
വൈപ്പിൻ∙ പ്രഖ്യാപനം വന്ന് നാലുമാസം പിന്നിടുമ്പോഴും എടവനക്കാട് പഞ്ചായത്തിൽ കടൽഭിത്തി നിർമാണത്തിന് നടപടികളായില്ല. പഞ്ചായത്തിലെ രണ്ടര കിലോമീറ്റർ തീരത്ത് ഭിത്തി നിർമിക്കുന്നതിനുള്ള പദ്ധതിക്ക് ജിഡ ജനറൽ കൗൺസിൽ അംഗീകാരം നൽകിയതായി കഴിഞ്ഞ ഏപ്രിൽ പത്തിനാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ കലക്ടറുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിർമാണത്തിനായി ജിഡ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള നിർദേശം ഉയർന്നിരുന്നു.
ഭിത്തി നിർമാണത്തിനായി മേജർ ഇറിഗേഷൻ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിന്റെ ഒരു വിഹിതം ജിഡ വകയിരുത്താമെന്നും ദേശീയ ഡിസാസ്റ്റർ മിറ്റിഗേഷൻ ഫണ്ടിൽ നിന്നുള്ള തുകയും ഇതിനായി വിനിയോഗിക്കാമെന്നും യോഗത്തിൽ ധാരണയായിരുന്നു. ഇതിനാണ് ജിഡ കൗൺസിൽ അംഗീകാരം നൽകിയത്.
അടിയന്തര സ്വഭാവത്തോടെ ജോലികൾ ആരംഭിക്കുമെന്നായിരുന്നു അന്ന് ബന്ധപ്പെട്ടവർ നൽകിയ സൂചനയെങ്കിലും ഇപ്പോഴും കാര്യങ്ങൾ മുന്നോട്ടു നീങ്ങിയിട്ടില്ല.
പദ്ധതി അനിശ്ചിതമായി വൈകിത്തുടങ്ങിയതോടെ പഞ്ചായത്തിലെ പൊതുജന കൂട്ടായ്മയായ ജനകീയ സമര സമിതി ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു.ഈ വിഷയത്തിൽ സമിതിക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കണം എന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. വരുന്ന 18ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട് യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും അതിനിടയ്ക്ക് കലക്ടർ മാറിയതോടെ യോഗം എന്ന് നടക്കും എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സമിതി ഭാരവാഹികൾ പറയുന്നു.
അതേസമയം പഞ്ചായത്തിലെ തീര മേഖലയിൽ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
നേരത്തെ കാലവർഷ വേളയിൽ മാത്രമാണ് ശക്തമായ കടൽ കയറ്റം ശക്തമായിരുന്നതെങ്കിൽ ഇപ്പോൾ ഇടയ്ക്കിടെ അപ്രതീക്ഷിതമായി കടൽ ഇളകുന്ന സ്ഥിതിയാണ്. തീരത്തിന് ഏറെ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ തിരമാലകൾ കൂടുതൽ ശക്തമായിരിക്കും ചെയ്യും.
പലയിടത്തും താൽക്കാലിക പരിഹാരം എന്ന നിലയിൽ ജിയോ ബാഗ് ഭിത്തി ഒരുക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലമില്ലാത്ത അവസ്ഥയാണ്. കടൽക്ഷോഭത്തോടൊപ്പം വൻതോതിൽ മണൽ കരയിലേക്ക് അടിച്ചു കയറുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഇതിനു പുറമേ.
പഴങ്ങാട് പോലുള്ള സ്ഥിരം കടൽക്ഷോഭ മേഖലകളിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്.
പലയിടത്തും ഉണ്ടായിരുന്ന കടൽഭിത്തി തന്നെ കൂടുതൽ ദുർബലാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പുതിയ ഭിത്തി നിർമാണത്തിന് നടപടികൾ ആരംഭിക്കണമെന്നാണ് ആവശ്യം. കാര്യങ്ങൾ വേണ്ടത്ര വേഗത്തിൽ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ അടുത്ത കാലവർഷത്തിനു മുൻപ് ജോലികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]