
അമ്പലമുകൾ∙ ബിപിസിഎൽ കൊച്ചി റിഫൈനറിയിലുണ്ടായ തീപിടിത്തത്തെ തുടർന്ന് നാട്ടുകാർ വീടു വിട്ടു പോയ അയ്യൻകുഴി പ്രദേശത്ത് വിദഗ്ധ സമിതി പരിശോധന നടത്തി. കഴിഞ്ഞ ദിവസം കലക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് പരിശോധന. വിവിധ വീടുകൾ സന്ദർശിക്കുകയും വീടുകളുടെ അകത്ത് നിന്നും പുറത്ത് നിന്നും വായു കവറിൽ ശേഖരിക്കുകയും ചെയ്തു.
മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ നോബി ജോർജ്, അസിസ്റ്റന്റ് എൻജിനീയർമാർ, കമ്പനി പ്രതിനിധികൾ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് , വില്ലേജ് ഓഫിസർ സന്ധ്യ രാജി, ജനപ്രതിനിധികൾ നാട്ടുകാർ എന്നിവരും ഉണ്ടായിരുന്നു. ശേഖരിച്ച വായു പരിശോധിച്ചതിന് ശേഷം ഒരാഴ്ചയ്ക്കകം കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ പറഞ്ഞു.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധനയ്ക്ക് എത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നു.
തീപിടിത്തം നടന്നിട്ട് 4 ദിവസമായെന്നും ഇപ്പോൾ പരിശോധന നടത്തിയിട്ട് കാര്യമില്ലെന്നും നാട്ടുകാർ പറഞ്ഞു. അയ്യൻകുഴി പ്രദേശത്ത് പല പ്രാവശ്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി ഇവിടം വാസയോഗ്യമല്ലെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുള്ളതാണ്.
4 ദിവസമായി അയ്യൻകുഴി നിവാസികൾ ചോറ്റാനിക്കരയിലെ ലോഡ്ജിലാണു താമസം. ഒരാഴ്ച കൂടി ചോറ്റാനിക്കരയിൽ താമസിക്കുക ബുദ്ധിമുട്ടാണെന്നും കുട്ടികളുടെ പഠനം മുടങ്ങുമെന്നും ജോലിക്കു പോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. എത്രയും വേഗം അയ്യൻകുഴി പ്രദേശത്തെ 42 വീട്ടുകാരുടെ ഒൻപതര ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]