കൊച്ചി ∙ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത് ബിജുവിന്റെ (18) ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ പുതുജീവനാകുക 6 പേർക്ക്. വേർപാടിന്റെ വേദനയ്ക്കിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബിൽജിത്തിന്റെ പിതാവ് ബിജുവും മാതാവ് ലിന്റയും സഹോദരൻ ബിവലും എടുത്ത തീരുമാനമാണു പ്രത്യാശ പകർന്നത്.
അത്താണി കരിയാടിൽ 2നു രാത്രി ബിൽജിത് സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അതീവ ഗുരുതരാവസ്ഥയിലാണ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ബിൽജിത്തിനെ പ്രവേശിപ്പിച്ചത്.
ഇന്നലെയാണു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ബിൽജിത്തിന്റെ സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ബിൽജിത്തിന്റെ ഹൃദയം തുടിക്കാനുള്ള സാധ്യതകൾ പരിശോധിച്ചതു കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ 13 വയസ്സുകാരിയിലാണ്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ പരിശോധനയ്ക്കായി കുട്ടിയെയും കൊണ്ടു രക്ഷിതാക്കൾ ഇന്നലെ കൊല്ലത്തുനിന്നു ലിസി ആശുപത്രിയിലെത്തി. വൈകിട്ട് വന്ദേഭാരത് ട്രെയിനിലാണു സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്.
തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. കാർഡിയാക് മയോപ്പതി രോഗംമൂലം കുട്ടി ചികിത്സയിലായിരുന്നു.
ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ സംഘം സംസ്ഥാന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ടാണ് അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഹൃദയം ലിസി ആശുപത്രി, ഒരു കിഡ്നി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി, രണ്ടാമത്തെ കിഡ്നി രാജഗിരി, എയിംസ്, കാരിത്താസ് എന്നീ ആശുപത്രികളിൽ ഒന്നിലേക്ക്, കരൾ അമൃത ആശുപത്രി, കണ്ണുകൾ ലിറ്റിൽ ഫ്ലവർ ആശുപത്രി എന്നിങ്ങനെയാണ് ഏറ്റെടുക്കുന്നത്.
എൽഎഫ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ബിൽജിത്. ഇന്നലെ രാത്രി പത്തോടെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി, ലിസി ആശുപത്രിയിലെ സംഘം ഹൃദയമാറ്റ ശസ്ത്രക്രിയാ സാധ്യതകൾ വിലയിരുത്തി.
കുട്ടിയും കുടുംബവും ഇന്നലെ തിരുവനന്തപുരം ശ്രീചിത്രയിൽനിന്നു പരിശോധന കഴിഞ്ഞു മടങ്ങവേ ഉച്ചയ്ക്കു പോത്തൻകോട് എത്തിയപ്പോഴാണു ലിസി ആശുപത്രിയിൽനിന്നു വിളിയെത്തിയത്.
രാത്രി 7 ന് മുൻപു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ആശുപത്രിയിലെത്താനായിരുന്നു നിർദേശം. എയർ ആംബുലൻസിൽ പോകാൻശ്രമിച്ചെങ്കിലും നടന്നില്ല.
ആംബുലൻസ് മാർഗമുള്ള യാത്ര കുട്ടിയുടെ ആരോഗ്യസ്ഥിതിക്കു ഗുണകരമാകില്ലെന്നു കണ്ടതോടെ എൻ.കെ. പ്രേമചന്ദ്രൻ എംപി ഇടപെട്ട് വൈകിട്ടു തിരുവന്തപുരത്തുനിന്നുള്ള വന്ദേഭാരത് ട്രെയിനിൽ അടിയന്തരമായി കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് എത്തിക്കാനുള്ള സജ്ജീകരണം ഒരുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയുടെ ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ ആരോഗ്യനില തൃപ്തികരമെന്നു ലിസി ആശുപത്രി അധികൃതർ അറിയിച്ചു.
തീവ്രപരിചരണ വിഭാഗത്തിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]