കൊച്ചി ∙ മനുഷ്യർക്ക് വേണ്ടത് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമാണെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. സ്വൈര്യജീവിതത്തെയും സമാധാനത്തെയും ഇല്ലാതാക്കുന്ന പ്രവൃത്തികൾ മാനവരാശിയുടെ പ്രശ്നമാണെന്നും ലോകത്തിന്റെ ഏത് ഭാഗത്ത് മനുഷ്യൻ വേദനിച്ചാലും ആ വേദന നമ്മുടേത് കൂടിയാണെന്ന ബോധമാണ് സമൂഹത്തിൽ ഉയർന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശവുമായി നടത്തുന്ന കേരളയാത്രയ്ക്ക് കൊച്ചിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാക്ഷരതയിലും സാർവത്രിക വിദ്യാഭ്യാസത്തിലും രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും മാതൃകയാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും വിദ്യാർഥികളുടെ മത്സരക്ഷമതയിലും കേരളം ഏറെ മുന്നേറാനുണ്ട്. ഇവിടെ ഭരണകക്ഷി എന്ത് വിഷയം കൊണ്ടുവന്നാലും പ്രതിപക്ഷം അതിനെ എതിർക്കുകയും പ്രതിപക്ഷം ഉന്നയിക്കുന്നവയെ ഭരണകക്ഷി തള്ളിക്കളയുകയും ചെയ്യുന്ന അവസ്ഥയാണ്.
തന്റെ ഓർമയിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിച്ച വിഷയമാണ് ജപ്പാൻ കുടിവെള്ള പദ്ധതി. എന്നാൽ ഇപ്പോൾ അത് പൊട്ടിയൊലിച്ചു പോകുന്നത് നേരെയാക്കാൻ ആരുമില്ലെന്നും കാന്തപുരം പറഞ്ഞു.
മന്ത്രി പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി.എച്ച്.അലി ദാരിമി അധ്യക്ഷനായി. എംപിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, എംഎൽഎമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി എന്നിവരും സ്വാമി ധർമ ചൈതന്യ, ഫാ.
പോൾ തേലക്കാട്ട്, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു.
കേരളയാത്രയെ നോർത്ത് പറവൂർ വെടിമറ ജംക്ഷനിൽ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി.കുറുപ്പിന്റെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച റാലി മറൈൻ ഡ്രൈവിൽ സമാപിച്ചു.
സെന്റിനറി ഗാർഡ് പരേഡും ഉണ്ടായിരുന്നു. കേരളയാത്രയ്ക്ക് ഇന്ന് തൊടുപുഴ, 13ന് കോട്ടയം, 14ന് പത്തനംതിട്ട, കായംകുളം, 15ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

