
കൊച്ചി ∙ ഛത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകൾക്കും ആദിവാസികൾക്കും ജാമ്യം കിട്ടിയത് നരേന്ദ്ര മോദിയും അമിത്ഷായും മൂലമാണെന്നു പറയുന്ന രാജീവ് ചന്ദ്രശേഖർ 10 ദിവസം കുംഭകർണന്റെ ഉറക്കത്തിലായിരുന്നോ എന്നു സിപിഎം മുതിർന്ന നേതാവ് വൃന്ദ കാരാട്ട്.എന്തിനാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് 10 ദിവസം ജയിലിൽ അടച്ചതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, ന്യൂനപക്ഷ വേട്ട
അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.രാജ്യത്തെ കാർന്നു തിന്നുന്ന ചിതലുകളെന്നാണ് ബജ്റങ്ദൾ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ അവരെ ആക്ഷേപിച്ചത്. വോട്ടേഴ്സ് ലിസ്റ്റ് ശുദ്ധീകരണത്തിന്റെ പേരിൽ ബിഹാറിലും ഇതേ ആസൂത്രിത നീക്കമാണു നടക്കുന്നതെന്നും ഛത്തീസ്ഗഡിലും ബിഹാറിലും ഒരേ അജൻഡ തന്നെയാണു നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ അധ്യക്ഷനായി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ, ജില്ലാ സെക്രട്ടറി എസ്.
സതീഷ്, മേയർ എം. അനിൽകുമാർ, ഇടതുമുന്നണി കൺവീനർ ജോർജ് ഇടപ്പരത്തി എന്നിവർ പ്രസംഗിച്ചു.
കന്യാസ്ത്രീയുടെ വീട് വൃന്ദ കാരാട്ട് സന്ദർശിച്ചു
ഛത്തീസ്ഗഡിൽ ജയിൽ മോചിതയായ കന്യാസ്ത്രീ പ്രീതി മേരിയുടെ എളവൂരിലെ വീട് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വൃന്ദ കാരാട്ട് സന്ദർശിച്ചു.
പ്രശ്നങ്ങൾ തീരുന്നതു വരെ ഒപ്പമുണ്ടാകുമെന്ന് കന്യാസ്ത്രീയുടെ മാതാപിതാക്കൾക്ക് വൃന്ദ ഉറപ്പുനൽകി.സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും കെട്ടിച്ചമച്ചതാണ്.
അതിനാൽ നീതി ലഭിക്കും. 21ന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കോടതിയിൽ പ്രീതിയുടെ സഹോദരൻ ഷൈജുവിനോട് പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചതായും വൃന്ദ പറഞ്ഞു. പ്രീതിയുടെ പിതാവ് വർക്കി, സഹോദരൻ ഷൈജു എന്നിവരുമായും മറ്റ് ബന്ധുക്കളുമായും അവർ സംസാരിച്ചു.
സിപിഎം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി.റെജീഷ്, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി.അനിത, പാർട്ടി പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ പി.ആർ.രാജേഷ്, ആശ ദിനേശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സി.എം.സാബു, വി.എ.പ്രഭാകരൻ എന്നിവരും വൃന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]