കളമശേരി ∙ യുവാവിനെ ആളുമാറി ഗുണ്ടാസംഘം കമ്പിവടിക്കും മറ്റും മർദിച്ചവശനാക്കിയതായി പരാതി. യുവാവിന്റെ പക്കലുണ്ടായിരുന്ന 50,000 രൂപയും പുതുവസ്ത്രങ്ങളും മർദനത്തിനിടയിൽ നഷ്ടപ്പെട്ടു.
അറയ്ക്കപ്പടി പരുത്തിക്കൽപറമ്പിൽ പി.എ.ഹർഷാദിനാണ് (32) മർദനമേറ്റത്.കാപ്പ ചുമത്തി ജൂണിൽ നാടുകടത്തിയ കളമശേരി വട്ടേക്കുന്നം കൂനംതൈ മുതയിൽ വീട്ടിൽ നിസാറിന്റെ ( 47) നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ അറസ്റ്റ് ചെയ്തു.
11ന് പുലർച്ചെ 12.30ന് പത്തടിപ്പാലത്തുള്ള ചായക്കടയ്ക്കു സമീപത്തായിരുന്നു സംഭവം.കണ്ണിൽ കുരുമുളകുപൊടി വിതറിയാണ് അഞ്ചംഗ ഗുണ്ടാസംഘം ആക്രമിച്ചത്. മർദനമേറ്റ് അവശനായി വഴിയോരത്ത് ഇരുന്ന ഹർഷാദിനെ പൊലീസെത്തിയാണു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
സുഹൃത്തിനെ സഹോദരന്റെ വിവാഹം ക്ഷണിക്കാനാണു ഹർഷാദ് പത്തടിപ്പാലത്തെത്തിയത്.
ഹർഷാദ് എത്തുന്നതിനു മുൻപായി മറ്റൊരു സംഘം നിസാറിന്റെ സുഹൃത്തുക്കളെ ആക്രമിച്ചിരുന്നു. ഹർഷാദും സുഹൃത്ത് റൈമണും ആ സംഘത്തിലുള്ളവരെന്നു കരുതിയായിരുന്നു ആക്രമണം.
ആക്രമിച്ചതു തങ്ങളല്ലെന്നു പറഞ്ഞെങ്കിലും ഗുണ്ടാസംഘം കേട്ടില്ലെന്നു ഹർഷാദ് പറഞ്ഞു. സുഹൃത്തിനെ അടിച്ചതു തടയാൻ ശ്രമിച്ചപ്പോഴാണു ഹർഷാദിനു കമ്പിവടികൊണ്ടുള്ള മർദനമേറ്റത്. ഹർഷാദിനു മുഖത്തും ശരീരത്തിലും മർദനമേറ്റു.
മൊഴി നൽകാൻ വൈകിട്ട് 3ന് സ്റ്റേഷനിലെത്തിയ ഹർഷാദിന്റെ മൊഴിയെടുപ്പു പൂർത്തിയായത് ഇന്നലെ പുലർച്ചെ 4 മണിക്കാണ്.
രാത്രി മുഴുവൻ പൊലീസ് സ്റ്റേഷൻ പരിസരത്തു ഗുണ്ടാസംഘം തമ്പടിച്ചിരുന്നു. ആക്രമണം ഭയന്നു പൊലീസാണ് തന്നെ വീട്ടിലെത്തിച്ചതെന്നു ഹർഷാദ് പറഞ്ഞു.
പണവും വസ്ത്രവും നഷ്ടപ്പെട്ട കാര്യം എഫ്ഐആറിൽ പൊലീസ് സൂചിപ്പിച്ചിട്ടില്ല.
കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിന് നിസാറിനെ 6 മാസത്തേക്കു തടയുന്നതായിരുന്നു കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചതിനെതിരെയും ഇയാൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]