
കൊച്ചി ∙ നൃത്തം ചെയ്യാനാണോ അഭിനയിക്കാനാണോ ഇഷ്ടം എന്ന ചോദ്യം പലപ്പോഴും നേരിടാറുണ്ടെങ്കിലും പഠിപ്പിക്കാനാണു തനിക്കിഷ്ടമെന്നു നടി ആശ ശരത്. ‘കുട്ടിക്കാലത്തു നൃത്തം പഠിപ്പിക്കാൻ അമ്മ കലാമണ്ഡലം സുമതി വിളിക്കുമ്പോൾ തിരിഞ്ഞു നടന്നിട്ടുണ്ട്.
അമ്മയെന്ന അധ്യാപികയുടെ വലുപ്പം അന്നു മനസ്സിലായിരുന്നില്ല.
തിരക്കുള്ള അധ്യാപികയായതിനാൽ അമ്മയെ എനിക്കു കിട്ടുന്നില്ല എന്ന പരിഭവമുള്ള കുട്ടിയായിരുന്നു ഞാൻ. മുതിർന്ന ശേഷമാണു നൃത്തം ഗൗരവമായി പഠിച്ചത്.
അധ്യാപകരുടെ പ്രോത്സാഹനത്തിലാണു ഞാനെന്ന നർത്തകിയുണ്ടായത്’–ആശ ശരത് പറഞ്ഞു. മലയാള മനോരമ നല്ലപാഠത്തിന്റെ ഈ അധ്യയനവർഷത്തെ ജില്ലാതല പ്രവർത്തനങ്ങളും അധ്യാപക സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം.
അധ്യാപകർ വിദ്യാർഥികളെ മക്കളെപ്പോലെ കാണണമെന്നാണു തന്റെ ആഗ്രഹം.
കേരളത്തിലും യുഎഇയിലുമായി എനിക്കു മൂവായിരത്തിലധികം ശിഷ്യരുണ്ട്. അവർ ടീച്ചർ എന്നു വിളിക്കുമെങ്കിലും അമ്മയെന്നാണു താൻ കേൾക്കുന്നത്.
കുട്ടികൾക്കു പറയാനുള്ളതു മനസ്സു തുറന്നു കേൾക്കുമ്പോഴാണു തന്നിലെ അധ്യാപിക തൃപ്തയാകുന്നത്. നൃത്തത്തിലെ ഒരുപദം പഠിപ്പിക്കുമ്പോൾ, അതിന് മറ്റൊരു അർഥതലം കൂടി കണ്ടെത്തേണ്ടേ എന്നു ചോദിക്കുന്ന കുട്ടികളുണ്ട്.
അവരുടെ പുതിയ ചിന്തകൾ അധ്യാപികയെന്ന നിലയിൽ തനിക്കു ലഭിക്കുന്ന നല്ലപാഠങ്ങളാണെന്നും ആശ പറഞ്ഞു.
കുട്ടികൾ ലഹരിയിലേക്കു തിരിയുന്നുവെന്ന ആശങ്ക ഉയരുന്ന കാലത്തു നൻമപാഠങ്ങളും മൂല്യങ്ങളും ജീവിതത്തിൽ പകർത്താൻ അവസരം നൽകുന്ന പദ്ധതിയാണു നല്ലപാഠമെന്ന് അധ്യക്ഷത വഹിച്ച എറണാകുളം ഡിഡിഇ സുബിൻ പോൾ പറഞ്ഞു. മനശാസ്ത്രജ്ഞനും പെർഫോമൻസ് കോച്ചുമായ ഡോ.
വിപിൻ റോൾഡന്റ് വാലുമ്മേൽ ‘നാട്, നന്മ ആരോഗ്യം’ എന്ന നല്ലപാഠത്തിന്റെ ഈ വർഷത്തെ പ്രമേയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ.രാജീവ്, ബിസിനസ് എഡിറ്റർ എൻ.ജയചന്ദ്രൻ, നല്ലപാഠം ജില്ലാ കോഓർഡിനേറ്റർ എം.ആർ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
നല്ലപാഠം പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയ ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനും രണ്ടാമതെത്തിയ വടുതല ആർച്ച് ബിഷപ് അട്ടിപ്പേറ്റി പബ്ലിക് സ്കൂളിനും മൂന്നാമതെത്തിയ കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂളിനും പുരസ്കാരങ്ങൾ നൽകി.
ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ അധ്യാപക കോഓർഡിനേറ്റർമാരായ അൽഫോൻസ ടോറി മെന്റസ്, കെ.ജി.ജൂലിയ, ആർച്ച് ബിഷപ് അട്ടിപ്പേറ്റി സ്കൂൾ മാനേജർ ഫാ.ഷിബു സേവ്യർ, അധ്യാപക കോഓർഡിനേറ്റർമാരായ ജീമ സുനിൽ, മാർഗരറ്റ് ജൂഹി, കോട്ടപ്പടി സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ്, അധ്യാപക കോഓർഡിനേറ്റർമാരായ എലിസബത്ത് കെ.ഐസക്, കെ.എസ്.സബിത എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
നല്ലപാഠത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവർഷം കാർഷിക പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ നീറമ്പുഴ ജിഎൽപിഎസിനുള്ള കൃഷിമുറ്റം പുരസ്കാരം അധ്യാപക കോഓർഡിനേറ്റർമാരായ വി.ടി.ആനി, മേഴ്സി എൻ.ജോർജ് എന്നിവർ ഏറ്റുവാങ്ങി. എ പ്ലസ് ഗ്രേഡ്, എ ഗ്രേഡ് പുരസ്കാരങ്ങളും എല്ലാ നല്ലപാഠം കോഓർഡിനേറ്റർമാർക്കും കീർത്തി നിർമൽ റൈസിന്റെ ഗിഫ്റ്റ് ഹാംപറും സമ്മാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]