കൊച്ചി ∙ കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ രൂപരേഖ ദിവസങ്ങൾക്കകം പൂർത്തിയാകും. കോൺക്രീറ്റിനു പകരം പൂർണമായും സ്റ്റീൽ സ്ട്രക്ചറിൽ പ്രീ ഫാബ്രിക്കേഷൻ രീതിയിൽ നിർമിക്കുന്ന സ്റ്റാൻഡിന്റെ നിർമാണം തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തുടക്കമിടാനാണ് നീക്കം.
പ്രീ ഫാബ്രിക്കേഷൻ രീതിയിലുള്ള നിർമാണം ചെലവു കുറച്ച്, വേഗം പൂർത്തിയാക്കാമെന്നതാണു പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. നിർമാണത്തിനായി മുൻപ് കെഎസ്ആർടിസി തയാറാക്കിയ സർവേ റിപ്പോർട്ട് പൊതുമരാമത്തു വകുപ്പിനു നൽകിയിട്ടുണ്ട്.
പൊതുമരാമത്ത് ആർക്കിടെക്ചറൽ വിഭാഗമാണ് ഡ്രോയിങ് ഒരുക്കുന്നത്.
പുതിയ സ്റ്റാൻഡിനായി 12 കോടി രൂപ കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതു കിട്ടില്ലെന്ന് ഉറപ്പായി. ഫണ്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ടി.ജെ.വിനോദ് എംഎൽഎ കേന്ദ്ര വകുപ്പ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.
ഇതിനിടെയാണു സംസ്ഥാന സർക്കാർ ഇടപെട്ട് 12 കോടി രൂപ പ്രഖ്യാപിച്ചത്. കെഎസ്ആർടിസി, പിഡബ്ല്യുഡി അധികൃതർ, പുതിയ സ്റ്റാൻഡുകൾ നിർമിക്കുന്ന സ്ഥലങ്ങളിലെ എംഎൽഎമാർ എന്നിവരുമായി മന്ത്രി ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നിരുന്നു.
എറണാകുളത്തെ പുതിയ സ്റ്റാൻഡിന്റെ വിശദ പദ്ധതിരേഖ ഉടൻ സമർപ്പിക്കാൻ യോഗത്തിൽ നിർദേശമുണ്ട്.
പുതിയ സ്റ്റാൻഡ് പൂർത്തിയാകാൻ മാസങ്ങളെടുക്കും. അതുവരെ നിലവിലെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ദുരിതം അകറ്റാനാണ് അധികൃതരുടെ ശ്രമം.
ബിപിസിഎലിൽ നിന്നുള്ള ഒരു കോടി രൂപ, എംഎൽഎ ഫണ്ടിലെ 65 ലക്ഷം എന്നിവ വിനിയോഗിച്ചുള്ള സ്റ്റാൻഡിൽ നവീകരണം പുരോഗമിക്കുന്നുണ്ട്. സ്റ്റാൻഡ് രണ്ട് അടിയോളം ഉയർത്തുന്ന ജോലി ഉടൻ പൂർത്തിയാകും.
ഏകദേശം 12,500 ചതുരശ്രയടി ഭാഗത്തു ടൈൽ പാകാൻ സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കും. ടി.ജെ.വിനോദ് എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ട്രസ് വർക്ക്, പുതിയ ഇലക്ട്രിക്കൽ ജോലികൾ ചെയ്യും.
യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള കസേരകൾ എസ്ബിഐയുടെ സഹായത്തോടെ ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

