“ആർദ്ര കേരളം” പുരസ്കാരം: പള്ളുരുത്തി സംസ്ഥാനത്ത് ഏറ്റവും മികച്ച ബ്ലോക്ക്
പള്ളുരുത്തി∙ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആരോഗ്യ വകുപ്പിന്റെ “ആർദ്ര കേരളം” പുരസ്കാരം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്. സംസ്ഥാന തലത്തിൽ ബ്ലോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരായ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് 10 ലക്ഷം രൂപ സമ്മാന തുകയായി ലഭിക്കും.
ആരോഗ്യ മേഖലയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന വലിയ പ്രാധാന്യത്തിനു കിട്ടിയ അംഗീകാരമാണ് ആർദ്ര കേരള പുരസ്കാരം.
ഓരോ ബജറ്റിലും ഒരു കോടി രൂപ വച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മാറ്റിവച്ചിരുന്നു. ഇതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ഫിസിയോതെറപ്പി സെന്റർ, അത്യാധുനിക ലബോറട്ടറി, എക്സ്റേ സംവിധാനം, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം, കിടത്തി ചികിത്സ, സൗജന്യ മരുന്നു വിതരണം, സെക്കൻഡറി പാലിയേറ്റീവ് പരിചരണം, ശുചിത്വം തുടങ്ങിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്തു.
ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമാണ് പുരസ്കാരത്തിനു അർഹമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, വൈസ് പ്രസിഡന്റ് ജോബി പനക്കൽ എന്നിവർ പറഞ്ഞു.
ജില്ലാതല പുരസ്കാരങ്ങൾ; തലയെടുപ്പോടെ രായമംഗലം
പെരുമ്പാവൂർ ∙ തുടർച്ചയായി രണ്ടാം തവണയും ആർദ്രകേരളം പുരസ്കാര തിളക്കത്തിൽ രായമംഗലം പഞ്ചായത്ത്. ജില്ലയിൽ ഒന്നാംസ്ഥാനം നേടിയാണ് മികവ് ഒന്നു കൂടി ഉറപ്പിച്ചത്.
ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് പുരസ്കാരം. 5 ലക്ഷം രൂപയാണ് അവാർഡ് തുക.
ആരോഗ്യ പരിചരണം, കായകൽപ സ്കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട
മറ്റു പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ്. അങ്കണവാടികളുടെ നിലവാരവും പരിഗണിച്ചു.
അലോപ്പതി, ആയുർവേദം, ഹോമിയോ, വെറ്ററിനറി, കൃഷി എന്നീ മേഖലകളെ പരിപോഷിപ്പിക്കുന്നതിന് ഒന്നര കോടി രൂപയാണ് 2023 – 24 സാമ്പത്തിക വർഷം രായമംഗലം പഞ്ചായത്ത് ചെലവഴിച്ചത്. പാലിയേറ്റീവ് രോഗികൾക്കു സമ്പൂർണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഡയാലിസിസ് രോഗികൾക്ക് വില കൂടിയ എർത്രോപൊയിട്രിൻ കുത്തിവയ്പ് ലഭ്യമാക്കുക,ഡയാലിസിസ് രോഗികൾക്ക് പ്രത്യേക ചികിത്സാ സഹായവും ഡയാലിസിസ് കിറ്റും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തനം.
വയോജന ക്ലിനിക്- സഞ്ചരിക്കുന്ന ആശുപത്രി എന്ന പദ്ധതിക്കായി പ്രതിവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു.
10 കോടി രൂപ ചെലവിൽ പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കി. കീഴില്ലം, വായ്കര, പുല്ലുവഴി, രായമംഗലം, ഇരിങ്ങോൾ എന്നീ ഉപ കേന്ദ്രങ്ങൾ 30 ലക്ഷം രൂപ ചെലവഴിച്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി.
മുൻവർഷങ്ങളിൽ എൻക്യുഎഎസ്, കായകൽപ,സ്വരാജ് തുടങ്ങിയ പുരസ്കാരങ്ങൾ ആരോഗ്യരംഗത്തും തദ്ദേശ സ്വയംഭരണ രംഗത്തും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനമാണ് അവാർഡ് ലഭിക്കാൻ കാരണമെന്ന് പ്രസിഡന്റ് എൻ.പി.
അജയകുമാർ, സെക്രട്ടറി സി.കെ.സുധീഷ്കുമാർ, മെഡിക്കൽ ഓഫിസർ അഖില ബീഗം എന്നിവർ അറിയിച്ചു.
