കാക്കനാട്∙ തിരക്കേറിയ പൈപ്പ് ലൈൻ റോഡിലെ അപകടക്കുഴികൾ നികത്തി, റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസം ഇല്ലാതാക്കിയതോടെ വാഹന ഗതാഗതം സുഗമമായി. റോഡിലെ ഗർത്തങ്ങളും വശങ്ങളിലെ ഉയരവ്യത്യാസവും അപകട പരമ്പരകൾക്ക് കാരണമായതോടെ ഉമ തോമസ് എംഎൽഎ ഇടപെട്ടാണ് പൈപ്ലൈൻ റോഡ് അറ്റകുറ്റപ്പണി നടത്തിയത്.
റോഡിൽ വൻ ഗർത്തങ്ങളും വശങ്ങളിൽ വലിയ ഉയരവ്യത്യാസവും ഉണ്ടായിരുന്ന പാടിവട്ടം ബൈപ്പാസ് ഭാഗം മുതൽ തൃക്കാക്കര നഗരസഭ അതിർത്തിയിലെ ചെറുമുറ്റപുഴക്കര പാലം വരെയാണ് അറ്റകുറ്റപ്പണി.
ഇന്നു പൂർത്തിയാകും. പാലാരിവട്ടം–കാക്കനാട് റോഡിൽ മെട്രോ റെയിൽ നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ തിരിഞ്ഞു പോകുന്ന പ്രധാന ഇടറോഡുകളിലൊന്നാണിത്. കാക്കനാട് റോഡിലെ പാടിവട്ടത്തു നിന്നു തിരിഞ്ഞു പൈപ്ലൈൻ റോഡിലൂടെ ബൈപ്പാസിലേക്കും ഇടപ്പള്ളി ഭാഗത്തേക്കും എളുപ്പത്തിൽ എത്താം.
ഇതു തകർന്നു കിടന്നിരുന്നതിനാൽ വാഹന ഗതാഗതം ക്ലേശകരമായിരുന്നു. ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ ഗർത്തങ്ങളിൽ വീണ് അപകടവും സംഭവിച്ചു.
റോഡിന്റെ വശങ്ങളും പ്രതലവും തമ്മിലുള്ള വലിയ ഉയരവ്യത്യാസവും അപകട സാധ്യത വർധിപ്പിച്ചു.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ഇരുചക്ര വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കി കാൽ കുത്താൻ ശ്രമിച്ചാൽ ഉയരവ്യത്യാസം മൂലം മറിഞ്ഞു വീഴുന്ന സ്ഥിതിയായിരുന്നു.
പൈപ്ലൈൻ റോഡ് ജല അതോറിറ്റിയാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
ഉമ തോമസ് എംഎൽഎയുടെ അഭ്യർഥന പ്രകാരം കെഎംആർഎൽ കരാറുകാർ റോഡിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കുകയായിരുന്നു. വശങ്ങളിലെ ഉയരവ്യത്യാസം കോൺക്രീറ്റു ചെയ്തു നിരപ്പാക്കി.
എംഎൽഎയും കോർപറേഷൻ കൗൺസിലർ ഷിബി സോമനും അറ്റുകുറ്റപ്പണി വിലയിരുത്താൻ സ്ഥലത്തെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

