
കൊച്ചി ∙ ഷൺമുഖം റോഡിൽ മറൈൻ ഡ്രൈവിനോടു ചേർന്നുള്ള ഭാഗത്ത് വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ. എന്നാൽ ഇക്കാര്യത്തിൽ പ്രാഥമിക ആലോചനകൾ മാത്രമാണു നടന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. മുല്ലശേരി കനാൽ നവീകരണം നടക്കുമ്പോൾ എ.കെ.ശേഷാദ്രി റോഡിൽ വ്യാപാരം ചെയ്തിരുന്നവരെ താൽക്കാലികമായി അംബേദ്കർ സ്റ്റേഡിയം ഭാഗത്തേക്കു പുനരധിവസിപ്പിച്ചിരുന്നു. അംബേദ്കർ സ്റ്റേഡിയം നവീകരിക്കേണ്ടതിനാൽ അവരെ മറൈൻ ഡ്രൈവ് ഭാഗത്തേക്കു പുനരധിവസിപ്പിക്കാനാണു നീക്കം.
ഇതിനു പുറമേ മറൈൻ ഡ്രൈവിൽ മേനക ഭാഗത്തു വഴിയോര കച്ചവട സോണായി നിശ്ചയിച്ച സ്ഥലത്തേക്കു മറ്റു ഭാഗങ്ങളിൽ നിന്നു വഴിയോര കച്ചവടക്കാരെ കൊണ്ടുവരാനും നീക്കമുണ്ട്.
എന്നാൽ ഇതിനെതിരെ മറൈൻഡ്രൈവ് അസോസിയേഷൻ ഓഫ് സ്റ്റേക്ക് ഹോൾഡേഴ്സ് (എംഡാഷ്) രംഗത്തെത്തി. മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ചുള്ള ടൂറിസത്തെയും പ്രദേശത്തെ വ്യാപാരത്തെയും ഇതു നശിപ്പിക്കുമെന്നു വ്യാപാരികൾ പറയുന്നു. വഴിയോര കച്ചവടക്കാർ വരുന്നതോടെ ഷൺമുഖം റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നും എംഡാഷ് പ്രതിനിധി രാജേഷ് നായർ പറഞ്ഞു. പാർക്കിങ് സൗകര്യത്തിന്റെ കുറവ് ഉൾപ്പെടെ മറൈൻ ഡ്രൈവിൽ ഒട്ടേറെ പ്രതിസന്ധികളുണ്ട്.
സ്ട്രീറ്റ് വെൻഡിങ് സോണാക്കി മാറ്റിയാൽ ഈ അസൗകര്യങ്ങൾ പതിന്മടങ്ങാകും. മാലിന്യ സംസ്കരണമുൾപ്പെടെയുള്ള കാര്യങ്ങൾ വെല്ലുവിളിയാകും. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സിഎസ്എംഎൽ നവീകരിച്ച ഇടങ്ങൾ വഴിയോരക്കച്ചവടത്തിന്റെ കേന്ദ്രമായി മാറുമെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.
അംബേദ്കർ സ്റ്റേഡിയം പരിസരത്തുള്ള കച്ചവടക്കാരെ മറൈൻ ഡ്രൈവ് ഭാഗത്തേക്കു പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു മേയർ എം.അനിൽകുമാർ പറഞ്ഞു. മേനക ഭാഗത്തു വഴിയോര കച്ചവട
സോണാക്കുന്നതു സംബന്ധിച്ചുള്ള വ്യാപാരികളുടെ അഭിപ്രായ വ്യത്യാസം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്നു മേയർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]