
കളമശേരി ചിൽഡ്രൻസ് സയൻസ് പാർക്ക്: തുരുമ്പും അവഗണനയും ജയിച്ചു; ശാസ്ത്രവും കുട്ടികളും തോറ്റു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കളമശേരി ∙ നഗരസഭയുടെ അഭിമാന സ്തംഭമായി കരുതിപ്പോന്ന ചിൽഡ്രൻസ് സയൻസ് പാർക്കിന്റെ അവസ്ഥ ആരെയും ദുഃഖത്തിലാക്കും. കുട്ടികൾക്ക് അറിവും വിനോദവും പകർന്ന്, ശാസ്ത്രതത്വങ്ങൾ പരിചയപ്പെടുത്തുന്ന ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ചു. ‘തലയും വാലു’മില്ലാത്ത അംഗവൈകല്യമാണ് ഇവയ്ക്കെല്ലാം. തുരുമ്പെടുത്ത ഉപകരണങ്ങളിൽ കയറുന്ന കുട്ടികൾ അപകടഭീഷണിയിലാണ്. അവധിക്കാലം അപകടം വരുത്തിവയ്ക്കുമോ എന്ന ആശങ്കയും.
പുൽത്തകിടികളിൽ ഒരു പുൽനാമ്പുപോലുമില്ല, പകരം വാഹനങ്ങളുടെ ചക്രപ്പാടുകൾ മാത്രം. സോളർ വിളക്കുകാലുകളിൽ പലതും തുരുമ്പെടുത്തു നശിച്ചു. പലതും മറിഞ്ഞുവീണും ബോക്സുകൾ തുരുമ്പെടുത്തു ബാറ്ററികൾ താഴെ വീണും കിടക്കുന്നു. നടപ്പാതയിൽ നിന്ന് ഇവ എടുത്തുമാറ്റാൻ പോലും ആളില്ല. കുട്ടികൾക്കു പെഡൽബോട്ടുകൾ ഓടിക്കുന്നതിനായി നിർമിച്ച കൃത്രിമ പോണ്ടിന്റെ നിർമാണ വൈകല്യം മൂലം അധികനാൾ ഉപയോഗിക്കാനായില്ല.
പുതുക്കിപ്പണിതുവെങ്കിലും ഉപയോഗം തുടങ്ങിയിട്ടില്ല. പെഡൽ ബോട്ടുകൾ 7 വർഷമായി വിശ്രമത്തിലാണ്. പാർക്കിന്റെ അതിർത്തിറോഡുകൾ കാടായിരിക്കുകയാണ്. നിർമാണ പ്രവർത്തനത്തിന്റെ േപരിൽ ശലഭോദ്യാനം നശിപ്പിച്ചു. പാർക്കിനു സമീപത്തെ തടാകത്തിനു സമീപം മനോഹരമായ വല കൊണ്ടു മറച്ചിട്ടുണ്ടെങ്കിലും തടാകത്തിലേക്കുള്ള കവാടങ്ങൾ തുറന്നുകിടക്കുന്നത് അപകടഭീഷണിയുണ്ടാക്കുന്നു.
മുതിർന്നവരും കുട്ടികളുമായി അവധിക്കാലത്തു ശരാശരി 2000 പേർ സന്ദർശകരായുണ്ട്. പാർക്കിലേക്കുള്ള റോഡ് തകർന്നുകിടക്കുകയാണ്. പാർക്കിലേക്ക് ആകർഷിക്കുന്ന ഒരു ബോർഡും സ്ഥാപിച്ചിട്ടില്ല. കിൻഫ്രയിൽ നിന്നു സൗജന്യമായി ലഭിച്ച അഞ്ചേകാൽ ഏക്കറിൽ 2015ലാണ് നഗരസഭ സയൻസ് പാർക്ക് സ്ഥാപിച്ചത്.
നവീകരണ ജോലികൾ മന്ദഗതിയിൽ
പാർക്കിൽ കൂടുതൽ റൈഡുകൾ ഏർപ്പെടുത്താൻ തിരുവനന്തപുരത്തെ സ്ഥാപനവുമായി 2024 മാർച്ച് 15ന് നഗരസഭ കരാർ ഒപ്പിട്ടതാണ്. 13 പുതിയ ഇനങ്ങൾ പാർക്കിൽ സ്ഥാപിക്കുമെന്നാണ് കരാർ. വികസനജോലികൾ വളരെ മന്ദഗതിയിലാണ്. നവീകരണത്തിനു സ്ഥാപിച്ച ഉപകരണങ്ങൾ തുരുമ്പെടുത്തവയാണ്.
ഇവയിൽ പലതും ഇവിടെ നിന്നു നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടതായും നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. വാട്ടർ സ്പോർട്സിനായി കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം മാസങ്ങളായി തിയറ്ററിനു ചുറ്റും അട്ടിയിട്ടുവച്ചിരിക്കുകയാണ്. വാട്ടർ സ്പോർട്സിനായി തടാകത്തിൽ ബോട്ട്ജെട്ടി നിർമിച്ചെങ്കിലും ജലനിരപ്പ് ക്രമാതീതമായി താഴുന്ന വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് നിർമിച്ചിട്ടുള്ളത്.