
അഭിഭാഷക– വിദ്യാർഥി ഏറ്റുമുട്ടൽ: അയവില്ലാതെ സംഘർഷം; മഹാരാജാസ് കോളജ് വളപ്പിലേക്ക് കല്ലേറ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ അഭിഭാഷകരും കോളജ് വിദ്യാർഥികളും തമ്മിൽ നഗരത്തിൽ ഇന്നലെയുണ്ടായ പാതിരാ സംഘർഷത്തിനു പിന്നാലെ പകലും സംഘർഷാവസ്ഥ. ജില്ലാ കോടതി വളപ്പിലുള്ള എറണാകുളം ബാർ അസോസിയേഷൻ ഓഫിസിനു സമീപത്തു നിന്ന് മതിലിന് അപ്പുറമുള്ള മഹാരാജാസ് ക്യാംപസിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ കല്ലേറുണ്ടായതോടെയാണു സംഘർഷം ഉടലെടുത്തത്. രാത്രിയുണ്ടായ അക്രമം സംബന്ധിച്ചു റജിസ്റ്റർ ചെയ്ത കേസുകളിലെ തെളിവെടുപ്പിനായി പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കല്ലേറ്.
രാത്രിയുണ്ടായ അക്രമം തടയാൻ ഫലപ്രദമായി ഇടപെട്ടില്ല എന്നാരോപിച്ചു പൊലീസിനെതിരെയും അഭിഭാഷകർ പ്രതിഷേധിച്ചു. ഇന്നലെ പുലർച്ചെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റവരുടെ മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്, അഭിഭാഷകർക്കും വിദ്യാർഥികൾക്കും എതിരെ വെവ്വേറെ കേസുകൾ റജിസ്റ്റർ ചെയ്തു. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരുക്കേറ്റതിനാൽ ഇതിലും പ്രത്യേകം കേസെടുത്തു. എറണാകുളം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അഭിഭാഷകർ ഇന്നലെ ഉച്ചയ്ക്കു പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനം മഹാരാജാസ് കോളജ് ഗേറ്റിനു സമീപമെത്തിയപ്പോൾ ഉണ്ടായ പ്രകോപനത്തിനതിരെ ക്യാംപസിൽ നിന്നു വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷ സാധ്യതയായി. എന്നാൽ, ബാർ അസോസിയേഷൻ നേതാക്കൾ ഇടപെട്ട് അഭിഭാഷകരെ നിയന്ത്രിച്ചു. സംഘർഷം കണക്കിലെടുത്തു ജില്ലാ കോടതിക്കു സമീപം പാർക്ക് അവന്യു റോഡിലും പരിസരത്തും വൻ പൊലീസ് സന്നാഹം തുടരുകയാണ്.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണു സംഘർഷത്തിന്റെ തുടക്കം. എറണാകുളം ബാർ അസോസിയേഷന്റെ വാർഷികാഘോഷ വേദിയിലേക്കു വിദ്യാർഥികൾ കടന്നുകയറി കുഴപ്പമുണ്ടാക്കിയതാണു പ്രശ്നങ്ങൾക്കു കാരണമെന്നാണ് അഭിഭാഷകരുടെ വാദം. എന്നാൽ, മദ്യപിച്ചെത്തിയ അഭിഭാഷകർ തങ്ങളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണു വിദ്യാർഥികൾ പറയുന്നത്. ബെൽറ്റ്, കമ്പിവടി, കസേര, കല്ല് എന്നിവ ഉപയോഗിച്ചാണു ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷത്തിൽ എസ്എഫ്ഐ കോളജ് യൂണിറ്റ് പ്രസിഡന്റ് ആദിൽകുമാർ ഉൾപ്പെടെ 16 വിദ്യാർഥികൾക്കും 9 അഭിഭാഷകർക്കും പരുക്കേറ്റിരുന്നു. ഇവരെല്ലാം രാവിലെ ആശുപത്രി വിട്ടു.
അഭിഭാഷകനായ എം.എ.രജീഷ് നൽകിയ പരാതിയിൽ കണ്ടാലറിയുന്ന 10 വിദ്യാർഥികൾക്ക് എതിരെയാണു സെൻട്രൽ പൊലീസ് കേസെടുത്തത്. വിദ്യാർഥികളുടെ പരാതിയിലും കണ്ടാലറിയുന്ന 10 പേർക്കെതിരെ കേസെടുത്തു. നിയമവിരുദ്ധ സംഘം ചേരൽ, ആയുധങ്ങളുമായി കലാപശ്രമം, അതിക്രമിച്ചു കയറൽ, ദേഹോപദ്രവം ഏൽപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസുകൾ റജിസ്റ്റർ ചെയ്തത്. രാത്രിയുണ്ടായ സംഘർഷത്തിൽ സെൻട്രൽ എസിപിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു.
ഇവരുടെ പരാതിയിലും പ്രത്യേകം കേസെടുത്തിട്ടുണ്ട്. ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. ഇന്നലെ ബാർ അസോസിയേഷൻ ജനറൽ ബോഡി ചേർന്ന് അന്വേഷണവുമായി സഹകരിക്കാനും പൊലീസ് അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടു പോയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.