
അങ്കമാലി ∙ വൻ ഗതാഗതക്കുരുക്ക് അങ്കമാലിയിലെ കച്ചവടത്തെ ബാധിക്കുന്നു. ദേശീയപാതയിലും എംസി റോഡിലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്.
ബൈക്ക് യാത്രക്കാർക്കു പോലും കടന്നുപോകാൻ പറ്റാത്ത വിധമാണ് ഗതാഗതക്കുരുക്ക്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ദീർഘദൂര ബസുകളിലെ യാത്രക്കാരും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെടുന്നു.
ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവീസുകളും ഏറെ നേരം കാത്തുനിന്നാണ് അങ്കമാലി കടക്കുന്നത്.
തൃശൂർ ജില്ലയിലെ ചിറങ്ങര, മുരിങ്ങൂർ തുടങ്ങിയ വിവിധയിടങ്ങളിലെ വൻഗതാഗതക്കുരുക്ക് കഴിഞ്ഞു വരുന്ന വാഹനങ്ങളാണ് നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കാത്ത അങ്കമാലി ടൗണിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. ക്യാംപ്ഷെഡ്, മാർക്കറ്റ് റോഡ് ഉൾപ്പെടെയുള്ള റോഡുകളിൽ വൻ കുരുക്കുണ്ട്.
അനധികൃത വാഹനങ്ങളുടെ പാർക്കിങ് ഓണക്കാലത്ത് ഗതാഗതക്കുരുക്ക് വൻതോതിൽ ഉയർത്താനാണു സാധ്യത.റോഡിന്റെ വശങ്ങളിൽ വാഹനം നിർത്തുന്നതിനും മറ്റും സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കച്ചവട സാധനങ്ങൾ വാങ്ങുന്നതിനു തിരക്കൊഴിഞ്ഞ സ്ഥലം നോക്കി ഉപഭോക്താക്കൾ പോകുന്നത് അങ്കമാലി ടൗണിലെ കച്ചവടത്തെ ബാധിക്കുന്നു.
അതേസമയം അങ്കമാലി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും അനധികൃത പാർക്കിങ് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്.
അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് ഒരു നടപടികളും എടുക്കുന്നില്ല. നടപ്പാത കയ്യേറിയുള്ള അനധികൃത പാർക്കിങ്ങിനെ തുടർന്നു കാൽനടയാത്ര പോലും ദുരിതത്തിലായി.
എറണാകുളം ബൈപാസ്, അങ്കമാലി ബൈപാസ് പദ്ധതികളൊക്കെ അങ്കമാലിക്കുണ്ട്. അത്തരം പദ്ധതികളൊക്കെ യാഥാർഥ്യമായി വരുമ്പോൾ സമയമെടുക്കും.ചിട്ടയായ ഗതാഗത സംവിധാനം ഇല്ലാത്തതാണ് അങ്കമാലിയെ വലയ്ക്കുന്നത്.
എൽഎഫ് ജംക്ഷനിൽ നിന്നു ടി.ബി.ജംക്ഷനിലേക്കു വരുന്ന വാഹനങ്ങൾ ടി.ബി.ജംക്ഷനിൽ വരുമ്പോൾ ലൈൻ സംവിധാനം പാലിച്ചാൽ ടി.ബി.ജംക്ഷനിലെ കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാം.
നാലും അഞ്ചും ലൈനുകളായി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുമ്പോഴാണ് ടി.ബി.ജംക്ഷൻ വൻ ഗതാഗതക്കുരുക്കിലാകുന്നത്.ടൗണിൽ ഗതാഗതക്കുരുക്ക് ഏറിയപ്പോൾ ദേശീയപാതയിൽ നിന്നു മാർക്കറ്റ് റോഡിലൂടെ ടി.ബി. ജംക്ഷനിലേക്കുള്ള വാഹനഗതാഗതം തടഞ്ഞിരുന്നു.മാർക്കറ്റ് റോഡ് വൺവേ ആക്കിയതിലൂടെ ടി.ബി ജംക്ഷനിലെ ഗതാഗതക്കുരുക്ക് കുറയുകയും ചെയ്തിരുന്നു.
ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒട്ടേറെ നിർദേശങ്ങളാണ് ഉയർന്നു വരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]