നടത്തും. നഗരസഭയുടെ എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സംവിധാനം ഏർപ്പെടുത്തും. നഗരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും പുതിയ വെൽനസ് സെന്ററുകൾ ആരംഭിക്കും.
ഫോർട്ട് കൊച്ചിയിൽ 2 പുതിയ ശുചിമുറി അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതു ശുചിമുറികൾ നിർമിക്കും.
ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ്
മാലിന്യത്തിന്റെ അളവു കൂടുന്നതു കണക്കിലെടുത്ത് ബ്രഹ്മപുരത്ത് 50 ടൺ കപ്പാസിറ്റിയുള്ള പുതിയ വിൻഡ്രോ കംപോസ്റ്റിങ് പ്ലാന്റ് തുടങ്ങും. 50 ദിവസത്തിനുള്ളിൽ നിർമാണം തുടങ്ങും.
കച്ചേരിപ്പടിയിലെ എസ്.സി-എസ്.ടി വനിതാ ഹോസ്റ്റൽ പ്രവർത്തനം തുടങ്ങും. ഷീ ലോഡ്ജും എസ്സി, എസ്ടി ഹോസ്റ്റലും ഒരേ സംവിധാനത്തിലൂടെ ബുക്ക് ചെയ്യാനാവും.
മേയറോടു പറയാം
എല്ലാ മാസവും മേയറും ഡപ്യൂട്ടി മേയറുമായി നേരിട്ടു സംസാരിക്കാൻ പ്രത്യേക പരിപാടി നടത്തും.
എല്ലാ മാസവും ഒരേ ദിവസം എറണാകുളം ടൗൺഹാളിലും മട്ടാഞ്ചേരി ടൗൺഹാളിലും മേയറും ഡപ്യൂട്ടി മേയറും മാറിമാറി പങ്കെടുക്കും. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഉണ്ടാവും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