പിന്നെയും പൈങ്ങോട്ടൂർ
കോതമംഗലം∙ ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള 2023-24 വർഷത്തെ ആർദ്രകേരളം പുരസ്കാരത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്തിനു ജില്ലയിൽ രണ്ടാം സ്ഥാനം. 3 ലക്ഷം രൂപയാണ് അവാർഡ് തുക.
ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണു പരിഗണിച്ചത്.
കടവൂർ കുടുംബാരോഗ്യകേന്ദ്രം, ആയുർവേദാശുപത്രി, ഹോമിയോ ആശുപത്രി എന്നിവയുടെ പ്രവർത്തനം വിലയിരുത്തിയാണു പഞ്ചായത്തിനു പുരസ്കാരം. 2021-22 വർഷവും ജില്ലയിൽ രണ്ടാം സ്ഥാനം പൈങ്ങോട്ടൂർ പഞ്ചായത്തിനായിരുന്നു.
മണീടിന് മുന്നേറാനേ കഴിയൂ
പിറവം∙മണീട് പഞ്ചായത്ത് ആരോഗ്യ മേഖലയിൽ തുടരുന്ന മുന്നേറ്റത്തിനു വീണ്ടും അംഗീകാരം.സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പഞ്ചായത്തിനുള്ള ആർദ്രകേരളം പുരസ്കാരം (7ലക്ഷം രൂപ) മണീടിനു ലഭിച്ചു.
ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ , പ്രതിരോധ വാക്സിനേഷൻ തുടങ്ങി ഒട്ടേറെ പദ്ധതികൾക്കുള്ള അംഗീകാരമാണിതെന്നു പ്രസിഡന്റ് പോൾ വർഗീസ് പറഞ്ഞു. സ്വകാര്യ പങ്കാളിത്തവും കമ്പനികളുടെ ഫണ്ടും പ്രയോജനപ്പെടുത്തി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ തുടരുന്ന വികസന പദ്ധതികൾക്കൊപ്പം അടുത്തയിടെ ഫിസിയോ തെറപ്പി സെന്റർ വനിതകൾക്കായി ഷീ ജിം തുടങ്ങിയവയും ആരംഭിച്ചു.
4 ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നുണ്ട്.
ചീരക്കാട്ടുപാറയിലും ഏഴക്കരനാട്ടിലും സബ് സെന്ററുകളും ഉണ്ട്. ഏഴക്കരനാട്ടിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്കു കായകൽപ പുരസ്കാരം ലഭിച്ചതും അടുത്തയിടെയാണ്.
100 % മാർക്കു നേടിയാണു ഒന്നാമതെത്തിയത്. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ആയുർവേദ പരിചരണം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ ഇവിടെ യാഥാർഥ്യമാക്കി. നെച്ചൂരിൽ ഹോമിയോ ആശുപത്രിയിലും തദ്ദേശ ഫണ്ട് പ്രയോജനപ്പെടുത്തി വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
കുതിപ്പോടെ കീഴ്മാട്
ആലുവ∙ കീഴ്മാട് പഞ്ചായത്തിനു വീണ്ടും സംസ്ഥാന സർക്കാരിന്റെ അംഗീകാരം.
വിവിധ ആരോഗ്യ പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ മികച്ച നിലയിൽ പൂർത്തീകരിച്ചതാണ് ആർദ്ര കേരളം പുരസ്കാരത്തിന് അർഹമാക്കിയത്. ജില്ലയിൽ മൂന്നാം സ്ഥാനമാണ്.
പഞ്ചായത്തിലെ പൊതുശുചിത്വവും പരിഗണിച്ചു. നേരത്തെ, ആരോഗ്യ വകുപ്പിന്റെ കായകൽപ പുരസ്കാരം പഞ്ചായത്തിനു ലഭിച്ചിരുന്നു.
ടിബി വിമുക്ത പഞ്ചായത്തായ കീഴ്മാടിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇ– ഹെൽത്ത് സംവിധാനത്തിലാണു പ്രവർത്തിക്കുന്നത്. തൈറോയ്ഡ്, വൈറ്റമിൻ ഡി, പ്രോസ്റ്റേറ്റ് തുടങ്ങിയവ പരിശോധിക്കുന്ന ലാബ്, പാലിയേറ്റീവ് യൂണിറ്റ്, മാതൃശിശു സംരക്ഷണ കേന്ദ്രം, സാന്ത്വന പരിചരണ സംവിധാനം എന്നിവയും ഉണ്ട്.
3 വനിതകളാണ് ഇതിനു നേതൃത്വം നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ റസീല ഷിഹാബ് എന്നിവർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]