ഏലൂർ ∙ കുറ്റിക്കാട്ടുകര ഗവ.യുപി സ്കൂളിന്റെ ചുറ്റുമതിൽ തകർത്തു ഭൂമി കയ്യേറി നിർമിച്ച കടമുറി പൊളിച്ചുമാറ്റുമെന്നും സ്കൂളിന്റെ ചുറ്റുമതിൽ പുനർനിർമിച്ചു പൂർവ സ്ഥിതിയിലാക്കുമെന്നും കയ്യേറിയവർ ഉറപ്പു നൽകിയതായി പൊലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
വ്യക്തിയുടെ നിർദേശ പ്രകാരം നഗരസഭയിലെ കാരാറുകാരനാണു നിർമാണം നടത്തിയത്. ഇരുവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.
ഓണം അവധി ദിനങ്ങളുടെ മറവിലാണു കയ്യേറ്റവും നിർമാണവും നടത്തിയത്.
സ്കൂളിന്റെ പ്രധാനാധ്യാപകൻ പരാതിപ്പെട്ടതിനെത്തുടർന്നു ചൊവ്വാഴ്ച പൊലീസെത്തി നിർമാണം തടഞ്ഞിരുന്നു. സ്കൂൾ പിടിഎ വ്യാഴാഴ്ച യോഗം ചേർന്നു മറ്റൊരു പരാതിയും പൊലീസിൽ നൽകി.
കയ്യേറ്റം ഒഴിവാക്കി സ്കൂളിന്റെ ഭൂമിയും ചുറ്റുമതിലും പൂർവ സ്ഥിയിലാക്കിയാൽ മാത്രമേ പരാതി പിൻവലിക്കുകയുള്ളൂവെന്ന് പ്രധാനാധ്യാപകൻ ബിജു ഡിക്കൂഞ്ഞ അറിയിച്ചു. പ്രധാനാധ്യാപകൻ നഗരസഭയ്ക്കു പരാതി നൽകിയെങ്കിലും നഗരസഭാ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്താനോ കയ്യേറ്റം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാനോ താൽപര്യം കാണിച്ചില്ല.
നഗരസഭയ്ക്കു കൈമാറിക്കിട്ടിയ സ്ഥാപനത്തിന്റെ ഭൂമി സംരക്ഷിക്കേണ്ടതും വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതും നഗരസഭയാണ്.നഗരസഭാധികൃതരുടെ അറിവോടെയാണു സ്കൂളിന്റെ മതിൽ പൊളിച്ചതെന്നും നിർമാണം നടത്തിയതെന്നും വ്യക്തി പൊലീസിനോടു പറഞ്ഞിരുന്നു.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നഗരസഭ നടപടി സ്വീകരിക്കാതിരുന്നതിൽ പരക്കെ ആക്ഷേപമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണു കയ്യേറ്റം നടന്നതെന്നും അവരാരും എതിർപ്പുമായി വരാതിരുന്നത് അതുകൊണ്ടാണെന്നും ആക്ഷേപമുണ്ട്. കയ്യേറ്റത്തിനെതിരെ രാഷ്ട്രീയ പാർട്ടികളാരും പ്രതിഷേധം ഉയർത്തിയിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]