
യാത്ര കാലടി വഴിയാണോ? കുരുങ്ങി ഒരു വഴിയാകും: എംസി റോഡിൽ എന്നും ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി ∙ കാലടിയിലെ പാലത്തിന് ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ല. ഏതാനും ദിവസങ്ങളായി വലിയ ഗതാഗതക്കുരുക്കാണ് എംസി റോഡിൽ അനുഭവപ്പെടുന്നത്. പാലവും അപ്രോച്ച് റോഡും കൂടിച്ചേരുന്ന ഭാഗങ്ങളിൽ ടാറിങ് ഉയർന്നും താഴ്ന്നും കിടക്കുന്നതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ഇതുമൂലം ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ മന്ദഗതിയിലാകുന്നു. ഒരു വാഹനം 10 സെക്കൻഡ് വൈകുമ്പോൾ തൊട്ടു പിന്നിലുള്ള വാഹനം 20 സെക്കൻഡ് വൈകും. അതിനു പിന്നിലുള്ള വാഹനം അതിന് ഇരട്ടി വൈകും. ഇതോടെ വാഹനങ്ങളുടെ നിര നീളുന്നു.
മഴ പെയ്താൽ ടാറിങ് കുഴിഞ്ഞു കിടക്കുന്നിടത്ത് വെള്ളക്കെട്ടുണ്ടാകും. അപ്പോൾ വാഹനങ്ങൾ കൂടുതൽ മന്ദഗതിയിലാകും. ടാറിങ് നിരപ്പല്ലാത്തത് ഇരുചക്ര വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്. ചില വാഹനങ്ങൾ തെന്നി മറിഞ്ഞു വീണിട്ടുമുണ്ട്. രാത്രിയിൽ റോഡിന്റെ അവസ്ഥ ഇരുചക്ര വാഹന യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ടാറിങ്ങിലെ അപാകതയാണ് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇതു പരിഹരിക്കാൻ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. പാലവും അപ്രോച്ച് റോഡും കൂടിച്ചേരുന്ന ഭാഗത്ത് ചെറിയ വിള്ളലും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് തുടക്കത്തിൽ പരിഹരിച്ചില്ലെങ്കിൽ വിള്ളൽ വലുതാകുകയും ഗതാഗതക്കുരുക്ക് വരധിക്കുകയും ചെയ്യും. ഇവിടെ വിള്ളൽ ഉണ്ടാകുന്നതും ഇതേ തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവാണ്.
പാലത്തിൽ ഒരു വാഹനം കേടായാൽ അത് ഉടനെ മാറ്റുന്നതിന് സംവിധാനം ഇല്ല. 2 ദിവസം മുൻപ് ഒരു ടാറിങ് മെഷീൻ പാലത്തിന്റെ താന്നിപ്പുഴ ഭാഗത്ത് ബ്രേക്ക് ഡൗൺ ആയി. ഇതേ തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക് നീണ്ടു. ദീർഘദൂര യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചത്. കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര പാലം നിർമാണം ആരംഭിച്ചിട്ട് 2 വർഷമായി. അടിയന്തരമായി പണി പൂർത്തീകരിക്കും എന്നാണ് ശിലാസ്ഥാപന വേളയിൽ വകുപ്പു മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ പാലത്തിന്റെ കാലുകളുടെ പണി പോലും പൂർത്തിയായിട്ടില്ല.
അവധിക്കാലവും മലയാറ്റൂർ കുരിശുമുടി തീർഥാടന കാലവും ആയതോടെ വാഹനങ്ങളുടെ വലിയ തിരക്കാണ് ഇതുവഴി അനുഭവപ്പെടുന്നത്. അതിനാൽ അടുത്ത ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് വർധിക്കാൻ സാധ്യതയേറെയാണ്. ഒരു മാസം കഴിഞ്ഞാൽ മഴ ആരംഭിക്കാനും സാധ്യതയുള്ളതിനാൽ അടിയന്തര നടപടി എടുത്തില്ലെങ്കിൽ യാത്രക്കാരുടെ ദുരിതം വർധിക്കും.