
കൊച്ചി∙ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അറബിക്കടൽ തീരങ്ങളിൽ തിമിംഗലങ്ങൾ ചത്തടിയുന്നതു 10 മടങ്ങ് വർധിച്ചതായി കണ്ടെത്തൽ. 2004-2013 കാലയളവിൽ പ്രതിവർഷം ശരാശരി 0.3% ആയിരുന്നത് 2013-2023 കാലയളവിൽ പ്രതിവർഷം 3% ആയെന്നാണു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐയുടെ പഠനം.
2023ൽ മാത്രം 9 തിമിംഗലങ്ങൾ ചത്തടിഞ്ഞത് കഴിഞ്ഞ 20 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. 2003 മുതൽ 2023 വരെയുള്ള ഡേറ്റയാണു പഠന വിധേയമാക്കിയത്.
ബ്രൈഡ്സ് തിമിംഗലമാണു കൂടുതലും ചത്തടിയുന്നത്. കേരളം, കർണാടക, ഗോവ തീരങ്ങളിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഈ മേഖലയിൽ ഉയർന്ന തോതിലുള്ള കപ്പൽ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങൾ, തീരക്കടലിന്റെ ആഴക്കുറവ് എന്നിവ ഇതിനു കാരണങ്ങളാണ്. കടലിലെ ശബ്ദമലിനീകരണം, കപ്പൽ അപകടങ്ങൾ, ആവാസ കേന്ദ്രങ്ങളുടെ തകർച്ച എന്നിവയും തിമിംഗലങ്ങളുടെ നിലനിൽപിനു ഭീഷണിയാണ്.
പ്രക്ഷുബ്ധമായ കടലിൽ ദിശയറിയാതെ തീരത്ത് എത്തുന്നതും മൺസൂൺ സമയത്തു തിമിംഗലങ്ങൾ ചത്തടിയാൻ കാരണമാകുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഉയർന്ന പൗരബോധവും, ഇത്തരം സംഭവങ്ങൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമാകുന്നു. ഇന്ത്യയിലെ സമുദ്ര സസ്തനികളുമായി ബന്ധപ്പെട്ട
ദേശീയ ഗവേഷണ പദ്ധതിക്കു കീഴിൽ സീനിയർ സയന്റിസ്റ്റ് ഡോ. ആർ.
രതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പഠന റിപ്പോർട്ട് ‘റീജനൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]