
പറവൂർ ∙ കച്ചേരി മൈതാനിയിലൂടെ എങ്ങനെ നടക്കുമെന്ന ചോദ്യം ജനങ്ങളും ഇവിടെ പതിവായി എത്തുന്ന അഭിഭാഷകരും നഗരസഭാധികൃതരോടു ചോദിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. പക്ഷേ, മൈതാനിയുടെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന മട്ടിൽ ചോദ്യത്തോടു മുഖം തിരിച്ചു നിൽക്കുകയാണ് നഗരസഭ.ഒന്നര കോടി രൂപ മുടക്കി സൗന്ദര്യവൽക്കരിച്ച മൈതാനിയുടെ സൗന്ദര്യം കെട്ടുപോയി.
പൊട്ടിപ്പൊളിഞ്ഞ ടൈലുകളും വെള്ളക്കെട്ടും നിറഞ്ഞ മൈതാനം പൈതൃക നഗരമായ പറവൂരിന് അപമാനമാകുന്ന തരത്തിലേക്കു കൂപ്പുകുത്തി.
വലിയ തുക ചെലവാക്കി നവീകരിച്ച മൈതാനം സംരക്ഷിക്കുന്നതിൽ ഭരണകൂടം വൻ പരാജയമായി. മൈതാനി സംരക്ഷിക്കേണ്ടതു ടൂറിസം വകുപ്പാണെന്നു നഗരസഭയും നഗരസഭയാണെന്നു ടൂറിസം വകുപ്പും പറയുന്നു. പരിപാലനവും മേൽനോട്ടവും നഗരസഭയെ ഏൽപിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും നഗരസഭയും തമ്മിൽ ഉണ്ടാക്കിയിരുന്ന കരാർ സമയത്തു പുതുക്കാത്തതു നഗരസഭയുടെ വീഴ്ചയാണെന്നു നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ പറഞ്ഞു.ദിവസം ചെല്ലുംതോറും മൈതാനിയുടെ സ്ഥിതി ദയനീയമാകുന്നു.
മഴ പെയ്താൽ അവസ്ഥ പരിതാപകരമാണ്.
അഴുക്കുവെള്ളം ചവിട്ടിയും പൊട്ടിപ്പൊളിഞ്ഞ ടൈലുകളിലൂടെയും ആളുകൾ നടന്നുപോകാൻ കഷ്ടപ്പെടുന്നു. ടൈലുകളിൽ തെന്നി വീഴുന്ന സാഹചര്യമുണ്ട്. 3 ആഴ്ച മുൻപ് ഇരുചക്രവാഹനം മൈതാനിയിലെ കുഴിയിൽ ചാടി മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നു ഭാഗ്യം കൊണ്ടാണു താൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് അഭിഭാഷകനായ റാഫേൽ ആന്റണി പറഞ്ഞു. 6 കോടതികൾ, താലൂക്ക് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ് എന്നിവ സ്ഥിതി ചെയ്യുന്ന മൈതാനത്തിന്റെ പ്രവേശന കവാടത്തിൽ ഉൾപ്പെടെ ടൈലുകൾ പൊട്ടി തകർന്നിരിക്കുകയാണ്.
മിനി സിവിൽ സ്റ്റേഷൻ, കെഎസ്ഇബി ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവ മൈതാനിയുടെ സമീപത്തുണ്ട്.
പുതിയ സബ് ട്രഷറി കെട്ടിടം മൈതാനിയിൽ നിർമിക്കാനുള്ള രൂപരേഖ തയാറായിക്കഴിഞ്ഞു.അനുദിനം ആയിരക്കണക്കിന് ആളുകൾ എത്തുന്ന മൈതാനി തെരുവുനായ്ക്കളുടെ വാസസ്ഥലവുമാണ്. മൈതാനിയിലെ ലൈറ്റുകൾ തെളിയുന്നില്ല.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പണിത ശുചിമുറിയും അടച്ചിടുകയാണ്.
മൈതാനിയിലെ ഗ്രിപ്പ് ഇല്ലാത്ത ടൈലുകൾ മാറ്റി കരിങ്കല്ലു വിരിക്കാൻ എസ്റ്റിമേറ്റ് എടുത്തു സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നു 2018ൽ നഗരസഭാധികൃതർ അറിയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. നവകേരള സദസ്സിന്റെ ഭാഗമായി പറവൂരിന് അനുവദിച്ച 2 പദ്ധതികളിൽ ഒന്ന് 2 കോടിയുടെ കച്ചേരി മൈതാനി നവീകരണമാണ്. അതു സമയബന്ധിതമായി നടപ്പാക്കിയെടുക്കുകയാണ് അധികൃതർ ചെയ്യേണ്ടത്. കച്ചേരി മൈതാനിയുടെ നവീകരണത്തിൽ ഇനിയും അനാസ്ഥ തുടർന്നാൽ സമരം ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ.ടി.ജി.അനൂപ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]