കൊച്ചി ∙ ‘സ്വച്ഛ് ഭാരത് മിഷന്റെ’ ഭാഗമായി നഗരത്തിൽ ശുചിമുറികൾ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതികൾ വരുന്നു. മൊത്തം 7.75 കോടി രൂപ ചെലവു വരുന്നതാണു പദ്ധതി.
ഇതിൽ 5 കോടി രൂപയോളം കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷൻ (എസ്ബിഎം) ഫണ്ടിൽ നിന്നു ലഭിക്കും. ബാക്കിയുള്ള തുക കോർപറേഷന്റെ തനതു ഫണ്ടിൽ നിന്നോ സിഎസ്ആർ ഫണ്ടിൽ നിന്നോ കണ്ടെത്തണം.
5 വിഭാഗങ്ങളിലായാണു ശുചിമുറി നിർമാണത്തിനുള്ള എസ്ബിഎം സഹായം ലഭിക്കുക.
∙ പൊതു ശുചിമുറി വിഭാഗത്തിൽ 200 ടോയ്ലറ്റ് സീറ്റുകൾക്കാണു സഹായം ലഭിക്കുന്നത്. ഒരു ടോയ്ലറ്റ് സീറ്റിന് 1.50 ലക്ഷം രൂപ നിരക്കിൽ 3 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 1.65 കോടി രൂപ എസ്ബിഎം സഹായമായി ലഭിക്കും.
ബാക്കിയുള്ള 1.35 കോടി രൂപ കോർപറേഷൻ കണ്ടെത്തണം. ∙ കമ്യൂണിറ്റി ടോയ്ലറ്റ് വിഭാഗത്തിൽ 40 സീറ്റുകൾക്കാണ് അനുമതി.
ഇതിൽ 33 ലക്ഷം രൂപ എസ്ബിഎം തരും. 27 ലക്ഷം രൂപയാണു കോർപറേഷന്റെ വിഹിതം.
ചേരി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശുചിമുറി സമുച്ചയങ്ങൾ നിർമിക്കുന്നതാണ് ഈ വിഭാഗത്തിലുൾപ്പെടുന്നത്. ∙ സ്മാർട് ടോയ്ലറ്റ് അഥവാ ആസ്പിരേഷനൽ ടോയ്ലറ്റ് വിഭാഗത്തിൽ കൊച്ചിയിൽ 64 സീറ്റുകൾ നിർമിക്കും.
ഒരു സീറ്റിന് 2.50 ലക്ഷം രൂപയാണു പ്രതീക്ഷിത ചെലവ്. 88 ലക്ഷം രൂപ എസ്ബിഎം നൽകും.
72 ലക്ഷം രൂപ കോർപറേഷൻ കണ്ടെത്തണം. ∙ മൂത്രപ്പുരകളിൽ 148 യൂറിനലുകൾ നിർമിക്കാനായി 47 ലക്ഷം രൂപ ലഭിക്കും.
ഇതിൽ 26 ലക്ഷം രൂപ എസ്ബിഎം വിഹിതവും 21 ലക്ഷം രൂപ കോർപറേഷന്റെ വിഹിതവുമാണ്. ∙ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയിൽ വീടുകൾ നിർമിക്കുന്നവർക്കു ശുചിമുറി നിർമാണത്തിനുള്ള വ്യക്തിഗത ഗാർഹിക ശുചിമുറി (ഐഎച്ച്എച്ച്എൽ) പദ്ധതി പ്രകാരം 2,500 ഗുണഭോക്താക്കൾക്ക് 8,300 രൂപ വീതം അനുവദിക്കും.
ഈ തുക മുഴുവൻ എസ്ബിഎം വിഹിതമാണ്.
സ്വച്ഛ് ഭാരത് മിഷൻ (എസ്ബിഎം) പദ്ധതിയുടെ മാനദണ്ഡ പ്രകാരമുള്ള ശുചിമുറി നിർമാണത്തിനുള്ള പദ്ധതികൾ ഏറെ വൈകാതെ കോർപറേഷൻ ആവിഷ്കരിക്കുമെന്നു ആരോഗ്യ സ്ഥിരസമിതി ചെയർപഴ്സൻ ടി.കെ. അഷ്റഫ് പറഞ്ഞു.
കണ്ടെയ്നർ ടോയ്ലറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഇതിനകം കോർപറേഷൻ രൂപം നൽകിയിട്ടുണ്ട്. പദ്ധതികളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി കൗൺസിലിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]