
പെരുമ്പാവൂർ ∙ താലൂക്ക് ആശുപത്രി വികസനത്തിന് നഗരസഭ പുതുക്കി സമർപ്പിച്ച പദ്ധതി സർക്കാർ ഫയലിൽ ഉറങ്ങുന്നു. 2015–20 കാലത്തെ കൗൺസിൽ തയാറാക്കിയ 35 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമർപ്പിച്ചിരുന്നു.പുതിയ കൗൺസിൽ പുനഃക്രമീകരിച്ചപ്പോൾ 50 കോടി രൂപയുടേതായി.
ഒറ്റത്തവണയായി ഇത്രയും തുകയുടെ വികസനം സാധ്യമല്ലെന്നു മനസ്സിലാക്കിയ പുതിയ കൗൺസിൽ ഒന്നാം ഘട്ടമായി 20 കോടി രൂപയുടെ വികസനം നടപ്പാക്കണമെന്നാവശ്യപ്പെട്ടു പദ്ധതി സമർപ്പിച്ചു.
7 മാസമായിട്ടും ഫയലിൽ ഒരു അനക്കവുമില്ലെന്നു നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കൽ പറഞ്ഞു.അങ്കമാലി താലൂക്ക് ആശുപത്രിക്ക് 15 കോടിയും വടവുകോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 20 കോടിയും കൂത്താട്ടുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് 5 കോടി രൂപയും അനുവദിച്ചപ്പോൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് 1.5 കോടി രൂപയാണ് അനുവദിച്ചത്. ഇതെ തുടർന്നാണ് 20 കോടി രൂപ അനുവദിച്ച് ഒന്നാം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനു പദ്ധതി സമപ്പിച്ചത്.
3 കെട്ടിടം പൊളിക്കും
താലൂക്ക് ആശുപത്രിയിൽ പൊതുമരാമത്ത് വകുപ്പ് സുരക്ഷിതമല്ലെന്നു സാക്ഷ്യപ്പെടുത്തിയ 3 കെട്ടിടങ്ങൾ ഉടൻ പൊളിക്കും.
വാർഡുകളും മരുന്നു സൂക്ഷിക്കുന്ന കെട്ടിടങ്ങളുമാണ് പൊളിക്കുന്നത്. നിലവിലെ അത്യാഹിത വിഭാഗം, സ്ത്രീകളുടെ വാർഡ് എന്നിവയും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിലാണ്.
ഇവയും പൊളിച്ചു നീക്കുകയോ പുതുക്കിപ്പണിയുകയോ വേണം.
റയോൺസ് ഭൂമി
മാസ്റ്റർ പ്ലാൻ നടപ്പാക്കുമ്പോൾ ട്രാവൻകൂർ റയോൺസ് ഭൂമി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ എഎം റോഡരികിലുള്ള താലൂക്ക് ആശുപത്രി കെട്ടിടങ്ങൾ പൊളിക്കുമ്പോൾ കിടത്തി ചികിത്സ അസാധ്യമാകും. ഇത് പരിഹരിക്കാൻ ട്രാവൻകൂർ റയോൺസിന്റെ 15–20 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി മാസ്റ്റർ അനുസരിച്ചുള്ള ആധുനിക ആശുപത്രി നിർമിക്കുക.
ഏകദേശം 5 വർഷം വേണ്ടി വരും നിർമാണം പൂർത്തിയായി പ്രവർത്തനം തുടങ്ങാൻ.അതുവരെ പഴയ ആശുപത്രിയുടെ പ്രവർത്തനം തുടർന്നാൽ രോഗികൾക്കു ബുദ്ധിമുട്ടുണ്ടാകില്ല. 68 ഏക്കറാണ് റയോൺസിനുള്ളത്. ഇവിടെ വ്യവസായ പാർക്ക് തുടങ്ങാൻ 30 ഏക്കർ കിൻഫ്രയ്ക്കു കൈമാറിയിട്ടുണ്ട്.
ബാക്കിയുള്ള സ്ഥലവും വ്യവസായത്തിനു ഉപയോഗിക്കാനാണ് തത്വത്തിൽ തീരുമാനമെങ്കിലും രാഷ്ട്രീയ നേതൃത്വം ഇടപെട്ട് ആശുപത്രിക്കു സ്ഥലം അനുവദിപ്പിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]