
അവസാനം തീരുമാനമായി; കോടികൾ ചെലവഴിച്ച് നിർമിച്ച നഗരസഭ മാളുകൾ ഷോപ്പിങ് കോംപ്ലക്സുകളാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്പൂണിത്തുറ ∙ നഗരസഭയുടെ മാളുകൾക്കു ശാപമോക്ഷമാകുന്നു. കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാളും പോളക്കുളത്തിനു സമീപത്തുള്ള എ.ജി. രാഘവ മേനോൻ മാളും ഷോപ്പിങ് കോംപ്ലക്സുകളാക്കി മാറ്റാനുള്ള തീരുമാനത്തിൽ നഗരസഭ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാളുകളുടെ അളവുകൾ എടുത്തു. എത്ര മുറകൾ ഉൾക്കൊള്ളാനാകും എന്ന കണക്കാണ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എടുത്തത്. മാളുകളുടെ പുതുക്കിയ ബൈലോ 15 നകം പൂർത്തിയാകും എന്നാണ് പ്രതീക്ഷ. തുടർന്നു ഇതു സർക്കാരിലേക്കു സമർപ്പിച്ചു അനുമതി വാങ്ങും.
അതിനു ശേഷമായിരിക്കും ലേലം നടക്കുക. മുൻ മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണന്റെ പേരിലുള്ള മാൾ 2020 ഓഗസ്റ്റ് 13നാണ് ഉദ്ഘാടനം ചെയ്തത്. 49,000 ചതുരശ്ര അടിയിൽ 3 നിലകളിലാണ് മാൾ പണിതത്. 8.40 കോടി രൂപയായിരുന്നു നിർമാണ ചെലവ്. ഉടൻ തന്നെ മാൾ പ്രവർത്തനം ആരംഭിക്കും എന്ന കണക്കുകൂട്ടിയെങ്കിലും മാളിന്റെ ബൈലോ സർക്കാർ പാസാക്കുന്നതിനായി വന്ന കാലതാമസം ലേലം ചെയ്തു നൽകുന്നതിൽ ആദ്യം പ്രതിസന്ധി സൃഷ്ടിച്ചു.
എന്നാൽ ലേലം ചെയ്യുന്നതിൽ ബൈലോ തടസ്സം ആകില്ലെന്ന നിയമോപദേശം ലഭിച്ചതോടെ ടി.കെ. രാമകൃഷ്ണൻ മാളിന്റെ ലേല നടപടികൾ ആരംഭിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും എത്തിയില്ല. പല തവണ ലേലത്തിൽ വച്ചെങ്കിലും നടപടി ആയില്ല. നഗരസഭയുടെ ആദ്യ ചെയർമാൻ എ.ജി. രാഘവ മേനോന്റെ പേരിലാണു സ്റ്റാച്യു – കിഴക്കേക്കോട്ട റോഡിനു സമീപം പോളക്കുളത്തിനു തൊട്ട് അരികിൽ നഗരസഭ രണ്ടാമത്തെ മാൾ പണിതത്. 2020 ഒക്ടോബർ 15 നായിരുന്നു മാളിന്റെ ഉദ്ഘാടനം. 6.77 കോടി രൂപ മുടക്കിയായിരുന്നു മാളിന്റെ നിർമാണം. 42,656 ചതുരശ്ര അടിയിലാണ് മാൾ നിർമച്ചത്.
വരുമാന നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്
നിർമാണം പൂർത്തീകരിച്ച നഗരസഭയുടെ ഷോപ്പിങ് മാളുകൾ വാടകയ്ക്ക് നൽകാത്തതിനാൽ 5 വർഷമായി നഗരസഭയ്ക്കു വരുമാനം നഷ്ടമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ടി.കെ. രാമകൃഷ്ണൻ, എ.ജി. രാഘവ മേനോൻ മുനിസിപ്പൽ മാൾ എന്നീ കെട്ടിടങ്ങൾ ലേലം, പുനർലേലം, ഓഫർ മുഖേന ക്ഷണിച്ചിട്ടും ആരും പങ്കെടുത്തില്ല. കെട്ടിടങ്ങൾ ഷോപ്പിങ് മാൾ മാറ്റി ഷോപ്പിങ് കോംപ്ലക്സ് എന്നാക്കി, മുറികളായി വിഭജിച്ച് അതിന്റെ ബൈലോ സർക്കാരിന്റെ അനുമതിക്കായി നൽകും എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.